22 December 2024, Sunday
KSFE Galaxy Chits Banner 2

കലാപത്തീയില്‍ മ്യാന്‍മര്‍

പ്രത്യേക ലേഖകന്‍
January 1, 2024 4:15 am

ബെയ്ജിങ്ങിന്റെ സന്ധി ശ്രമങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും മ്യാൻമറിൽ അതിർത്തി പ്രദേശത്ത് സൈനികരും സായുധ സംഘങ്ങളും തമ്മിൽ പോരാട്ടം തീവ്രമാകുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അതിർത്തി ജില്ലയിൽ നിന്ന് എത്രയും വേഗം ഒഴിയണമെന്ന് മ്യാൻമറിലെ ചൈനീസ് എംബസി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്ന കോകാങ് മേഖലയിലെ ലൗകായ് പ്രദേശം ഒഴിപ്പിക്കാനുള്ള ആഹ്വാനം കഴിഞ്ഞ വ്യാഴാഴ്ചയാണ് വന്നത്. അരാകൻ ആർമി (എഎ), മന്ദാരിൻ സംസാരിക്കുന്ന മ്യാൻമർ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആർമി (എംഎൻഡിഎഎ), താങ് നാഷണൽ ലിബറേഷൻ ആർമി (ടിഎൻഎൽഎ) എന്നിവ സൈന്യത്തിനെതിരായ ആക്രമണം-ഓപ്പറേഷൻ 1027 ആരംഭിച്ചതിന് ശേഷം ഒക്ടോബർ മുതൽ മ്യാൻമറിന്റെ വടക്കൻ ഷാൻ സംസ്ഥാനത്തുടനീളം സംഘർഷം രൂക്ഷമാണ്. 

ചൈനയുമായുള്ള വ്യാപാരത്തില്‍ സുപ്രധാനമായ നിരവധി പട്ടണങ്ങളും അതിർത്തി കേന്ദ്രങ്ങളും സഖ്യം പിടിച്ചെടുത്തു. “വടക്കൻ മ്യാൻമറിലെ ലൗകായ് ജില്ലയിൽ സംഘർഷങ്ങൾ തുടരുകയാണ്, അവിടെ കുടുങ്ങിക്കിടക്കുന്ന ആളുകൾ അപകടകരമായ നിലയിലാണ്”- ചൈനീസ് എംബസി വ്യാഴാഴ്ച പറഞ്ഞു. ചൂതാട്ടത്തിനും രാജ്യാന്തര മനുഷ്യക്കടത്തിനും ഓൺലൈൻ തട്ടിപ്പുകൾക്കും കുപ്രസിദ്ധമായ ലൗക്കായ് ടൗൺ വീണ്ടെടുക്കുമെന്ന് എംഎൻഡിഎഎ ആവർത്തിച്ചു. ഡിസംബറിൽ സൈന്യവും മൂന്ന് സായുധ ഗ്രൂപ്പുകളും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതായും താൽക്കാലിക വെടിനിർത്തലിന് കരാറിൽ എത്തിയതായും ബീജിങ് പറഞ്ഞു. ബീജിങ്ങിന്റെ ലക്ഷം കോടി ഡോളർ ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിന് കീഴിൽ 100 കോടി ഡോളർ റെയിൽപ്പാത ആസൂത്രണം ചെയ്ത പ്രദേശത്ത് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ചൈന തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്.
നവംബറിൽ, സായുധ ഗ്രൂപ്പുകളുടെ സഖ്യം അതിർത്തി പട്ടണമായ ചിൻഷ്വെഹാവ് പിടിച്ചെടുത്തിരുന്നു. ഇവിടം ചൈനയും മ്യാൻമറും തമ്മിലുള്ള വാർഷിക വ്യാപാരത്തിൽ 180 കോടി ഡോളറിന്റെ പ്രധാന ഇടവഴിയാണ്. മ്യാൻമറിലെ ഓൺലൈൻ അഴിമതി സംഘങ്ങളെ തകർക്കുന്നതിൽ സൈന്യം പരാജയപ്പെട്ടത് ബീജിങ്ങുമായുള്ള ബന്ധങ്ങൾ വഷളാക്കിയിരുന്നു. 

എഴുപത്തഞ്ച് വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര സംഘർഷം സൈന്യവും സായുധ സംഘങ്ങളും തമ്മിൽ നേരിട്ടുള്ള അതിശക്തമായ പോരാട്ടമായി മാറിയതോടെ മ്യാൻമർ അതീവ ഗുരുതരമായ സാഹചര്യങ്ങളെ നേരിടുകയാണ്.
2021 ഫെബ്രുവരി മുതൽ തുടങ്ങിയതാണ് ജുണ്ടയും (രാജ്യത്തെ സൈനിക കൗൺസിൽ) ഭരണസായുധ സംഘങ്ങളും തമ്മിലുള്ള പോരാട്ടം. ഒക്ടോബർ മുതൽ പോരാട്ടം ശക്തമായതോടെ തത്‌മദോ (Tat­madaw) എന്നറിയപ്പെടുന്ന മ്യാൻമർ സൈന്യം കനത്ത തിരിച്ചടി നേരിടുകയാണ്. ഓപ്പറേഷൻ 1027 എന്ന പേരിൽ തുടങ്ങിയ സംയുക്ത പോരാട്ടം സൈന്യത്തിന് വലിയ നാശനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഒക്ടോബർ 27നായിരുന്നു പോരാട്ടത്തിന് ബ്രദർഹുഡ് സഖ്യം നേതൃത്വം നൽകിയത്. ഷാൻ സംസ്ഥാനത്തെ മാൻഡുലെ നഗരത്തില്‍ ലാഷിയോയിലെ ജുണ്ട ചെക്ക്പോസ്റ്റ് ആക്രമണത്തിൽ പൂർണമായും തകർന്നു. ലാഷിയോ എയർപോർട്ട് താൽക്കാലികമായി അടച്ചുപൂട്ടി. ചിൻഷുവാവോ ചെക്ക്പോസ്റ്റ് വിമതരുടെ പിടിയിലായി. 

ഒക്ടോബർ 30ന് നടത്തിയ ആക്രമണത്തിൽ നാവാംഗിക്കോ നഗരവും വിമതർക്ക് മുന്നിൽ വീണു. തുടർന്ന് സൈന്യത്തിന്റെ കമാൻഡിങ് ഓഫിസറടക്കം 41 പേർ വിമതർക്ക് മുന്നിൽ അടിയറവ് പറഞ്ഞു. അടുത്ത ദിവസം ഗാംഗാഡു യാങ് ബേസും വിമതർ കീഴടക്കി. നവംബർ ഏഴിനാണ് കിഴക്കൻ മേഖലയിലെ കായാഹ് സംസ്ഥാനത്ത് കരേന്നി നാഷണൽ പീപ്പിൾ ലിബറേഷൻ ഫ്രണ്ട്, കരേന്നി ആർമി, കരേന്നി നാഷണലിസ്റ്റ് ഡിഫൻസ് ഫോഴ്സ് എന്നിവർ ചേർന്ന് ഓപ്പറേഷൻ 1107ന് ആഹ്വാനം ചെയ്തത്. കായാഹ്, മെസെ ടൗൺഷിപ്പ് എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകൾ ഇവർ പിടിച്ചെടുക്കുകയും ചെയ്തു.
2021 ഫെബ്രുവരി ഒന്നിന് നൊബൽ ജേതാവ് ഓങ് സാൻ സ്യൂചിയുടെ പുതിയ സർക്കാർ ആദ്യ പാർലമെന്റ് സമ്മേളനം നടത്താനിരിക്കെ സൈന്യം അട്ടിമറിച്ചു. സ്യൂചിയും സംഘവും അറസ്റ്റിലായി. ജുണ്ട സർക്കാർ അധികാരത്തിലേറി. സ്യൂചിയടക്കം നിരവധി നേതാക്കള്‍ ജയിലിലാണ്. നിരവധി നേതാക്കൾ രാജ്യത്തുനിന്ന് പലായനം ചെയ്തു. 2021 ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ചെടുത്തതുമുതൽ മ്യാൻമർ കലാപത്തീയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.