7 September 2024, Saturday
KSFE Galaxy Chits Banner 2

ഓളോടൊപ്പം നാജി ഖത്തര്‍ ലോകകപ്പ് കാണാൻ പോകുന്നത് സ്വന്തം ജീപ്പില്‍

Janayugom Webdesk
കണ്ണൂർ
October 18, 2022 10:17 pm

ഫിഫ ലോകകപ്പ് കാണാൻ ഒറ്റയ്ക്ക് വാഹനമോടിച്ച് ഖത്തറിലേക്ക് യാത്ര തിരിച്ച 32കാരി ജനശ്രദ്ധ നേടുന്നു. മാഹി സ്വദേശിനിയായ നാജി നൗഷിയാണ് ‘ഓള്’ എന്നെഴുതിയ സ്വന്തം താർ ജീപ്പിൽ ഖത്തറിലേക്ക് പുറപ്പെട്ടത്. ലോകകപ്പ് കാണാനുള്ള രണ്ടുമാസത്തോളം നീളുന്ന യാത്രയ്ക്ക് കണ്ണൂരിൽ ഗതാഗതമന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. കടുത്ത അർജന്റീനിയൻ ആരാധികയായ നാജി നൗഷി മുംബൈ വരെ റോഡ് മാർഗം യാത്ര ചെയ്തശേഷം അവിടെ നിന്ന് ജീപ്പ് ഉൾപ്പെടെ കപ്പലിൽ ഒമാനിലേക്ക് തിരിക്കും. ഒമാനിൽ നിന്ന് യുഎഇ, കുവൈത്ത് എന്നിവ പിന്നിട്ട് സൗദി വഴി ഖത്തറിൽ പ്രവേശിക്കും. ഖത്തർ പതാക കൊണ്ട് അലങ്കരിച്ച വാഹനത്തിൽ ഡിസംബർ ആദ്യവാരം ഖത്തറിലെ സ്റ്റേഡിയത്തിനരികിൽ എത്തിച്ചേരാമെന്നാണ് നാജിയുടെ കണക്കുകൂട്ടൽ. അത്യാവശ്യം ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യങ്ങളും പുറത്ത് കിടന്നുറങ്ങാനുള്ള ടെന്റുമെല്ലാം നാജിയുടെ വാഹനത്തിലുണ്ട്. ഒമാനിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന നൗഷാദ് ആണ് നാജിയുടെ ഭർത്താവ്. 

ഒറ്റക്കുള്ള യാത്ര നാജിക്ക് പുതുമയല്ല. ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്ത് വടക്കേ ഇന്ത്യയില്‍ പോയിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ലഡാക്കിലേക്കായിരുന്നു ആദ്യയാത്ര. പിന്നീട് 30 ദിവസം നീണ്ട ലക്ഷദ്വീപിലേക്കുള്ളതായിരുന്നു രണ്ടാമത്തെ യാത്ര. മൂന്നാമത്തെ യാത്ര എവറസ്റ്റിലേക്കും നടത്തി. യാത്രയിൽ സ്ത്രീയെന്ന നിലയിൽ പുറംനാടുകളിലൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നാജി പറയുന്നു. നിർദ്ദേശങ്ങളോ ബാധ്യതകളോ ഒന്നുമില്ലാതെ തനിക്കിഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോവുകയെന്നത് പല സ്ത്രീകളുടെയും സ്വപ്നമാണ്. 

പകൽ വെളിച്ചം മങ്ങി തുടങ്ങുമ്പോൾ സ്ത്രീകൾക്ക് സ്വന്തം നാട്ടിലെ വഴിയരികത്ത് പോലും ധൈര്യത്തോടെ നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓരോ പെണ്ണിനും തനിച്ചുള്ള യാത്ര എന്നും സ്വപ്നം തന്നെ. പുരുഷന്മാരെ സംബന്ധിച്ച് യാത്രപോകുകയെന്നത് വിഷയമല്ലെങ്കിലും സ്ത്രീകൾക്ക് നേരെ മറിച്ചാണ്. അവിടെയാണ് നാജി വ്യത്യസ്തയാകുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഒമാനിൽ താമസിക്കുന്ന നാജി തന്റെ അഞ്ച് മക്കളെയും ഉമ്മയെ ഏല്പിച്ചാണ് സ്വപ്നയാത്ര തുടങ്ങിയിരിക്കുന്നത്. 

Eng­lish Summary:Naji is going to watch Qatar World Cup with Ol in her own jeep
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.