വായ്പ തരപ്പെടുത്തി കൊടുത്ത ശേഷം പണം തട്ടിയെടുക്കുന്ന സംഘം ഗ്രാമീണ മേഖലയിൽ പിടിമുറുക്കുന്നു. സാമ്പത്തിക ബാധ്യത മൂലം ദുരിതം നേടുന്നവരെയാണ് സംഘം പരസ്യപ്രചാരണം നൽകി കണ്ടെത്തുന്നത്. വിശ്വസനീയമായ പെരുമാറ്റവും ഇടപെടലും കാരണം ഇവരുടെ കെണിയിലകപ്പെടുന്നവർ അനേകർ. ഇര വീണാൽ ഇവരുടെ ചെക്കും രേഖകളും കൈക്കലാക്കിക്കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ തീരുമാനിക്കുന്നത് തട്ടിപ്പു സംഘം. ഉന്നത സ്വാധീനവും ഇവരുടെ ഭീഷണികളും കാരണം ചതിയിൽപ്പെട്ടവർ പരാതിപറയാൻ മടിക്കുന്നു. സംഘത്തിന്റെ വലയിലകപ്പെട്ടു ദുരിതമനുഭവിക്കുന്ന പോൾ സാമുവൽ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പു സംഘത്തെ കുറിച്ചു പുറംലോകം അറിയുന്നത്.
മകളുടെ വിവാഹ ആവശ്യത്തിന് പണത്തിനായി അലഞ്ഞ വീരണകാവ് സ്വദേശി പോൾ സാമുവൽ ഏഴരലക്ഷം രൂപ വായ്പയെടുത്തപ്പോൾ ഈ ഗൃഹനാഥനിൽ നിന്നും സംഘം തട്ടിയെടുത്തത് നാലര ലക്ഷം രൂപയാണ്. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയതോടെ പൊലീസിലും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഈ നിർധന കുടുംബം.
വായ്പ തരപ്പെടുത്തി കുടിശിക തീർത്തു തരാം എന്ന് പറഞ്ഞവർ പണം കൈക്കലാക്കിയ ശേഷം ഇപ്പോൾ വീട് പ്രമാണം ചെയ്തു എടുക്കുമെന്നും കൂടുതൽ തുക നൽകണമെന്നും ആവശ്യപ്പെട്ട് ഗുണ്ടകളെ ഉപയോഗിച്ചും നേരിട്ടും ഭീഷണി മുഴക്കുന്നുവെന്നാണ് പരാതി. തലസ്ഥാന നഗരിയിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ പണമാണ് വാങ്ങി നൽകിയത് എന്നും അവർ ഇറങ്ങിയാൽ വീട്ടിൽ കിടന്നുറങ്ങില്ല എന്ന് സംഘം ഭീഷണിപ്പെടുത്തുന്നതായി പോൾ സാമുവേൽ നൽകിയ പരാതിയിൽ പറയുന്നു.
വനിതാ വികസന കോർപറേഷനിൽ നിന്നും 2014ൽ മകളുടെ വിവാഹത്തിനാണ് വായ്പ എടുത്തത്. വായ്പ കുടിശികയായി. കോവിഡ് പ്രതിസന്ധി സ്ഥിതി ഗുരുതരമാക്കി. ഇളയമകൾക്ക് വിവാഹാലോചന വരികയും ഇതിന്റെ ആവശ്യത്തിനു എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിൽ ഇരിക്കെയാണ് വായ്പ കുടിശിക തീർത്ത് പുതിയ വായ്പ തരപ്പെടുത്തി നൽകാം എന്ന പരസ്യം കണ്ട് കൺസട്ടൻസിയെ സമീപിച്ചത്. 2021 ൽ തിരുവനന്തപുരം ഉപ്പളത്തെ കോൺഗ്രസ് നേതാവുമായിരുന്ന ആളുടെ മകന്റെ സ്വകാര്യ കൺസൾട്ടൻസിയാണ് പരസ്യം നൽകിയതും പോൾ സാമുവൽ ഇവരെ സമീപിച്ചു ഒടുവിൽ കുരുക്കിലായതും. കൺസൾട്ടൻസിയിൽ എത്തിയ സാമുവലിനോട് അറിയിപ്പ് നൽകുമ്പോൾ ആവശ്യമായ രേഖകളുമായി വന്നാൽ മതി എന്നുപറഞ്ഞു മടക്കി അയച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ വിളിക്കുകയും വായ്‌പ തരപ്പെടുത്തി നിലവിലെ ബാധ്യതയും കുടിശികയും തീർക്കാൻ നടപടി സ്വീകരിക്കാമെന്ന വിവരം അറിയിച്ചു. ഇതനുസരിച്ചു ഇവർ പറഞ്ഞ രേഖകളെല്ലാം നൽകി. എന്നാൽ രണ്ടുമാസം കഴിഞ്ഞെങ്കിലും വായ്‌പ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പേടിക്കണ്ട കാര്യമില്ല വായ്പ ഉടൻ തരപ്പെടുത്തി നല്‍കുമെന്ന ഉറപ്പ് നൽകി. തുടർന്ന് വായ്പ തുക ലഭിക്കുമ്പോൾ തിരികെ തന്നാൽ മതിയെന്നു പറഞ്ഞ് കൺസൾട്ടൻസി ഉടമതന്നെ ഇവർക്ക് ഏഴ് ലക്ഷം രൂപ നൽകുകയും ചെയ്തശേഷം കെഎസ്എഫ്ഇ, ഇസാഫ് ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഇവരെ കൊണ്ട് അക്കൗണ്ടും തുറപ്പിക്കുകയും ഇവിടങ്ങളിൽ ചിട്ടി തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ ആര്യനാട് കെഎസ്എഫ്ഇയിൽ ഒരു ചിട്ടി കിട്ടുകയും അടുത്ത ചിട്ടിയിൽ നിന്നും വായ്പ പാസാക്കുകയും ചെയ്തു. ഈ തുക പോൾ സാമുവലിന്റെ അക്കൗണ്ടിൽ വരികയും ചെയ്തു. എന്നാൽ തന്ത്രപമായി ഇവരിൽ നിന്നും മുൻകൂർ വാങ്ങിയിരുന്ന ചെക്ക് ഉപയോഗിച്ച് ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും കൺസൾട്ടൻസി പിൻവലിക്കുകയും ചെയ്തവെന്നാണ് പോൾ സാമുവൽ പറയുന്നത്. ഇപ്പോൾ വസ്തുവിന്റെ പ്രമാണവും രേഖകളും തിരികെ ലഭിക്കണമെങ്കിൽ കൺസൾട്ടൻസി തട്ടിയെടുത്ത പത്ത് ലക്ഷം രൂപക്കു പുറമേ കൂടുതൽ തുക നൽകണമെന്നാണ് കൺസൾട്ടൻസിക്കാർ ആവശ്യപ്പെടുന്നത്. ഇതിനിടയിൽ ഇവരിൽ നിന്നും വാങ്ങിയ ഗ്യാരണ്ടി ചെക്ക് മലപ്പുറത്തുള്ള ഒരാൾക്ക് പണം നൽകാനുണ്ടെന്ന പേരിൽ, പോൾ സാമുവലിന്റെയും ഭാര്യയുടെയും പേരിൽ നിയമനടപടികൾക്കും തട്ടിപ്പു സംഘങ്ങൾ ശ്രമിക്കുകയും വീടുകയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന തങ്ങൾക്ക് നീതി നടപ്പാക്കി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പോൾ സാമുവേലും കുടുംബവും കണ്ണീരോടെ പറയുന്നു.
English Summary: money laundering gang is active
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.