27 May 2024, Monday

നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന മത യാഥാസ്ഥിതികത്വം

Janayugom Webdesk
April 11, 2024 5:00 am

കേരളത്തിന്റെ മതനിരപേക്ഷ സാമൂഹിക നവോത്ഥാന പാരമ്പര്യത്തെയും മത, സാമുദായിക മൈത്രിയെയും തകർക്കാൻ തീവ്രഹിന്ദുത്വ ശക്തികളുടെ പിന്തുണയോടെ നിർമ്മിച്ചു പ്രചരിപ്പിച്ചുവരുന്ന ‘കേരള സ്റ്റോറി’ എന്ന ചലച്ചിത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് യാഥാസ്ഥിതിക ശക്തികൾ പ്രചരണായുധമാക്കി മാറ്റിയിരിക്കുന്നു. 2023ൽ ബോക്സ്ഓഫിസിൽ നേട്ടമുണ്ടാക്കിയ ചിത്രം കേരളമടക്കം ദക്ഷിണേന്ത്യയിൽ വൻ പരാജയമായിരുന്നു എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. സംഘ്പരിവാർ ശക്തികളുടെ പ്രചാരണത്തിന്റെയും നികുതിയിളവുകളോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്തിയ പ്രദർശനങ്ങളുടെയും സംഘ്പരിവാർ സംഘടനകൾ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യത്തോടെ ഹിന്ദി ഹൃദയഭൂമിയിൽ സംഘടിപ്പിച്ച സൗജന്യ പ്രദർശനങ്ങളുടെയും ഫലമായാണ് പ്രശസ്ത ചലച്ചിത്ര നിരൂപകരും മാധ്യമങ്ങളും വ്യാപകമായി, ‘ഫോർവേഡ്’ ചെയ്യപ്പെട്ട ഒരു വാട്സ്ആപ് സന്ദേശത്തിനു സമാനമെന്ന്, എഴുതിത്തള്ളിയ ചിത്രത്തിന് സാമ്പത്തികനേട്ടം കൈവരിക്കാനായത്. കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വ്യാപകമായി ‘ലൗ ജിഹാദി‘ലൂടെ വ്യാമോഹിപ്പിച്ച് തട്ടിയെടുത്ത് മതപരിവർത്തനം നടത്തി ഭീകര സംഘടനയായ ‘ഇസ്ലാമിക് സ്റ്റേറ്റിൽ’ എത്തിക്കുന്നുവെന്നും അവരുടെ ജീവിതം അഫ്ഗാനിസ്ഥാനടക്കം ഇസ്ലാമിക രാഷ്ട്രങ്ങളിലെ മനുഷ്യത്വഹീനമായ ജയിലുകളിൽ ഹോമിക്കപ്പെടുന്നു എന്നുമുള്ള ആഖ്യാനമാണ് ചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. കേരളത്തെക്കുറിച്ചും സംസ്ഥാനം കൈവരിച്ച സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തെക്കുറിച്ചും വേണ്ടത്ര ധാരണയില്ലാത്ത ഉത്തരേന്ത്യൻ കാണികളിൽ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമായ ഈ വ്യാഖ്യാനത്തിന് ഒട്ടൊക്കെ സ്വീകാര്യത ലഭിച്ചേക്കാം. അതുതന്നെയാണ് അതിന്റെ നിർമ്മാതാക്കളുടെയും പ്രചാരകരുടെയും ലക്ഷ്യവും. കേരളവും ദക്ഷിണേന്ത്യയും തിരസ്കരിച്ച ചിത്രത്തെ ദൂരദർശനിലൂടെ ജനങ്ങളിലെത്തിക്കാൻ മോഡി സർക്കാർ നടത്തിയ ശ്രമവും വിജയിക്കുകയുണ്ടായില്ല. അവിടെയാണ് രാജ്യത്തെ നിയമവാഴ്ചയെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് പുതുതലമുറയുടെ മനസിനെയും ചേതനയെയും വിഷലിപ്തമാക്കാനുള്ള ശ്രമം യാഥാസ്ഥിതിക സാമുദായിക ശക്തികൾ ഏറ്റെടുത്തിരിക്കുന്നത്. 


ഇതുകൂടി വായിക്കൂ: സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുക, മുന്നോട്ട് നയിക്കുക


വിവാദ ചിത്രത്തിലെ വസ്തുതകൾ പലതും അടിസ്ഥാനരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് അതിന്റെ ടീസർ അടക്കം പ്രചാരണ സാമഗ്രികൾ പിൻവലിക്കാനും ചിത്രത്തിലെ പരാമർശങ്ങൾ സങ്കല്പികമാണെന്ന അറിയിപ്പുകൾ ഉൾപ്പെടുത്താനും നിർമ്മാതാക്കൾ നിർബന്ധിതരായി. തീവ്ര ഹിന്ദുത്വവാദത്തിന്റെ ചെലവിൽ പണമുണ്ടാക്കാനുള്ള കുത്സിതബുദ്ധി മാത്രമാണ് ഇത്തരം സംരംഭങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ചേതോവികാരം. ഹിന്ദുത്വ തീവ്രവാദത്തിന്റെയും കപട ദേശീയതയുടെയും ചെലവിൽ ലാഭംകൊയ്യാൻ ചലച്ചിത്രമേഖലയിൽ വ്യാപക തോതിലാണ് മോഡിസർക്കാരിന്റെ ഒത്താശയോടെ ശ്രമങ്ങൾ നടന്നുവരുന്നതെന്ന് സമീപകാല റിലീസുകളുടെ പട്ടിക സാക്ഷ്യപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിൽ വേണം ഏപ്രിൽ നാലാം തീയതി കത്തോലിക്കാ സഭയുടെ ഇടുക്കി രൂപതയിൽ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്കായുള്ള വേദപഠന ക്യാമ്പിൽ നടന്ന കേരളാ സ്റ്റോറിയുടെ പ്രദർശനം വിലയിരുത്തപ്പെടാൻ. കുട്ടികളെ ‘ലൗ ജിഹാദ്‘പോലെയുള്ള അപകടങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാനാണ് പ്രദർശനം സംഘടിപ്പിച്ചതെന്നാണ് ബന്ധപ്പെട്ട സഭാ അധികൃതരുടെ വ്യാഖ്യാനം. ലൗ ജിഹാദ്, കേരളാ സ്റ്റോറി എന്നിവ മുന്നോട്ടുവയ്ക്കുന്ന ആഖ്യാനം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന രാജ്യത്തെ പരമോന്നത കോടതിയുടെ കണ്ടെത്തലും ഇത് സംബന്ധിച്ച് പാർലമെന്റിൽ സർക്കാർ നടത്തിയ പ്രസ്താവനയും അവഗണിച്ചുകൊണ്ടാണ് പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുമുന്നിൽ പ്രദർശനം സംഘടിപ്പിച്ചത്. മാത്രമല്ല അതുവഴി നടന്ന ഗുരുതരമായ നിയമലംഘനം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങൾപോലും ഗൗരവത്തോടെ കണക്കിലെടുത്തില്ലെന്നത് ഖേദകരമാണ്. കേരളാ സ്റ്റോറിക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയിട്ടുള്ളത് ‘എ’ സർട്ടിഫിക്കറ്റാണ്. അത് പ്രായപൂർത്തിയാവാത്ത, 18 വയസ് തികയാത്ത, കുട്ടികൾക്കുമുമ്പിൽ അവതരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇടുക്കിയിൽ നടന്ന ഈ നിയമലംഘനവും മറ്റു പലയിടത്തും അത് ആവർത്തിക്കുമെന്ന അറിയിപ്പുകളും നിയമപാലകരും ബാലാവകാശ കമ്മിഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ നോക്കികാണുമെന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നു. 


ഇതുകൂടി വായിക്കൂ:പത്തുരൂപാ നോട്ട് 


മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലുള്ള അശാന്തിയും ഹിംസയും ഭീകരപ്രവർത്തനങ്ങളും കൂട്ടക്കൊലകളും യുദ്ധങ്ങളും മനുഷ്യരാശിയുടെ ചരിത്രത്തിലെ മറക്കാനോ മായ്ക്കാനോ കഴിയാത്ത ചരിത്ര യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെയാണ് മതങ്ങളെയും വിശ്വാസങ്ങളെയും സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്ന രാഷ്ട്ര, ഭരണ സംവിധാനങ്ങളിൽനിന്നും വേർപെടുത്തുന്ന മതനിരപേക്ഷത ആധുനിക സമൂഹങ്ങളുടെ അടിസ്ഥാനമായി അംഗീകരിക്കാൻ മനുഷ്യൻ നിർബന്ധിതമായത്. വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും സംസ്കാരങ്ങളും ജീവിതരീതികളും പിന്തുടരുന്ന ജനസമൂഹങ്ങളിൽ സമാധാനവും മൈത്രിയും പുലരണമെങ്കിൽ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മതനിരപേക്ഷത നിലനിൽക്കുകയും സംരക്ഷിക്കപ്പെടുകയും വേണം. അതിനു വിഘാതം സൃഷ്ടിക്കുന്ന യാതൊന്നിനും പരിഷ്കൃത സമൂഹങ്ങളിൽ ഇടമില്ലെന്ന് സമൂഹം ഒറ്റക്കെട്ടായി ഉറപ്പുവരുത്തണം. സാമൂഹിക ഐക്യവും മൈത്രിയും തകർക്കാൻ ശ്രമിക്കുന്ന ശക്തികളോട് ഭരണകൂടവും നിയമപാലന സംവിധാനങ്ങളും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.