6 May 2024, Monday

നാടിന്റെ ദാഹമകറ്റാൻ മൊയ്തുപ്പഹാജി കുഴിച്ചത് മുപ്പത് കിണറുകൾ

സുരേഷ് എടപ്പാൾ
മലപ്പുറം
February 18, 2024 9:18 pm

കുടിവെള്ള പദ്ധതികൾക്കായി സർക്കാരുകൾ ലക്ഷങ്ങൾ ചെലവിടുമ്പോൾ നാടിന്റെ ദാഹമകറ്റുന്നതിനായി സ്വന്തം സമ്പാദ്യം ഉപയോഗിച്ച് കിണറുകൾ കുഴിക്കുകയാണ് കോട്ടക്കൽ കാവതിക്കളത്തെ വി പി മൊയ്തുപ്പഹാജി. വീടിനടുത്തും ദൂരസ്ഥലങ്ങളിലുമായി മുപ്പത് കിണറുകളും അനുബന്ധമായി ജലവിതരണ പദ്ധതിയുമാണ് ഇദ്ദേഹം സ്വന്തം ചെലവില്‍ നടപ്പാക്കിയത്. പത്തായക്കൽ ഹായത്തുൽ ഇസ്ലാം മദ്രസയുടെ സമീപത്ത് നിർമ്മിച്ച മുപ്പതാമത്തെ കിണർ കഴിഞ്ഞ ദിവസമാണ് നാട്ടുകാർക്ക് സമർപ്പിച്ചത്. നന്മ കുടിവെള്ള പദ്ധതി എന്ന പേരിലാണ് മൊയ്തുപ്പഹാജി തന്റെ സഹായം പാവപ്പെട്ടവർക്ക് ലഭ്യമാക്കുന്നത്. 

കുടിവെള്ളത്തിനായി പ്രയാസപ്പെടുന്നവരെ കുറിച്ചറിഞ്ഞാൽ പിന്നെ മൊയ്തുപ്പഹാജിക്ക് വിശ്രമമില്ല. ഉടൻ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമമാരംഭിക്കുയായി. ഉമ്മയുള്ള കാലത്ത് വീട്ടാവശ്യത്തിനുപോലും വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടിരുന്നു. സമീപത്തുള്ള വീടുകളില്‍ നിന്നും മറ്റുമായി വളരെ കഷ്ടപ്പെട്ടാണ് അവർ വെള്ളം എത്തിച്ചിരുന്നത്. പിന്നീട് വീടുവെക്കുന്ന സമയത്ത് വെള്ളമില്ലാതെ പ്രയാസത്തിലായി. ഏതു പ്രദേശത്തിന്റെയും വീടിന്റെയും അനിവാര്യതയാണ് കിണറും ശുദ്ധജലവും. ഞാനനുഭവിച്ച പ്രയാസങ്ങൾ മറ്റുളളവർക്കുണ്ടാകാതിരിക്കാൻ കഴിയുന്നത് ചെയ്യുന്നു മൊയ്തുപ്പഹാജി പറഞ്ഞു. ദീർഘ കാലം ഖത്തറിലെ ഫിഷറീസ് വകുപ്പിൽ ജോലിക്കാരനായിരുന്ന മൊയ്തുപ്പഹാജി നാട്ടിലെത്തി ചെറിയ കച്ചവടവും കിണറിന് സ്ഥാനം നോക്കലുമൊക്കെ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പലയിടങ്ങളിലും കിണറും കുടിവെള്ളവുമില്ലാത്തവരുടെ ജീവിത പ്രയാസങ്ങൾ കാണുന്നത്. തുടര്‍ന്ന് സാധാരണ കിണറുകളും കുഴൽകിണറുകളും അവർക്കായി സമ്മാനിച്ചു. 

നാട്ടിലും കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തുമൊക്കെയായി ലക്ഷങ്ങൾ ചെലവിട്ടാണ് കിണർ കുഴിച്ചു നൽകിയത്. മുഴുവൻ തുകയും സ്വന്തം അധ്വാനത്തിലൂടെയാണ് കണ്ടെത്തിയത്. നന്മയുടെ പേരിൽ നിർമ്മിച്ച ഓരോ കിണറിൽ നിന്നും ചുരുങ്ങിയത് മുപ്പതിലേറെ കുടുംബങ്ങൾക്കെങ്കിലും അന്നത്തിനുള്ള വെള്ളം ലഭിക്കുന്നുവെന്നത് മാത്രമാണ് മൊയ്തുപ്പയുടെ സന്തോഷം. അത്യാവശ്യകാര്യത്തിനുപോലും ഇറ്റുവെളളം കിട്ടാതെ വിലകൊടുത്തും ദൂരസ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചും കൊണ്ടുവരുന്നവരുടെ വീടുകളിലേക്ക് നന്മയുടെ വെള്ളമെത്തുമ്പോൾ വിട്ടുകാർ അനുഭവിക്കുന്ന സന്തോഷത്തിനു പകരമായി മറ്റൊന്നുമില്ല. പാവപ്പെട്ട സ്ത്രീകളുടേയും കുട്ടികളുടേയും മുഖത്തു വിരിയുന്ന സംതൃപ്തിയുടെ പുഞ്ചിരിയാണ് എന്റെ പ്രതിഫലം മൊയ്തു ഹാജി വ്യക്തമാക്കി. മുപ്പത് കുടിവെളള പദ്ധതികളിൽ നിന്നായി 800 ൽ പരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. 2006 ൽ കോട്ടക്കൽ കോട്ടൂർ ഉണ്യാലുങ്ങലിൽ കിണർ കുഴിച്ച് നാൽപ്പതിലെറെ കുടുബങ്ങൾക്ക് ദാഹജലം സമ്മാനിച്ചായിരുന്നു നന്മ ജീവകാരുണ്യ പ്രവർത്തനത്തിന്റെ തുടക്കം. കുടിവെള്ള ലഭ്യമാക്കുന്ന ദൗത്യത്തിനു പുറമെ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് മൊയ്തുപ്പഹാജി. 

Eng­lish Summary:Moitupapahaji dug thir­ty wells to quench the thirst of the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.