20 May 2024, Monday

നീക്കം ഏകാധിപത്യത്തിലേക്ക്

അബ്ദുൾ ഗഫൂർ
തെരഞ്ഞെടുപ്പ് പരിഷ്കരണം-2
March 8, 2024 4:45 am

സ്റ്റ് പാസ്റ്റ്-ദി-പോസ്റ്റ്-സിസ്റ്റം (എഫ്‌പിടിപി) മാറ്റണമെന്നും ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നുമുള്ള വിഷയം ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. സൈദ്ധാന്തികമായി പ്രാധാന്യമുള്ളതാണെങ്കിലും എഫ്‌പിടിപി രീതി കൂടുതല്‍ സ്ഥിരതയുള്ളതാണെന്ന നിലപാടായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനും നിയമ കമ്മിഷനും സ്വീകരിച്ചത്. കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യത സ്വീകരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍, ചെയർമാന്‍ എന്നിവര്‍ക്ക് പകരം രാഷ്ട്രപതിയിലോ ഗവർണറിലോ നിക്ഷിപ്തമാക്കുന്ന ഭേദഗതി നിയമ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതിയും ഗവര്‍ണറും തെരഞ്ഞെടുപ്പ് കമ്മിഷന് അനുരോധമായി പ്രവര്‍ത്തിക്കുമെന്നും സ്പീക്കറുടെ ഓഫിസിന്റെ സമഗ്രത സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നുമായിരുന്നു ഇതിനുള്ള ന്യായീകരണം. സ്പീക്കർമാർ ഭരണകക്ഷികളിൽ നിന്നുള്ളവരാകുമെന്നതിനാല്‍ പക്ഷപാതപരമായി പ്രവർത്തിക്കുന്നു എന്ന ആശങ്കയും തങ്ങളുടെ വാദത്തെ ശരിവയ്ക്കുന്നതിന് നിയമ കമ്മിഷന്‍ ഉന്നയിക്കുന്നു. എല്ലാ അംഗങ്ങൾക്കും തുല്യമായ ഭരണഘടനാപരമായ പരിരക്ഷ നൽകി തെരഞ്ഞെടുപ്പ് കമ്മിഷനെ ശക്തിപ്പെടുത്തുക, കമ്മിഷണർമാരുടെ നിയമനത്തിന് പ്രത്യേക സംവിധാനമുണ്ടാക്കുക, കമ്മിഷനുവേണ്ടി സ്ഥിരവും സ്വതന്ത്രവുമായ ഒരു സെക്രട്ടേറിയറ്റ് സൃഷ്ടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നിയമ കമ്മിഷന്‍ മുന്നോട്ടുവച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന നിര്‍ദേശം ഒരുഘട്ടത്തില്‍ നിയമകമ്മിഷന്‍ മുന്നോട്ടുവച്ചിരുന്നു. വോട്ടർമാരുടെ ആശയക്കുഴപ്പം വർധിപ്പിക്കുന്നു, ഡമ്മി സ്ഥാനാർത്ഥികളെ നിര്‍ത്താന്‍ സാധിക്കുന്നു തുടങ്ങിയ കാരണങ്ങളാല്‍ സ്വതന്ത്രരെ നിയന്ത്രിക്കണമെന്നും ഇതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അനുവദിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥ ജനപ്രാതിനിധ്യ നിയമത്തില്‍ കൊണ്ടുവരണമെന്നായിരുന്നു പ്രസ്തുത നിര്‍ദേശം.


ഇതുകൂടി വായിക്കൂ: പുതുജീവിതത്തിന് മതം വേണ്ട


ഈ വിധത്തില്‍ ഉപരിതലസ്പര്‍ശിയായ പരിഷ്കരണ നിര്‍ദേശങ്ങളാണ് പല സമിതികളില്‍ നിന്നുമുണ്ടായത്. എന്നാല്‍ പണാധിപത്യവും കൈക്കരുത്തും പ്രലോഭനങ്ങളും കോഴയും, വോട്ടിങ് യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ ക്രമക്കേടുകള്‍ക്കുള്ള സാധ്യത വര്‍ധിച്ചതും തുടങ്ങി ഘട്ടംഘട്ടമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിച്ച ജീര്‍ണതകള്‍ പരിഹരിക്കുന്നതിനോ രാജ്യത്തെ സമ്മതിദായകരുടെ യഥാര്‍ത്ഥ അഭിപ്രായം സ്വീകരിക്കപ്പെടുന്നതിനോ ഉള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. എന്നുമാത്രമല്ല, അവ അധികാരത്തിന്റെ തണലില്‍ കൂടുതല്‍ രൂഢമൂലമാകുന്നതാണ് കാഴ്ച. തെരഞ്ഞെടുപ്പ് പരിഷ്കരണമെന്ന ആശയം മുന്‍കാല ഭരണാധികാരികളില്‍ നിന്നും നേതാക്കളില്‍ നിന്നുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അധികാരത്തിലെത്തിയതോടെ പരിഷ്കരണമെന്നാല്‍ ഏകാധിപത്യ‑ഏകകക്ഷി ഭരണ സ്ഥാപനത്തിനുള്ള ചിന്തകളായാണ് രൂപപ്പെട്ടത്. അതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം.
2014ല്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ ഒരു രാഷ്ട്രമെന്ന സംജ്ഞയെ കൂട്ടിച്ചേര്‍ത്ത് നിരവധി വാദങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഒരു രാഷ്ട്രം ഒരു നികുതി, ഒരേ വ്യക്തിനിയമം, ഒരേ ഭാഷ തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു. ഇതില്‍പ്പെട്ട മറ്റൊന്നാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത്. അവയെല്ലാം ബിജെപിയുടെ അധികാരാര്‍ത്തിയും പ്രതിലോമതയും സ്വേച്ഛാധിപത്യ വാഞ്ഛയും ഉള്‍ച്ചേര്‍ന്നു കിടക്കുന്നവയാണ്. അതില്‍ നടപ്പിലാക്കിയ ഒന്നാണ് ഒരു രാഷ്ട്രം ഒരു നികുതി അഥവാ ചരക്കു സേവന നികുതി. നടപ്പിലാക്കിയതുമുതല്‍ അതിന്റെ ദുരിതങ്ങള്‍ ജനങ്ങളും സംസ്ഥാന സര്‍ക്കാരുകളും അനുഭവിക്കുകയാണ്.


ഇതുകൂടി വായിക്കൂ: നിയമവാഴ്ചയും ഭീകരവിരുദ്ധ നടപടികളും


മുന്നൊരുക്കങ്ങളോ ആവശ്യത്തിന് കൂടിയാലോചനകളോ ഇല്ലാതെ ധൃതിപിടിച്ചു നടപ്പിലാക്കിയതിന്റെ പോരായ്മകള്‍ അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കാനായിട്ടില്ല. നികുതി നിര്‍ണയത്തിലുണ്ടായ അപാകതകള്‍ കാരണം പല സാധനങ്ങളുടെയും വില വര്‍ധിച്ചു. നികുതി വരുമാനം കേന്ദ്രത്തില്‍ കുന്നുകൂടുകയും സംസ്ഥാന വിഹിതം കുറയുകയും യഥാസമയം ലഭ്യമല്ലാതാകുകയും ചെയ്തതോടെ സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലുമായി. ഫലത്തില്‍ നികുതി കേന്ദ്രീകരണം യൂണിയന്‍ സര്‍ക്കാരിലേക്ക് മാറ്റിയ സ്ഥിതിയാണ് ഇതിലൂടെ സംജാതമായത്.
വ്യക്തിനിയമം, ഭാഷ എന്നിവയുടെ കാര്യത്തിലും സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയവും ആശയപരമായ ദുഷ്ടലാക്കും തന്നെയാണ് ഒളിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ മൂര്‍ത്തരൂപമായാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അവതരിപ്പിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയ ഉടന്‍തന്നെ ഇതിനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി 2015ല്‍ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെയും നിതി ആയോഗിന്റെയും റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിന് ചില നിയമസഭകളുടെ കാലാവധി നീട്ടുകയോ ചിലതിന്റേത് ചുരുക്കുകയോ ചെയ്യുക എന്ന നിര്‍ദേശമായിരുന്നു അതിലൊന്ന്. സംസ്ഥാന നിയമസഭകളുടെ കാര്യത്തില്‍ കാലാവധിയുടെ ഭൂരിഭാഗം പിന്നിട്ടതിനു ശേഷം പിരിച്ചുവിടൽ നടക്കുകയാണെങ്കിൽ, ശേഷിക്കുന്ന കാലയളവിൽ സംസ്ഥാനഭരണച്ചുമതല ഗവർണർക്ക് നല്‍കാമെന്ന നിര്‍ദേശവുമുണ്ടായി. അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ തന്നെ പുതിയ സഭാ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയവും നൽകണമെന്നും നിയമ കമ്മിഷന്റെ നിര്‍ദേശവുമുണ്ടായി.


ഇതുകൂടി വായിക്കൂ: മോഡി ഭയക്കുന്ന 20 മാസങ്ങള്‍


ഇതെല്ലാംതന്നെ, പരിമിതികളുണ്ടെങ്കിലും നിലവിലുള്ള ജനാധിപത്യ പ്രക്രിയകളില്‍ സമ്മതിദായകര്‍ക്കുള്ള പരമാധികാരം ഇല്ലാതാക്കുന്നതും എക്സിക്യൂട്ടീവിന്റെ കയ്യില്‍ ഭരണമെത്തിക്കുവാനും അതിലൂടെ സംസ്ഥാന ഭരണത്തില്‍ കേന്ദ്ര ഇടപെടല്‍ ശക്തമാക്കാനുമുള്ളതാണെന്ന അഭിപ്രായമാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മുന്നോട്ടുവച്ചത്. മാത്രവുമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള നിർദേശം ഫെഡറൽ തത്വങ്ങളുടെ ലംഘനവും സംസ്ഥാന അവകാശങ്ങളെ നിരാകരിക്കലാണെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നു. ഈ നിർദേശങ്ങളെല്ലാം ഗവർണറുടെയും കേന്ദ്ര ഇടപെടലിന്റെയും സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാലും തങ്ങളുടെ ആശയത്തെ ബിജെപി ഇടയ്ക്കിടെ ചര്‍ച്ചാ വിഷയമാക്കുകയും ചില നടപടികളിലേക്ക് പോകുകയും ചെയ്തു. ആ ഘട്ടങ്ങളിലും അതിനെതിരെ ശക്തമായ അഭിപ്രായങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളും വിദഗ്ധരും മുന്നോട്ടുവച്ചത്.
നിയമ കമ്മിഷന്‍ അവതരിപ്പിച്ച നിര്‍ദേശങ്ങളില്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായ സമാഹരണവും ഭരണകൂടം നടത്തിയിരുന്നു. 26 പാർട്ടികൾ രേഖാമൂലമുള്ള പ്രതികരണങ്ങൾ സമർപ്പിച്ചതില്‍, 13 പാർട്ടികൾ നീക്കത്തെ പൂർണമായി എതിർത്തു. മൂന്ന് കക്ഷികൾ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. സിപിഐ ഉൾപ്പെടെ നാല് ദേശീയ രാഷ്ട്രീയ പാർട്ടികൾ നിർദേശത്തെ എതിർത്തപ്പോൾ ഒരു ദേശീയ കക്ഷി മാത്രമാണ് നിർദേശത്തെ പിന്തുണച്ചത്. സമവായമുണ്ടാക്കുന്നതിനായി വീണ്ടും കൂടിയാലോചനകൾ നടത്തിയപ്പോൾ, 10 രാഷ്ട്രീയ പാർട്ടികൾ നീക്കത്തെ എതിർക്കുകയും അഭിപ്രായം രേഖപ്പെടുത്തിയ 21 പാർട്ടികളിൽ ഒരു കക്ഷി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വീണ്ടും, സിപിഐ ഉൾപ്പെടെ മൂന്ന് ദേശീയ രാഷ്ട്രീയ പാർട്ടികൾ നിർദേശത്തെ എതിർത്തപ്പോള്‍ ഒരു ദേശീയ പാർട്ടി മാത്രമാണ് പിന്തുണച്ചത്. ഇതെല്ലാം ഈ വിഷയത്തിൽ അഭിപ്രായ സമന്വയമില്ലെന്നാണ് വ്യക്തമാക്കുന്നത്.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.