21 June 2024, Friday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുതെന്ന് മന്ത്രി വി ശിവൻകുട്ടി; 10 വാര്‍ത്തകള്‍

Janayugom Webdesk
July 30, 2023 1:04 pm

1. ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ചത്. കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകിയിരുന്നു. 

2. കേരളം അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ആലുവയിൽ ഉണ്ടായത് മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാൻ സാധിക്കാത്തത്. കേരളം കരയുന്നു. ഭാവിയിൽ ഇനി ഇത് മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കർശന നിലപാടിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാർ ലേബർ ഓഫിസിൽ നിന്ന് ലൈസൻസ് എടുത്തിരിക്കണം.

3. മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന ആൻസണ് ഡ്രൈവിംഗ് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ആൻസൻ ലേണേഴ്സ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും ബൈക്കിന് രൂപമാറ്റം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി.

4. തിരുവനന്തപുരം പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. നൗഫിയുടെമൃതദേഹം ആണ്ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇവരുടെ ബദ്ധുവായ അൻസിലും അപകടത്തില്‍പ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹവും കിട്ടി. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

5. പത്തനംതിട്ടയിലെ നൗഷാദ് തിരോധാനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഭാര്യ അഫ്‌സാന ഇന്ന് ജയിൽ മോചിതയാകും. ഭർത്താവിനെ താൻ കൊന്ന് കുഴിച്ചുമൂടി എന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അഫ്‌സാനയെ അറസ്റ്റ് ചെയ്‌തിരുന്നത്‌. എന്നാൽ, കാണാതായ നൗഷാദിനെ തൊടുപുഴയിൽ വച്ച് കണ്ടെത്തുകയും ഭാര്യയെ ഭയന്നാണ് താൻ ഒളിവിൽ പോയതെന്ന് നൗഷാദ് വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.

6. കോഴിക്കോട് യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറമേരി പഞ്ചായത്ത് രണ്ടാം വാർഡിലെ കക്കം വെള്ളിരയരോത്ത് സിദ്ധാർത്ഥ് ബാബു(31) നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് കാണാതായ സിദ്ധാർത്ഥിനെ ബന്ധുക്കളും, നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വീട്ടിൽ നിന്ന് അഞ്ഞൂറ് മീറ്റർ അകലെയുള്ള സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

7. വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പി.എസ്.എൽ.വി സി56 വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ. ഏഴ് വിദേശ ഉപഗ്രഹങ്ങളുമായാണ് ഇസ്രോയുടെ റോക്കറ്റ് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ്‍ സെന്ററിൽ നിന്നും ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി.എസ്-എസ്.എ.ആർ ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് ഇസ്രോ വിക്ഷേപിച്ചത്. സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് പി.എസ്.എൽ.വി-സി.56 ഭ്രമണപഥത്തിലെത്തിക്കുന്നത്. 

8. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനികനെ കാണാനില്ലെന്ന് പരാതി. അചതൽ സ്വദേശി ജാവേദ് അഹമ്മദ് വാനിയെ (25)യാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. സൈനികനെ കണ്ടെത്താൻ സുരക്ഷാ സേനയും പൊലീസും തെരച്ചിൽ ആരംഭിച്ചു. ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ പെട്ട റൈഫിൾമാൻ ജാവേദ് അഹമ്മദ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയിരുന്നു. 

9. ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ വീഴ്ചയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് പൊലീസ്. പരാതി ലഭിച്ചത് മുതൽ ഊർജിതമായ അന്വേഷണം നടത്തിയെന്ന് പൊലീസ് പറയുന്നു. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനാവാത്തതിൽ മറ്റു മനുഷ്യരെ പോലെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും വേദനയാണ് എന്നും പൊലീസ് വിശദീകരിച്ചു. കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ച് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൻ്റെ കമൻ്റ് ബോക്സിലാണ് പൊലീസ് വിശദീകരണം നല്‍കിയത്.

10. തായ് ലാന്‍ഡില്‍ പടക്ക സംഭരണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. തായ് ലാന്‍ഡിലെ തെക്കൻ പ്രവിശ്യയായ നാരാതിവാട്ടിലെ സുംഗൈ കോലോക്കിലാണ് സ്‌ഫോടനമുണ്ടായത്. 118 പേര്‍ക്ക് പരിക്കേറ്റതായും 200 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.