29 June 2024, Saturday
KSFE Galaxy Chits

വിശ്വാസ്യത നഷ്ടപ്പെടുന്ന ദേശീയ പരീക്ഷകൾ

Janayugom Webdesk
അബ്ദുൾ ഗഫൂർ
June 27, 2024 4:15 am

ധ്യയനത്തിന്റെ ഭാഗമായും ഉന്നതപഠന — ഉദ്യോഗമേഖലയിലേക്കും നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സമ്മർദം കുറയ്ക്കുകയും ഉത്സാഹം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് നടത്തുന്ന വാർഷിക പദ്ധതിയുടെ പേര് പരീക്ഷാ പേ ചർച്ച എന്നാണ്. രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെയും 2018 ഫെബ്രുവരി 16ന് ആരംഭിച്ച ഈ വാർഷിക പരിപാടിയിൽ പങ്കാളികളാക്കാറുണ്ട്. ചില മത്സരങ്ങൾ ആസൂത്രണം ചെയ്ത് അതിൽ വിജയിക്കുന്നവരെയാണ് പരിപാടിയിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കുന്നത്. ചിലർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കാറുണ്ട്.
രണ്ടാമത്തെ പരിപാടി 2019 ജനുവരി 29ന് ന്യൂഡൽഹിയിൽ നടന്നു. കോവിഡിന്റെ സാഹചര്യത്തിൽ 2020ലും 2021 ഏപ്രിൽ ഏഴിനും ഓൺലൈനായാണ് പരിപാടി നടന്നത്. കഴിഞ്ഞ വർഷവും ഈ വർഷവും ജനുവരിയിലായിരുന്നു പരീക്ഷാ പേ ചർച്ച. ഈ ചർച്ചകളിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന അഭിപ്രായങ്ങളും അവതരിപ്പിക്കുന്ന നിർദേശങ്ങളും മോഡിയുടെ മടിത്തട്ട് മാധ്യമങ്ങളും സമൂഹമാധ്യമ ഇടങ്ങളും വലിയ ചർച്ചകളാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. പരീക്ഷാ പേ ചർച്ചയ്ക്ക് 2018ൽ ആരംഭിച്ചതു മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ചെലവഴിച്ച തുകയിൽ 175 ശതമാനത്തിന്റെ വർധനയുണ്ടായെന്ന്, വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 2018ൽ 4.93 കോടിയായിരുന്ന ചെലവ് അടുത്തവർഷം 5.69 കോടിയായി. 2021, 22, 23 വർഷങ്ങളിൽ അത് യഥാക്രമം ആറ്, 8.16, 10 കോടി വീതമായി ഉയർന്നു.


ഇതുകൂടി വായിക്കൂ:  നരേന്ദ്ര മോഡിയുടെ മെഗാഫോണോ നടേശൻ?


പരീക്ഷാ പേ ചർച്ച എന്ന ഹിന്ദി വാക്യത്തിന്റെ പരിഭാഷ പരീക്ഷയെ സംബന്ധിച്ച ചർച്ചയെന്നാണ്. എന്നാൽ ഇതിലെ പേ എന്നതിന്റെകൂടെ മലയാളത്തില്‍ ‘ടി’ എന്ന് കൂടി ചേർത്താൽ അർത്ഥം ഭയമെന്നായി മാറും. ‘യ്’ എന്ന് ചേർത്ത് പേയ് എന്ന് വായിച്ചാൽ അർത്ഥം (ഭ്രാന്ത്) മറ്റൊന്നായി. ഇനി പേ എന്നതിന് ഇംഗ്ലീഷ് വായനയായാല്‍ വേറാെന്നാണ്. യഥാർത്ഥത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ തലത്തിലും തരത്തിലുമുള്ള പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ആദ്യത്തെ രണ്ട് മാനസികാവസ്ഥകളെയാണ് നേരിടുന്നത്. ഉദ്യോഗ പ്രവേശന — അധ്യയന പരീക്ഷകളിലെ ക്രമക്കേടുകളും റദ്ദാക്കലുകളും നിത്യമെന്നോണമുള്ള സംഭവങ്ങളായി. അധ്യയനത്തിലൂടെ മെച്ചപ്പെട്ട ഭാവിയും പ്രവേശന പരീക്ഷകളിലൂടെ ഉന്നതമായ തൊഴിലുകളും സ്വപ്നം കാണുന്ന നിരവധി പേരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സാമൂഹ്യ പ്രശ്നമായി അത് മാറുകയും ചെയ്തിരിക്കുന്നു.
ഇത്തരം പരീക്ഷാ ക്രമക്കേടുകൾ വ്യാപകമായെന്ന കേന്ദ്ര സർക്കാരിന്റെ കുറ്റസമ്മതമായാണ് പരീക്ഷാ പേപ്പർ ചോർച്ചയും വഞ്ചനയും തടയുന്നതിനുള്ള നിയമനിർമ്മാണം രണ്ടാം മോഡി സർക്കാരിന്റെ കാലത്തുണ്ടായത്. തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ഈ നിയമം പാസാക്കിയെങ്കിലും നടപ്പിലാക്കുന്നതിന് ബിജെപി സർക്കാർ സന്നദ്ധമായില്ല. ഇപ്പോൾ നിരവധി പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർച്ചയും റദ്ദാക്കലും നീട്ടിവയ്ക്കലും നടത്തേണ്ടിവന്നതിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ 22ന് നിയമം നടപ്പിലാക്കുന്നതിന് അടിയന്തരമായി തീരുമാനിച്ചിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങൾ നേരിട്ട് നടത്തിവന്നിരുന്ന പൊതുപരീക്ഷകളും പ്രവേശന പരീക്ഷകളും പലപ്പോഴും ക്രമക്കേട് ആരോപണങ്ങളുടെയും ചോദ്യപ്പേപ്പർ ചോർച്ചയുടെയും സംശയത്തിന്റെ നിഴലിലായിട്ടുണ്ടെങ്കിലും രാജ്യത്ത് നടന്ന ഏറ്റവും വലുതും സംഘടിതവുമായ ക്രമക്കേടായി കരുതപ്പെടുന്നത് മധ്യപ്രദേശിലെ വ്യാപം പരീക്ഷാ കുംഭകോണമാണ്. പ്രവേശന പരീക്ഷാത്തട്ടിപ്പ് സംഘടിത മാഫിയാ പ്രവർത്തനമായിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് വ്യാപത്തിലൂടെ പുറത്തുവന്നത്. വ്യാവസായിക് പരീക്ഷാ മണ്ഡൽ എന്ന പേരിലുള്ള പ്രവേശന പരീക്ഷാ ഏജൻസിയുടെ ചുരുക്കപ്പേരാണ് വ്യാപം എന്നറിയപ്പെടുന്നത്. പബ്ലിക് സർവീസ് കമ്മിഷൻ വഴി നികത്താത്ത വിവിധ തസ്തികകളിലേക്ക് പരീക്ഷകൾ നടത്തി നിയമന ശുപാർശ നൽകുന്നതിനായി 1970–80കളിൽ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കപ്പെട്ടു. വ്യാപത്തിന് കീഴിൽ ഇരുപതിലധികം പരീക്ഷകളില്‍ പ്രതിവർഷം ശരാശരി 10 ലക്ഷത്തിലധികം പേർ മധ്യപ്രദേശിൽ മാത്രം പങ്കെടുക്കുന്നുവെന്നാണ് കണക്ക്.


ഇതുകൂടി വായിക്കൂ: വാരണാസിയില്‍ മോഡിക്കെതിരെ ചെരുപ്പേറ്


മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡലിന് (മധ്യപ്രദേശ് പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡ്) കീഴിൽ പരീക്ഷ ആരംഭിച്ചതിന് ശേഷം 1995 മുതൽതന്നെ ക്രമക്കേട് സംബന്ധിച്ച സംഭവങ്ങളും കേസുകളുമുണ്ടായിരുന്നു. 2000, 2004 വർഷങ്ങളിൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി. പിന്നീട് 2012ൽ പ്രി-പിജി, ഫുഡ് ഇൻസ്പെക്ടർ സെലക്ഷൻ ടെസ്റ്റ്, മിൽക് ഫെഡറേഷൻ ടെസ്റ്റ്, സുബേദാർ‑സബ് ഇൻസ്പെക്ടർ ആന്റ് പ്ലാറ്റൂൺ കമാന്‍ഡർ സെലക്ഷൻ ടെസ്റ്റ്, പൊലിസ് കോ­ൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ടെസ്റ്റ് തുടങ്ങിയ അഞ്ച് റിക്രൂട്ട്മെന്റ് പരീക്ഷകളിലും 2013 നവംബറിലും പരീക്ഷാ ക്രമക്കേടുകൾ കണ്ടെത്തുകയുണ്ടായി.
2013 ജൂലൈ ഏഴിന് നടത്തിയ വ്യാപം പരീക്ഷയിലാണ് അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ പുറത്തുവന്നത്. സൂചനകളുടെ അടിസ്ഥാനത്തിൽ ജൂലൈ ആറിന് ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വൻ മാഫിയ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടത്. 20 പേർ ആൾമാറാട്ടത്തിലൂടെ പരീക്ഷയ്ക്ക് ഹാജരാകാനെത്തിയവരായിരുന്നു. ഇതിൽ 17 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും. അരലക്ഷം മുതൽ ഒരു ലക്ഷംരൂപവരെ പ്രതിഫലത്തിനായിരുന്നു ഇവർ എത്തിയത്. അറസ്റ്റിലായവരിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് ജഗദീഷ് സാഗർ നേതൃത്വം നൽകുന്ന വലിയൊരു റാക്കറ്റ് ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമായി. 2013 ജൂലായ് 13ന് മുംബെെയിൽ നിന്ന് ജഗദീഷ് സാഗറിനെ അറസ്റ്റ് ചെയ്യുകയും 317 കുട്ടികളുടെ പട്ടിക പിടിച്ചെടുക്കുകയും ചെയ്തു.
കേസിന്റെ നാൾവഴികൾ ഇങ്ങനെയാണ് പോകുന്നതെങ്കിലും പരീക്ഷാ മാഫിയയുടെ കരുത്തും വ്യാപ്തിയും വ്യക്തമാകുന്നത് പിന്നീട് സംഭവിക്കുന്ന നിരവധി അജ്ഞാത‑ദുരൂഹ മരണങ്ങളിലൂടെയാണ്. ഇടനിലക്കാർ, പകരം പരീക്ഷാർത്ഥികൾ, ആൾമാറാട്ടം നടത്തിയവർ, അന്വേഷണ ഉദ്യോഗസ്ഥർ, വ്യാപം ജീവനക്കാർ എന്നിങ്ങനെ കേസുമായി ബന്ധപ്പെട്ട 48 പേരാണ് സംശയാസ്പദ രീതിയിൽ മരിച്ചത്. പത്തോളം പേർ കൊല്ലപ്പെടുകയായിരുന്നു. ഇതിൽ ഇരകളിലൊരാളെ സന്ദർശിച്ച് മടങ്ങിയ ‘ആജ് തക്’ ചാനൽ ലേഖകൻ അക്ഷയ് സിങ്ങും ഉൾപ്പെടുന്നു. അവശേഷിക്കുന്നവരുടെ മൃതദേഹങ്ങൾ റെയിൽപ്പാളം, ഹോട്ടൽമുറി, കുളം, താമസസ്ഥലം എന്നിവിടങ്ങളിൽ കണ്ടെത്തുകയായിരുന്നു. 280ലേറെപ്പേരാണ് ഈ കേസിൽ അറസ്റ്റിലായത്.
പ്രധാനമായും മൂന്നോ നാലോ രീതികളാണ് ക്രമക്കേടിന് അവലംബിച്ചതെന്ന വിവരങ്ങളാണ് പുറത്തുവന്നത്. മുൻ വർഷങ്ങളിൽ പരീക്ഷ പാസായ മിടുക്കരായ വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും പകരം പരീക്ഷാർത്ഥികളാക്കുന്നതാണ് ഒന്ന്. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തിൽ ഹാൾ ടിക്കറ്റിലെ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ഇത് ചെയ്യുന്നത്. മിടുക്കരെ ഡമ്മി ഹാൾ ടിക്കറ്റ് കൊടുത്ത് പരീക്ഷാർത്ഥിയുടെ അടുത്ത് സീറ്റ് ക്രമീകരിച്ച് കോപ്പിയടിക്കാൻ അവരം ഒരുക്കിക്കൊടുക്കുന്നതാണ് മറ്റൊരു രീതിയായി കണ്ടെത്തിയത്. പരീക്ഷാർത്ഥികൾ ഉത്തരം എഴുതാതെ പരീക്ഷയിൽ പങ്കെടുക്കുന്നു, പിന്നീട് ഡമ്മികള്‍ ഉത്തരമെഴുതിയ കടലാസുകൾ അവർക്കുവേണ്ടി സമർപ്പിക്കുന്നു. ഇതിനെല്ലാം പിന്നിൽ പതിനായിരങ്ങൾ മുതൽ ദശലക്ഷങ്ങൾവരെയാണ് ഈടാക്കിയതെന്നും പുറത്തുവന്നു. മധ്യപ്രദേശിൽ മാത്രമല്ല ഉത്തരേന്ത്യയിലാകെ പ്രവർത്തിക്കുന്ന മാഫിയകളെ സംബന്ധിച്ചുള്ള സംശയങ്ങൾ ശക്തമായത് വ്യാപം കുംഭകോണത്തെ തുടർന്നായിരുന്നു.


ഇതുകൂടി വായിക്കൂ: ഓഹരി കുംഭകോണം മുഖ്യപ്രതികള്‍ മോഡിയും ഷായും


വ്യാപം അന്വേഷണം ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ നേർക്കുനീണ്ടെങ്കിലും തുടർനടപടികളുണ്ടായില്ല. ഇതേതുടർന്നാണ് ക്രമക്കേടുകൾ തടയുന്നതിനും സുതാര്യമാക്കുന്നതിനുമെന്ന പേരിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2017 നവംബറിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)ക്ക് രൂപം നൽകുന്നത്. 2016 നവംബറിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊ­ണ്ടിരുന്നു. ആരംഭിച്ചത് മോഡി സർക്കാർ ആയിരുന്നുവെങ്കിലും നേരത്തെതന്നെ നിർദേ­ശങ്ങൾ ദേശീയതലത്തിൽ രൂപപ്പെട്ടിരുന്നു. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ 1992ൽ തയ്യാറാക്കിയ പ്രവർത്തന പദ്ധതിയിൽ ദേശീയ തലത്തിൽ പൊതുപ്രവേശനം നടത്തുന്നതിനുള്ള ഏജൻസി സംബന്ധിച്ച നിർദേശം മുൻവയ്ക്കുകയുണ്ടായി. പിന്നീട് 2010ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി) യിലെ ചില ഡയ­റക്ടർമാരടങ്ങുന്ന ഒരു കമ്മിറ്റി മാനവ വിഭ­വശേഷി വികസന മന്ത്രാലയത്തിന് (എംഎച്ച്­ആർഡി) സമർപ്പിച്ച റിപ്പോർട്ടിൽ ദേശീയ ടെസ്റ്റിങ് ഏജൻസി രൂപീകരിക്കണമെന്നും ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നും ശുപാർശ ചെയ്യുകയുണ്ടായി. 2013ൽ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിന് രൂപരേഖ തയ്യാറാക്കാൻ എംഎച്ച്ആർഡി ഏഴംഗ കർമ്മസമിതി രൂപീകരിക്കുകയും ചെയ്തു. 2014ൽ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയതോടെ തുടർപ്രവർത്തനങ്ങൾ നിലച്ചുവെങ്കിലും 2017ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ തീരുമാനമനുസരിച്ച് എൻടിഎയുടെ ആദ്യ ഡയറക്ടർ ജനറലായി വിനീത് ജോഷിയെ സർക്കാർ നിയമിച്ചു.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ‑മെയിൻ (ജെഇഇ മെയിൻ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ‑അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യുജി), നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപിഎടി) എന്നിവ എൻടിഎ മുഖേന നടത്തുമെന്ന് 2018 ജൂലൈ ഏഴിന് അന്നത്തെ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. അതേത്തുടർന്നാണ് വിവിധ പരീക്ഷകൾ ദേശീയതലത്തിൽ എൻടിഎ നടത്തുന്ന സാഹചര്യമുണ്ടായത്.
സംസ്ഥാന‑സര്‍വകലാശാലാ തലങ്ങളില്‍ പൊതുവേ സുതാര്യമായി നടന്നുവന്നിരുന്ന പരീക്ഷകളെ എൻടിഎയ്ക്ക് കീഴിലെത്തിച്ചതോടെ മാഫിയയുടെ വ്യാപ്തിയും വൈപുല്യവും വർധിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാൽ പ്രവേശന പരീക്ഷാ കുംഭകോണം കേന്ദ്രീകൃതമായെന്നും മനസിലാക്കാവുന്നതാണ്. എൻടിഎയുടെ മാത്രമല്ല യുപി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും രാജസ്ഥാൻ, ബംഗാൾ ഉൾപ്പെടെയുള്ളയിടങ്ങളിലും വൻ ക്രമക്കേടുകൾ പുറത്തുവന്നു.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.