18 December 2024, Wednesday
KSFE Galaxy Chits Banner 2

വൈറ്റ് ഹൗസിൽ മോഡിയുടെ പൊള്ളവാക്കുകള്‍

അബ്ദുള്‍ ഗഫൂര്‍
June 24, 2023 4:15 am

പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസ് സന്ദർശനം ആരംഭിക്കുന്നതിന് 45 ദിവസങ്ങൾക്ക് മുമ്പാണ് വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വംശീയ കലാപം ആരംഭിച്ചത്. തന്റെ രാജ്യത്തെ ഒരു സംസ്ഥാനത്ത് നൂറുകണക്കിന് പേർ കൊല്ലപ്പെട്ട ദുരന്തത്തെക്കുറിച്ച് മഹാമൗനം ഉപേക്ഷിക്കുവാൻ തയ്യാറാകാതെയാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. തന്റെ സഹപ്രവർത്തകനായ മന്ത്രിയുടെ വീട് നിന്ന് കത്തിച്ചാമ്പലായപ്പോൾ പോലും അപലപിക്കുന്നുവെന്ന വാക്കുപോലും മോഡിയിൽ നിന്നുണ്ടായില്ല. മണിപ്പൂരിലെ കലാപവും നിരവധി പേരുടെ മരണവും ആയിരക്കണക്കിനാളുകളുടെ ദുരിതസമാനമായ ക്യാമ്പ് ജീവിതവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിനിടെ മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിച്ചതിന് തൊട്ടപ്പുറത്ത് ഒരു പ്രതിഷേധമുണ്ടായിരുന്നു. കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ നടത്തിയ പ്രതിഷേധത്തില്‍ മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിയൂ പ്രധാനമന്ത്രീ എന്നാണ് ആവശ്യപ്പെട്ടത്.
മോഡി യുഎസ് യാത്ര പുറപ്പെട്ടതിനു ശേഷമാണ് അതീഖുർ റഹ്‌മാൻ എന്ന പിഎച്ച്ഡിക്കാരന്റെ അഭിമുഖം ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്. ഉത്തർപ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഫലമായി 32 മാസം ജയിലുകളിൽ കഴിഞ്ഞതിന്റെയും നേരിട്ട പീഡനങ്ങളുടെയും വിവരണങ്ങളായിരുന്നു പ്രസ്തുത അഭിമുഖത്തിലുണ്ടായിരുന്നത്. അതീഖുർ റഹ്മാനൊപ്പമായിരുന്നു മലയാളിയായ പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ 30 മാസത്തോളം ജയിലിൽ കഴിഞ്ഞത്. ആദ്യം യുഎപിഎയും പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ കേസും ജാമ്യം അനുവദിച്ചതിനുശേഷം അസാധാരണമായ വ്യവസ്ഥകൾ നിർദേശിച്ചുമാണ് ഇവരെയൊക്കെ യുപി പൊലീസ് വർഷങ്ങളോളം ജയിലിൽ അടച്ചത്.


ഇതുകൂടി വായിക്കൂ: റബ്ബറിൽ മൗനം പാലിച്ച് നരേന്ദ്രമോഡി


മോഡി യുഎസ് സന്ദർശനത്തിന് പുറപ്പെടും മുമ്പും അവിടെയെത്തിയ ശേഷവുമുണ്ടായ ഈ രണ്ട് സംഭവങ്ങൾ ഓർത്തുവേണം കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ ചോദ്യത്തിനുത്തരമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വാചാടോപം കേൾക്കേണ്ടത്.
മനുഷ്യാവകാശങ്ങളുടെ അഭാവത്തിൽ ഒരു രാജ്യത്തെ ജനാധിപത്യരാജ്യമെന്ന് വിളിക്കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ. മോഡി സർക്കാർ മതന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നുവെന്നും വിമർശകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നിരവധി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചതായി ഒരു മാധ്യമപ്രവർത്തക വാർത്താസമ്മേളനത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും എന്ത് നടപടികളാണ് താങ്കളും സർക്കാരും സ്വീകരിക്കാൻ തയ്യാറുള്ളതെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ നേരിട്ടുള്ള ചോദ്യം. രണ്ട് പേർക്കായിരുന്നു ചോദ്യത്തിനുള്ള അവസരം. ഇന്ത്യക്കാരനായ രണ്ടാമത്തെ മാധ്യമ പ്രവർത്തകൻ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചായിരുന്നു ചോദിച്ചത്.
ജനാധിപത്യത്തിലൂടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ച രാജ്യമാണ് ഇന്ത്യയെന്നും ഒരുകാര്യത്തിലും ജാതിയോ മതമോ ലിംഗമോ പരിഗണിക്കുന്നില്ലെന്നും പ്രധാനമന്ത്രി മറുപടിയില്‍ കൂട്ടിച്ചേർത്തു. രാജ്യത്ത് വിവേചനത്തിന് ഒരുതരത്തിലും ഇടമില്ല. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മാനുഷിക മൂല്യങ്ങളും മനുഷ്യത്വവും ഇല്ലെങ്കിൽ മനുഷ്യാവകാശങ്ങളില്ല, അത് ജനാധിപത്യവുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒരാത്മാർത്ഥതയുമില്ലെന്ന് കേൾക്കുന്നവർക്ക് തോന്നുന്ന വിധത്തിലുള്ള ഉത്തരത്തിൽ അദ്ദേഹം ജനാധിപത്യം ഞങ്ങളുടെ ഞരമ്പിലോടുന്നതാണെന്നും ജനിതക ഗുണമാണെന്നുമൊക്കെ തട്ടിവിട്ടു.


ഇതുകൂടി വായിക്കൂ: മോഡിയും കോടതിയും മണിപ്പൂരിൽ കാത്തുവയ്ക്കുന്നതെന്ത്


ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിന്റെ നൂറുനൂറു വാർത്തകൾ ഓരോ ദിവസവും നിറയുന്ന അന്തരീക്ഷത്തിൽ നിന്ന് വിമാനം കയറിപ്പോയ ഒരു ഭരണാധികാരിയാണ് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നിന്ന് ഈ വാചാടോപം നടത്തിയത്.
കേവലം ഒരു മാധ്യമ പ്രവർത്തകന്റെ മനോമുകുരത്തിൽ ഉടലെടുത്തതായിരുന്നില്ല മോഡിയോടുള്ള ആ ചോദ്യം. ഇന്ത്യക്കാരാകെ ഉന്നയിക്കുന്നതാണ്. മോഡി യുഎസിലെത്തുന്നതിന് മുമ്പ് അവിടെയും പുറത്തുമുള്ള നിരവധി പേർ ഇതേ ചോദ്യം ഉന്നയിച്ചിരുന്നതുമാണ്. ഇന്ത്യയിലെ ജനാധിപത്യ- മനുഷ്യാവകാശ പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന് മോഡി എത്തുന്നതിന് മുമ്പ്, യുഎസ് ജനപ്രതിനിധികൾ കത്തയച്ചിരുന്നു. 70 ജനപ്രതിനിധികളായിരുന്നു കത്തിൽ ഒപ്പിട്ടിരുന്നത്. വ്യാഴാഴ്ച ആറ് ഡെമോക്രാറ്റുകൾ യുഎസ് കോൺഗ്രസിലെ മോഡിയുടെ പ്രസംഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. അലക്സാന്‍ഡ്രിയ ഒകാസിയോ കോർട്ടെസ്, കോറി ബുഷ്, ഇൽഹാൻ ഒമർ, റാഷിദ ത്ലൈബ്, ജമാൽ ബോമാൻ, സമ്മർ ലീ എന്നിവരായിരുന്നു ബഹിഷ്കരിച്ചത്.
മാധ്യമ പ്രവർത്തകരുടെ വിവിധ സംഘടനകൾ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ഉത്ക്കണ്ഠ രേഖപ്പെടുത്തി പുറപ്പെടുവിച്ച പരസ്യ പ്രസ്താവന മോഡി അവകാശപ്പെടുന്ന മനുഷ്യാവകാശ ലംഘനം രാജ്യത്തില്ലെന്ന വസ്തുത തുറന്നുകാട്ടുന്നതാണ്.
വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെങ്കിൽ ഇന്ത്യയെ അകറ്റിനിർത്തണമെന്ന് മോഡിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പാണ് യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ ഒരഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. മോഡി-ബൈഡൻ കൂടിക്കാഴ്ചയിൽ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ ന്യൂനപക്ഷസംരക്ഷണം പരാമർശിക്കണമെന്ന് ഒബാമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും സെനറ്ററുമായ ബേണി സാൻഡേഴ്സും സമാനാഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ഏതായാലും വ്യാഴാഴ്ച മോഡി നടത്തിയ പ്രസംഗത്തിൽ ജനാധിപത്യത്തെ കുറിച്ച് പറഞ്ഞത് വാചാടോപം മാത്രമാണെന്നത് യുഎസിന് തന്നെ ബോധ്യമുള്ളതാണെന്ന് വിവിധ സംഘടനകളുടെയും നേതാക്കളുടെയും ഈ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കൂ: കല്ലുവച്ച നുണ പറഞ്ഞ് യുഎസിലും മോഡി


കൂടാതെ മാർച്ച് 21ന് പുറത്തുവന്ന യുഎസിന്റെ തന്നെ മനുഷ്യാവകാശം സംബന്ധിച്ച ആഗോള റിപ്പോർട്ടിലെ പരാമർശങ്ങൾ ഒന്നുകൂടി വായിക്കുകയും ചെയ്യാം. വ്യാജ ഏറ്റുമുട്ടലുകൾ, പീഡനം, ഏകപക്ഷീയമായ അറസ്റ്റ്, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം നവംബർ 10നാണ് യുഎൻ ഇന്ത്യയുടെ മനുഷ്യാവകാശ റെക്കോഡ് പുറത്തുവിട്ടത്. സാമൂഹിക സംഘടനകൾക്കുമേലുള്ള കർശന നിയന്ത്രണങ്ങൾ, എൻജിഒകളുടെ വിദേശ ധനസഹായ ലൈസൻസ് റദ്ദാക്കൽ, പത്രപ്രവർത്തകർക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള യുഎപിഎയുടെ വ്യാപകമായ ഉപയോഗം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്ന് യുഎൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലമുള്ളപ്പോഴാണ് വൈറ്റ് ഹൗസിൽ ചെന്ന് മോഡി ഈ അവകാശവാദം നടത്തിയത്. ഇത് അമേരിക്കക്കാരുടെ മനസിൽ മോഡിയെക്കുറിച്ചുണ്ടാക്കിയത് പരിഹാസമായിരിക്കും എന്നതിൽ സംശയമില്ല. ആതിഥ്യമര്യാദ കൊണ്ട് അവർ മറിച്ചൊന്നും പറഞ്ഞില്ലെന്നുമാത്രം. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള യുഎസ് ആസ്ഥാനത്തിന്റെ പൂമുഖത്തിൽ നിന്ന് ഇത്തരമൊരു അവകാശവാദം ഉന്നയിക്കണമെങ്കിൽ അപാരമായ തൊലിക്കട്ടിയും ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.