25 May 2024, Saturday

ചര്‍ച്ചയാകേണ്ടത് മതമല്ല ; പട്ടിണിയും തൊഴിലും

Janayugom Webdesk
April 13, 2024 5:00 am

രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ അവസാനപടവിലാണ്. 18-ാം ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഹിന്ദുത്വശക്തികള്‍ മൂന്നാമൂഴം പ്രതീക്ഷിക്കുമ്പോള്‍, വിഭജനശക്തികളെ പുറന്തള്ളി രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ഏതു തെരഞ്ഞെടുപ്പിലും ഭരണം നടത്തുന്നവര്‍ തങ്ങളുടെ മേന്മയും നടപ്പാക്കിയ പദ്ധതികളും കൊട്ടിഘോഷിക്കുകയും പ്രതിപക്ഷം അതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുകയെന്നത് കീഴ്‌വഴക്കമാണ്. എന്നാല്‍ 10 വര്‍ഷം ഭരണത്തിലിരുന്ന നരേന്ദ്ര മോഡിയും സംഘവും അവരുടെ ഭരണത്തെക്കുറിച്ച് പറയുന്നതിനുപകരം മുന്‍ സര്‍ക്കാരുകളുടെ പോരായ്മയാണ് ഇപ്പോഴും ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം വര്‍ഗീയ, വംശീയ വിദ്വേഷ പ്രചാരണങ്ങളും. അയോധ്യയില്‍ തുടങ്ങി കച്ചത്തീവിലൂടെ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രകടനപത്രികയുള്‍പ്പെടെയാണ് ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോഡി പ്രചരിപ്പിക്കുന്നത്. മോഡിക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും മുസ്ലിം പ്രീണനമെന്ന പ്രചാരണം ഏറ്റെടുത്തു. കേരളത്തിലും വർഗീയത തന്നെയായിരിക്കും തങ്ങളുടെ പ്രചാരണായുധമെന്ന് പ്രധാനമന്ത്രി ഏതാനും ആഴ്ച മുമ്പ് തൃശൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നു. തൃശൂർ പൂരത്തിനു പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്നും ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ പിടിപ്പുകേടുണ്ടെന്നുമൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിന്റെ പിന്‍തുടര്‍ച്ചാവകാശക്കാരനായാണ് വയനാട്ടിലെ അവരുടെ സ്ഥാനാര്‍ത്ഥികൂടിയായ കെ സുരേന്ദ്രന്‍ ആദ്യവാഗ്ദാനമായി സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചത്. ചരിത്രസ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റലാണോ 144 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ പ്രാഥമിക കടമ?


ഇതുകൂടി വായിക്കൂ: ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


തേജസ്വി യാദവ് നവരാത്രി കാലത്ത് മീന്‍ കഴിച്ചതും രാഹുല്‍ ഗാന്ധി ശ്രാവണമാസത്തില്‍ മട്ടന്‍ കറിയുണ്ടാക്കിയതും ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്രയ്ക്ക് പ്രധാനമന്ത്രി തരംതാണതെന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ സാമൂഹികാവസ്ഥ ഇവിടെയാെരു ഭരണകൂടമുണ്ടോ എന്ന് സംശയിക്കേണ്ടത്രയും ദയനീയമാണ്. രാഷ്ട്രീയാവസ്ഥയാകട്ടെ ഫെ­ഡറലിസം അവ­ശേ­ഷിക്കുണ്ടോ എന്ന് ആ­ശ­ങ്കയുണര്‍ത്തുന്ന രീതിയില്‍ അധികാരം കേ­ന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയിലും. ബഹുസ്വര, ബഹുവിധ ചിന്താധാരകളുള്ള സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കാനാണ് നീക്കമത്രയും. ഏതുവിധേനയും അധികാരം കെെപ്പിടിയിലൊതുക്കുകയെന്നല്ലാതെ ജനങ്ങളെയോ സാമൂഹികസുരക്ഷയെയോ കുറിച്ച് ഭരണകൂടത്തിന് ചിന്തയില്ല. അതിന്റെ ദുരന്തമുഖത്താണ് രാജ്യമെന്ന് തെരഞ്ഞെടുപ്പ് സര്‍വേഫലങ്ങള്‍ വെളിപ്പെടുത്തുന്നുമുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാന സാമൂഹ്യഘടകങ്ങളാണെന്നും തെരഞ്ഞെടുപ്പില്‍ അവ സ്വാധീനം ചെലുത്തുമെന്നും കഴിഞ്ഞദിവസം പുറത്തുവന്ന സിഎസ്ഡിഎസ് — ലോക്‌നീതി പ്രീപോൾ സർവേ വ്യക്തമാക്കുന്നു. സർവേയില്‍ പങ്കെടുത്ത മൂന്നിൽ രണ്ട് (62ശതമാനം) പേരും രാജ്യത്ത് ജോലി കിട്ടാന്‍ പ്രയാസം നേരിടുന്നതായി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷം ഇത് കൂടുതല്‍ രൂക്ഷമായിരുന്നുവെന്ന് പുരുഷന്മാരിൽ 65 ശതമാനവും സ്ത്രീകളിൽ 59 ശതമാനവും പറഞ്ഞു. 67 ശതമാനം മുസ്ലിങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നും പട്ടികജാതികളിൽ നിന്നുമുള്ള 63 ശതമാനം ഹിന്ദുക്കളും 59 ശതമാനം പട്ടികവർഗക്കാരും തൊഴിലില്ലായ്മയില്‍ ആശങ്കയുള്ളവരാണ്. നേരത്തെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024, രാജ്യത്തെ തൊഴിലില്ലാത്തവരിൽ 83 ശതമാനവും 30 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. 


ഇതുകൂടി വായിക്കൂ: കേരളത്തെ ഞെരുക്കുന്ന കേന്ദ്രവും കൂട്ടുനില്‍ക്കുന്ന യുഡിഎഫും


രാജ്യത്ത് വില കുത്തനെ വർധിച്ചതായി 71 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 76 ശതമാനം ദരിദ്രവിഭാഗത്തിൽ നിന്നുള്ളവരും 76 ശതമാനം മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും 75 ശതമാനം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും സമാനമായ അഭിപ്രായമുള്ളവരാണ്. 55 ശതമാനം പേർ രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് അഴിമതി വർധിച്ചതായി അഭിപ്രായപ്പെട്ടു. അതില്‍ വ്യത്യസ്തമായ നിലയുള്ളൊരു സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വിലക്കയറ്റത്തിന്റെ തോത് കുറവാണെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ തന്നെ സൂചിപ്പിച്ചിരുന്നുവെന്ന പ്രത്യേകതയുണ്ട്. ഡൽഹി, മധ്യ പ്രദേശ് എന്നിവ കഴിഞ്ഞാല്‍ കുറഞ്ഞ വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ജനുവരിയിലെ ഉപഭോക്തൃ വില സൂചികയിൽ കേരളത്തിൽ 4.4 ശതമാനം വർധന മാത്രമാണുണ്ടായത്. ദേശീയതലത്തിൽ ഇത് 5.1 ശതമാനമായിരുന്നു. സാഹചര്യം ഇങ്ങനെയായിരിക്കെ കേന്ദ്രഭരണം കയ്യാളുന്ന മോഡിക്കും ബിജെപിക്കും പാെതുവിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുകയല്ലാതെ വേറെ വഴിയില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, വികസനം എന്നിവ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വികാരത്തെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാണെന്ന് അവര്‍ക്കറിയാം. കാലങ്ങളായി സംഘ്പരിവാര്‍ ഉന്നയിക്കുന്ന അയോധ്യാവിഷയം ചർച്ചയാവുമെന്ന് കരുതുന്ന കേവലം എട്ട് ശതമാനം പേരാണുള്ളത്. അതുകൊണ്ട് ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ തരംതാണതെങ്കിലും വെെകാരിക വിഷയങ്ങള്‍ ഉന്നയിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അവര്‍ കണക്കുകൂട്ടുന്നു. പക്ഷേ ജനം കൂടുതല്‍ ഉദ്ബുദ്ധരായിരിക്കുന്നു എന്നാണ് രാമക്ഷേത്രത്തെ കുറിച്ച് ചിന്തിക്കുന്ന എട്ട് ശതമാനം മാത്രമേയുള്ളു എന്ന സര്‍വേ റിപ്പോര്‍ട്ട്. മതത്തിനും ആരാധനാലയങ്ങള്‍ക്കും പകരം പട്ടിണിയും തൊഴിലും വിലക്കയറ്റവും വികസനവും ചര്‍ച്ച ചെയ്യപ്പെടട്ടെ; ജനാധിപത്യം പുലരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.