26 April 2024, Friday

എംപിഇഡിഎ ആസ്ഥാനം ആന്ധ്രയിലേക്കു മാറ്റുന്നു

ബേബി ആലുവ
കൊച്ചി
February 12, 2022 10:24 pm

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിട്ടി (എംപിഇഡിഎ) ആസ്ഥാനം കൊച്ചിയിൽ നിന്ന് ആന്ധ്രയിലേക്ക് മാറ്റാന്‍ ഉന്നതതലത്തില്‍ നീക്കം ആരംഭിച്ചു. വനാമി ചെമ്മീന്‍ കയറ്റുമതിയില്‍ അടുത്ത കാലത്ത് ആന്ധ്ര നേടിയ മികവിന്റെ പേരുപറഞ്ഞ് ബിജെപിയിലെ ആന്ധ്രലോബിയാണ് നീക്കങ്ങള്‍ക്കു പിന്നില്‍.

കൊച്ചിയിൽ 1972‑ൽ പ്രവർത്തനമാരംഭിച്ചതാണ് വാണിജ്യ വകുപ്പിനു കീഴിലുള്ള എംപിഇഡിഎ. രാജ്യത്തു നിന്നു കയറ്റി അയയ്ക്കുന്ന സമുദ്രോല്പന്നങ്ങളിൽ ഗണ്യമായ പങ്ക് കേരളത്തിന്റേതാണ് എന്നതും കൊച്ചി തുറമുഖത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും കണക്കിലെടുത്താണ് ഈ സ്ഥാപനം കേന്ദ്ര സർക്കാർ കൊച്ചിയിൽ സ്ഥാപിച്ചത്.

സമുദ്ര മത്സ്യ മേഖലയുടെ ഗവേഷണം, വിപണനം, വ്യവസായത്തിന്റെ വിവിധ വിഭാഗങ്ങളിൽ പരിശീലനം, വിപുലീകരണം തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന, കേന്ദ്ര ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളും കൊച്ചിയിലുണ്ട്. അക്കാരണത്താൽ, അവയുടെയും എംപിഇഡിഎയുടെയും പ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടുള്ളതും സഹായകവുമാണ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തുടങ്ങിയവയാണ് ആ സ്ഥാപനങ്ങൾ.

കയറ്റുമതിക്കു പുറമെ, സമുദ്ര മത്സ്യസമ്പത്തുമായി ബന്ധപ്പെട്ട് കേന്ദ്ര‑സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഏകോപന ഏജൻസിയായും എംപിഇഡിഎ പ്രവർത്തിക്കുന്നുണ്ട്. അതോറിട്ടിയുടെ ജലകൃഷി വിഭാഗം തുടർച്ചയായി ആ വിഷയത്തിൽ പ്രദർശനകൃഷി നടത്തുകയും അതിൽ ആകൃഷ്ടരായ അനേകം കൃഷിക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലകൃഷി ഫാമുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

കേരളത്തോടുള്ള മോഡി സർക്കാരിന്റെ പകപോക്കലിന്റെ മറ്റൊരു ഉദാഹരണമാണ് എംപിഇഡിഎ ആസ്ഥാനമാറ്റമെന്ന് ഓൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജനറല്‍ സെക്രട്ടറി പി രാജു പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി മത്സ്യോല്പാദനം നടക്കുന്നതും കയറ്റി അയയ്ക്കുന്നതും കേരളത്തിൽ നിന്ന് ആയതിനാൽ കേന്ദ്രത്തിന്റെ ഉദ്ദേശ്യം സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും നീക്കത്തിൽ നിന്നു പിന്മാറണമെന്നും ഹൈബി ഈഡൻ എംപി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: MPEDA shifts head­quar­ters to Andhra Pradesh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.