നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ മലയാളി താരം നിദ ഫാത്തിമയുടെ മരണം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആലപ്പുഴ കാക്കാഴം സ്വദേശിനിയായ 10 വയസുകാരി നിദ ഫാത്തിമ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സ്ഥിതി വഷളാകുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. ഇതൊരു സാധാരണമരണമല്ല, ഭരണവ്യവസ്ഥയുടെ അനീതി കൊണ്ടുണ്ടായ നരഹത്യയാണ്. കേരള സൈക്കിൾ പോളോ അണ്ടർ 14 ടീമിലെ അംഗമാണ് നിദ. കോടതി ഉത്തരവുമായി മത്സരത്തിന് എത്തിയ നിദയ്ക്കും സംഘത്തിനും താമസം ഉൾപ്പെടെയുള്ള സൗകര്യം ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ നിഷേധിക്കുകയായിരുന്നു. കോടതി ഉത്തരവ് മത്സരിക്കാൻ മാത്രമുള്ളതാണ് എന്നായിരുന്നു ഫെഡറേഷൻ ഭാരവാഹികൾ കേരള സംഘത്തെ അറിയിച്ചത്. തുടർന്ന് താല്കാലികമായ താമസസ്ഥലം കണ്ടെത്തുകയും ഭക്ഷണം പുറത്ത് നിന്ന് വാങ്ങി നൽകുകയും ചെയ്തു. ബുധനാഴ്ച രാത്രി ഛർദ്ദിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലര്‍ച്ചയോടെ ജീവഹാനി സംഭവിച്ചു. കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിടമത്സരമാണ് നിദ ഫാത്തിമയുടെ ജീവനെടുത്തത്. സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ല.
ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള ടീമും നാഗ്പൂരിൽ മത്സരിക്കുന്നുണ്ട്. നിദയടക്കം അസോസിയേഷന്റെ 24 താരങ്ങൾ നാഗ്‍പൂരിലെത്തിയത് കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമാണ്. എന്നാല്‍ ദേശീയ ഫെഡറേഷന്റെ അംഗികാരമില്ലാത്തതിനാലാണ് മത്സരിക്കാൻ കോടതിയുത്തരവ് നേടേണ്ടി വന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേരളം മഹാരാഷ്ട്രയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് കത്തയച്ചത്. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ എംപിമാരായ എ എം ആരിഫും, ബെന്നി ബഹന്നാനും ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുമതി കിട്ടിയില്ല. വിഷയത്തെ കേന്ദ്ര ഭരണകൂടം എത്ര ലാഘവത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണിത്. പിന്നീട് എംപി ആരിഫ് നേരിട്ട് കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ കണ്ട് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. കേരള ഹെെക്കോടതിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ദേശീയ‑സംസ്ഥാന അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
നാഗ്പൂരിൽ മലയാളി താരങ്ങൾ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്പോർട്സ് കൗൺസിലിലെയും ഉത്തരവാദിത്തപ്പെട്ടവർക്ക് അറിവുണ്ടായിട്ടും പ്രശ്നത്തിൽ ഇടപെടാനോ പകരം സംവിധാനങ്ങൾ ഒരുക്കാനോ തയാറായില്ലെന്ന ആരോപണവുമുണ്ട്. ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ അടിയന്തരമായി അന്വേഷിച്ച് കൃത്യവിലോപം നടത്തിയവരുണ്ടെങ്കിൽ കർശന നടപടിയെടുക്കണം. കേരള ടീമിന്റെ അവകാശങ്ങൾ നിഷേധിച്ച ദേശീയ കായിക ഫെഡറേഷന്റെ നടപടിയെ കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷണം നടത്താനും നടപടിയെടുക്കാനും തയ്യാറാകണം. ആലപ്പുഴ കക്കാഴം ഗ്രാമത്തിൽ നിന്നാണ് ദേശീയ തലത്തിൽ അറിയപ്പെടുന്ന കായികതാരമായി നിദ മാറിയത്. ഇത്തരം നിരവധി അനർഘ രത്നങ്ങൾ നമ്മുടെ ഗ്രാമാന്തരങ്ങളിലുണ്ട്. അവരെ കണ്ടെത്തി തേച്ചുമിനുക്കി നാടിന് അമൂല്യസമ്പത്താക്കി മാറ്റുകയാണ് കായിക വകുപ്പിന്റെയും അസോസിയേഷനുകളുടെയും ചുമതല.
നിദ ഫാത്തിമയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാൻ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം സമഗ്രമായിരിക്കണം. സംസ്ഥാനത്തെ കായിക മേഖലയിൽ 1000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടത്തിക്കൊണ്ടിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും നടപ്പായി വരുന്നു. അതിനിടയിലാണ് നിദ ഫാത്തിമ നൊമ്പരമാകുന്നത്. എന്തിന്റെ പേരിലായാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കായിക താരങ്ങൾക്ക് വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് കായിക വകുപ്പും സ്പോർട്സ് കൗൺസിലുകളുമൊക്കെ പ്രവർത്തിക്കുന്നത്. ഈ സംവിധാനങ്ങളൊക്കെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയോ എന്ന് പരിശോധിക്കപ്പെടണം. ഉത്തരവാദിത്തം മറന്നവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകണം. നിദയുടെ കുടുംബത്തിന് അര്‍ഹമായ സഹായവും നല്‍കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.