ഉരുള്‍പ്പൊട്ടലില്‍ ജീവിതം നിശ്ചലമായ വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി. ജീവനോപാധികള്‍ നഷ്ടമായ നിരാലംബരുടെ നിസഹായവസ്ഥ കണ്ടില്ലെന്ന് നടിക്കരുതെന്നും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്പ പുനഃക്രമീകരണം നടത്താന്‍ മാത്രമേ സാധിക്കൂ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറഞ്ഞത്. മുഖ്യമന്ത്രി കൂടി പങ്കെടുത്ത എസ്എല്‍ബിസി യോഗത്തിന്റെ തീരുമാന പ്രകാരം ആര്‍ബിഐ ചട്ടങ്ങളനുസരിച്ചാണ് തീരുമാനത്തില്‍ എത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ഇതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. വായ്പ എഴുതിത്തള്ളണമെന്നാണ് എല്‍എല്‍ബിസി യോഗം തീരുമാനമെടുത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ബാങ്ക് വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന്റെ രേഖകളും സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കി.
വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത നിവരാണ അതോറിട്ടിയുടെ അനുമതി കൂടി വേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ വായ്പ പൂര്‍ണമായും എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. കേരള ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ചെങ്കില്‍ മറ്റ് ബാങ്കുകള്‍ക്കും അക്കാര്യം പരിഗണിക്കാന്‍ സാധിക്കുമെന്നാണ് കോടതി നിലപാടെടുത്തത്. വായ്പ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചിരുന്നെന്ന കാര്യം ഒരിക്കല്‍ക്കൂടി കോടതി ചൂണ്ടിക്കാട്ടി.
കോവിഡില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് താല്‍ക്കാലികമായിരുന്നു, എന്നാല്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ദുരന്തബാധിതരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വയനാട്ടിലെ കടാശ്വാസത്തോട് കേന്ദ്രം സ്വീകരിക്കുന്ന നടപടികളില്‍ വ്യക്തത വരുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും, ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വായ്പാ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തത വരുത്താത്ത കേന്ദ്രസര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ, കേന്ദ്രസര്‍ക്കാരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ? തുടങ്ങി രൂക്ഷമായ ചോദ്യങ്ങളും ഹൈക്കോടതിയില്‍ നിന്നുണ്ടായി.
ബാങ്കുകള്‍ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന മറുപടിയാണ് പിന്നീട് കേന്ദ്രം കോടതിയെ അറിയിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി ഇനി വേനലവധിക്ക് ശേഷം പരിഗണിക്കും.
കഴിഞ്ഞ ജൂലൈ 30ന് വയനാട്ടിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലകള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റ ഈ ദുരന്തത്തില്‍ 298 പേര്‍ മരിക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.