27 July 2024, Saturday
KSFE Galaxy Chits Banner 2

തീവ്രഹിന്ദുത്വ വാദികളുടെ ദേശീയത

Janayugom Webdesk
September 4, 2022 5:00 am

രാജ്യം ഭരിക്കുന്ന തീവ്രഹിന്ദുത്വ വർഗീയതയുടെ ഭരണകൂടം ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെഎൻയു) ലാക്കാക്കി കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ വിദ്യാർത്ഥികളും അധ്യാപകരും നടത്തിയ ചെറുത്തുനില്പ് തീക്ഷ്ണമായിരുന്നു. അവർ ഭരണകൂടത്തിന്റെ സ്വേച്ഛാമോഹങ്ങൾക്ക് കീഴടങ്ങിയില്ല. ഭരണകൂട ആശ്രിതർ ക്ലാസ് മുറികൾ പൂട്ടി. എന്നാൽ നീലാകാശത്തിനു കീഴിൽ ക്ലാസ് മുറികൾ സജീവമായി. തങ്ങൾക്ക് വെല്ലുവിളിയായ ആശയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ സംവാദം നടത്തി. അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ തീവ്രത തിരിച്ചറിഞ്ഞുവെന്ന് വിദ്യാർത്ഥികളുടെ ധീരമായ നടപടികൾ തെളിയിച്ചു. രാജ്യത്തൊട്ടാകെ വിദ്യാർത്ഥികൾ നേരിടുന്ന പിരിമുറുക്കം പ്രതിഫലിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ഘടന ആക്രമണം നേരിടേണ്ടി വന്നപ്പോഴെല്ലാം അത് ഭൂരിപക്ഷമേൽക്കോയ്മയിൽ വിശ്വസിക്കുന്നവരിൽ നിന്ന് മാത്രമായിരുന്നു എന്നതും വ്യക്തമായിരുന്നു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും തീവ്രഹിന്ദുത്വ വേർതിരിവിൽ രാജ്യത്തെ ആകമാനം പുനർനിർമ്മിക്കാനായിരുന്നു എക്കാലവും അവർ കരുക്കൾ നീക്കിയത്. വിഭജന കാലഘട്ടത്തിലായിരുന്നു മുമ്പ് ഇങ്ങനെ നടന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. സ്ത്രീകൾക്ക് നേരെയുണ്ടായ ക്രൂരത സങ്കല്പിക്കാൻ ആകുമായിരുന്നില്ല. ഒരു വിഭജനരേഖ ചമച്ച് രാജ്യത്തെ രണ്ടായി മുറിച്ചു.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തപ്പോഴും ഭൂരിപക്ഷമേൽക്കോയ്മയിൽ തിമിർക്കുന്നവരുടെ ആഘോഷം കണ്ടു. ഒരു ന്യൂനപക്ഷ സമുദായം തങ്ങൾക്ക് ഏറ്റവും പവിത്രമെന്ന് കരുതിപോന്നയിടം അതിക്രമിക്കപ്പെട്ടു. മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ നോവിന്റെ മുറിപ്പാടു മാത്രം അവശേഷിച്ചു. ചില ഗതകാല സന്ദർഭങ്ങളിലേക്കാണ് ജനങ്ങളെ ഇപ്പോൾ വലിച്ചിഴക്കുന്നത്. ജനം തങ്ങളുടേതായ സാഹിത്യം, സംസ്കാരം, ജീവിതരീതി എന്നിവ പ്രതിഫലിപ്പിക്കുന്ന നിരവധി കൈവഴികളിലൂടെ നീങ്ങുന്നു. എല്ലാം ഒരുമിച്ച് അവരുടെ ലോകവീക്ഷണം നിർമ്മിക്കുന്നു. അത് ബഹുമാനിക്കപ്പെടണം. സ്വാതന്ത്ര്യപൂർവ നാളുകളിലെ ദേശീയ വിമോചന സമരം തീർത്ത ദേശീയതയുടെ മുഖ്യധാരയും കാണണം. ദേശീയതയുടെ വികാസം വളർത്തിയതാണ് രാജ്യത്തു വിളങ്ങിയ നാനാത്വത്തിൽ ഏകത്വം. ‘വിപ്ലവ ദേശീയത’ എന്ന് പ്രൊഫ. മൃദുല മുഖർജി വിളിച്ചതും ഇതിനെയാണ്. ഇവിടെ ഭരണഘടനാ സംരക്ഷണം തണലായി. ജനം തങ്ങളുടെ വേറിട്ട ഉണ്മയും അസ്തിത്വവും നിലനിർത്തുമ്പോഴും വ്യത്യസ്തരായവരെ ബഹുമാനിക്കാൻ പഠിപ്പിച്ചു. എല്ലാവരും ഒന്നായിരുന്നു. ജനജീവിതം മാനവികതയിലൂന്നിയതാണ്. അനിവാര്യമെങ്കിൽ അതിനായി ജീവത്യാഗത്തിനും സന്നദ്ധരാകും. ദേശീയ വിമോചന പോരാട്ടം അതിന്റെ വേദനയിലും ചോരയിലും ദാരിദ്ര്യത്തിലും പകർച്ചവ്യാധികളിലും ജനസമൂഹത്തിന്റെ വൈവിധ്യവും ബഹുത്വത്തിൽ അന്തർലീനവുമായ ഏകത്വം വെളിപ്പെടുത്തി. സാഹോദര്യവും സ്വാതന്ത്ര്യവും സമത്വവും കലരുന്ന മതേതരത്വത്തിന്റെയും ജനാധിപത്യതത്വങ്ങളുടെയും ഏകരൂപമായ മാനവിക അടിത്തറയിൽ രാജ്യം രൂപപ്പെട്ടത് ഇങ്ങനെയാണ്. ജന്മിത്വത്തിന് ശേഷമുള്ള കാലഘട്ടത്തിന്റെ സംഭാവനയാണിത്. ജാതി ഒരു തടസമല്ലാത്തപ്പോൾ, അവസരങ്ങളും ഉറവിടങ്ങളും ലിംഗഭേദവും മാനവികതയുടെ മുന്നേറ്റങ്ങളിലും പോരാട്ടങ്ങളിലും അണിനിരക്കുന്നതിന് ആർക്കും തടസമായില്ല.


ഇതുകൂടി വായിക്കൂ : രാഷ്ട്രീയ ഹിന്ദു


1895ൽ ബാലഗംഗാധര തിലകൻ ഇന്ത്യൻ ഭരണഘടനാ ബിൽ കൊണ്ടുവന്ന് വോട്ടവകാശം ആവശ്യപ്പെടുമ്പോൾ ലക്ഷ്യം പ്രായപൂർത്തി വോട്ടവകാശം സ്ത്രീകൾക്കും പുരുഷന്മാർക്കും സാർവത്രികമായിരുന്നു. രാജ്യത്ത് ഭരണഘടന ഔപചാരികമായി അംഗീകരിക്കുന്നതിന് അമ്പത് വർഷം മുമ്പായിരുന്നു ഇത്. ‘ആധുനിക ഇന്ത്യയുടെ പിതാവ്’, എന്ന് ബഹുമാനിക്കപ്പെടുന്ന രാജാ റാം മോഹൻ റോയ് പൗരാവകാശങ്ങൾക്കായി പോരാടി. ആ പോരാട്ടം ഇന്നും തുടരുന്നു. എന്നാൽ വർത്തമാനത്തിൽ ഹിന്ദു ദേശീയതയുടെ വേരുകൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്ന് ഘോഷിക്കുന്നവരാകട്ടെ വർഗീയ വിഷം തുപ്പുന്നു. ഹിന്ദുവല്ലാത്ത ഇതര സമുദായങ്ങൾ ഹീനമെന്ന ചിന്ത കുത്തിവയ്ക്കാനുള്ള ശ്രമങ്ങളും കൂടെ നടക്കുന്നു. ഇതര കാഴ്ചപ്പാടുകൾ അംഗീകരിക്കുന്നില്ല, സഹിഷ്ണുതയോടെ ഒന്നിനെയും സ്വീകരിക്കുന്നുമില്ല. ഈ വന്യ മനോഭാവമാണ് ആഴ്ചകളായി നടന്ന അക്രമണങ്ങൾക്ക് ആധാരം. നിരവധി തവണ വിദ്യാർത്ഥികളും അധ്യാപകരും ക്രൂരമായി ആക്രമിക്കപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു വേട്ടകളെല്ലാം. അന്ധരും മൂകരുമായിരുന്നു പൊലീസ്. ദേശീയതയുടെ പേരിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംവാദങ്ങളോ ചർച്ചകളോ അവരുടെ ചിന്തകളിലില്ലായിരുന്നു. സംവാദങ്ങൾക്കു പകരം ശാരീരിക ആക്രമണങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവരുടെ പ്രമേയമായി ‘ദേശീയത’. പക്ഷെ ജനം ഒന്നറിഞ്ഞു. ഹിന്ദു ദേശീയത അതിന്റെ ഏകത്വത്തിലാണ് നിലനിൽക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ബോധം നിയന്ത്രിക്കാനും വിധേയമാക്കാനും അത് ആഗ്രഹിക്കുന്നു. ഇറ്റലിയിലെ ഫാസിസത്തിൽ നിന്നും ജർമ്മനിയിലെ നാസിസത്തിൽ നിന്നും വ്യതിരിക്തമാണ് ആർഎസ്എസ്. ഹിന്ദുവായി പുതിയൊരു ജനസമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഉപാധിയായി സമൂഹത്തെ മൊത്തത്തിൽ പുനഃസംഘടിപ്പിക്കുന്നതിനാണ് അവർ പരിശ്രമിക്കുന്നത്. അവരുടെ ദേശീയത ഇതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദുത്വത്തിന് തുല്യമായി മറ്റൊരു സമുദായവും ഇല്ല. ഇതര സമുദായങ്ങൾ ഹിന്ദുത്വത്തിന് കീഴടങ്ങണം.


ഇതുകൂടി വായിക്കൂ : അണിയറയിൽ ഹിന്ദുരാജ്യം: ഭരണഘടന തയ്യാറാകുന്നു


‘മറ്റുള്ളവരെല്ലാം’ വംശീയമായി തങ്ങളെക്കാൾ താഴ്ന്നവരാണെന്ന് ഹിന്ദുക്കൾ കരുതണം. മറ്റുള്ള സമുദായങ്ങൾ അന്യരാണ്, ആക്രമണകാരികളാണ്. അവരുടെ വ്യക്തിത്വം ഹിന്ദു സംസ്കാരത്തിൽ ലയിപ്പിക്കുകയും അവർ മതപരിവർത്തനം നടത്തുകയും വേണം. പരമ്പരാഗത സാംസ്കാരിക സവിശേഷതകൾ പുനർവ്യാഖ്യാനം ചെയ്യുന്നതിലും അവ സംരക്ഷിക്കുന്നതിലും ചിഹ്നങ്ങൾക്കും ആചാരങ്ങൾക്കും പുതിയ അർത്ഥം നൽകാനും ആർഎസ്എസ് പരിശ്രമിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ വഴിതെറ്റിയ സ്വാധീനത്തിനുള്ള പ്രതികരണം എന്ന മറവിൽ ഇങ്ങനെ ഹിന്ദുമതത്തിന് അന്യമായ ആചാരങ്ങൾ അവതരിപ്പിച്ച് ഹിന്ദു സ്വത്വത്തെ പുനർനിർവചിക്കാൻ വി ഡി സവർക്കർ ശ്രമിച്ചു. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് തന്റെ അനുയായികളെ അകലെ നിർത്താനും ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കടക്കാനും ‘വേദ സുവർണകാലം’ എന്ന ആശയം അവതരിപ്പിച്ചു. ഇത് വർഗീയ ഹിന്ദു ദേശീയതയുടെ മൂലക്കല്ലായി. നഷ്ടപ്പെട്ട പാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തിനുള്ള അടിസ്ഥാനമായി അവതരിപ്പിക്കപ്പെട്ടു. അത് ലളിതമായ മതോദ്ധാരണ മനോഭാവത്തിന് വഴിയൊരുക്കുകയായിരുന്നു. ഫാസിസത്തിന് അനിവാര്യമായ ഘടകവുമാണിത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.