19 April 2024, Friday

Related news

March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023
May 2, 2023
April 4, 2023
March 27, 2023

ഭവനപദ്ധതി നിര്‍വഹണത്തില്‍ കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം

പ്രധാൻ മന്ത്രി ആവാസ് യോജന 
അർബൻ അവാർഡ്സിൽ മൂന്ന് പുരസ്കാരങ്ങൾ നേടി
Janayugom Webdesk
തിരുവനന്തപുരം
October 5, 2022 9:59 pm

കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്സിൽ കേരളത്തിന് മൂന്ന് പുരസ്കാരങ്ങൾ.
സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്കാരങ്ങളും. ഓരോ വിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രോജക്റ്റുകളിൽ കേരളമാണ് ഒന്നാമത് എത്തിയത്. ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചു.
നഗരസഭകളിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനം നേടി. കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതത്തിന് പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന് നാലു ലക്ഷം രൂപയാണ് കേരളത്തിൽ വീട് വയ്ക്കാന്‍ നൽകുന്നത്. ഇതിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ മാത്രമാണ് കേന്ദ്രവിഹിതം. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ് നൽകുന്നത്.
പിഎംഎവൈ പദ്ധതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സഹായമാണ് കേരളം നൽകുന്നത്. ഇതിനകം പിഎംഎവൈ പദ്ധതിയുടെ ഭാഗമായി 1,23,246 വീടുകൾക്കാണ് അനുമതി നൽകിയത്. ഇതിൽ 95,000 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും 74,500 എണ്ണം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനതലത്തിലെ മികച്ച മാതൃകകളെ അനുമോദിക്കാനാണ് 150 ദിവസ ചാലഞ്ചിന്റെ ഭാഗമായി കേന്ദ്രം അവാർഡുകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിങ് കോൺക്ലേവിൽ അവാർഡുകൾ പ്രധാനമന്ത്രി നരേന്ദ്രമോഡി വിതരണം ചെയ്യും. കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ പ്രഖ്യപിച്ച സ്വച്ഛതാ ലീഗ് പുരസ്കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾ നേടിയിരുന്നു. 

Eng­lish Sum­ma­ry: Nation­al recog­ni­tion for Ker­ala again in imple­men­ta­tion of hous­ing scheme

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.