23 December 2024, Monday
KSFE Galaxy Chits Banner 2

നവകേരള സ്റ്റോര്‍ ഒരു ലോകമാതൃക

Janayugom Webdesk
May 18, 2023 5:00 am

റ്റമുറി പീടികയിൽ മരത്തിന്റെ മേശയിലെ തടിച്ച കണക്കുപുസ്തകത്തിനു പിന്നിലിരിക്കുന്ന ‌കടക്കാരൻ. കടയിലേക്ക് സഞ്ചിയും കന്നാസുമായി വരുന്നവർ കയ്യിലെ കാലിക്കോ പുറംചട്ടയുള്ള കാർഡുകൾ മേശപ്പുറത്ത് ഒന്നിനുമേല്‍ ഒന്നായി വയ്ക്കുന്നു. കുറച്ചുസമയം കഴിഞ്ഞ് ഈ കാർഡുകളുടെ അട്ടി തലകീഴായി തിരിച്ചുവയ്ക്കുന്ന കടക്കാരന്‍ ഓരോരുത്തരുടെ പേര് വിളിക്കുന്നു. ഊഴമനുസരിച്ച് അരിയും ഗോതമ്പും പഞ്ചസാരവും മണ്ണെണ്ണയും വാങ്ങി മടങ്ങിയിരുന്ന റേഷന്‍കടകള്‍ ഇപ്പോള്‍ പഴമക്കാരുടെ ഓര്‍മ്മയില്‍ മാത്രമാണ്. മാറിമാറി ഭരണത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരുകളുടെ ഇടപെടല്‍ കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങളെ കാലോചിതം പരിഷ്കൃതവും ഗുണഭോക്തൃ സൗഹാര്‍ദവുമാക്കി. ഇപ്പോഴിതാ നവകേരളത്തിന്റെ മിനി ഷോപ്പിങ് കോംപ്ലക്സുകളാക്കി റേഷന്‍കടകളെ മാറ്റുന്ന വികസനത്തിന്റെ പുതിയചരിത്രവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു കെ സ്റ്റോർ എന്ന പദ്ധതിയിലൂടെ. പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് കെ സ്റ്റാേര്‍ എന്ന കേരള സ്റ്റോര്‍. റേഷൻ കടകളിൽ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. നിത്യോപയോഗ സാധനങ്ങൾ മുതൽ പാചകവാതകം വരെ ലഭ്യമാകുന്ന തരത്തിലാണ് റേഷൻ കടകൾ സ്മാർട്ടാകുന്നത്. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ, മിനി ഗ്യാസ് ഏജൻസി, മിൽമാ ബൂത്ത് എന്നിവയെല്ലാം ഒന്നിച്ചുചേർന്ന മിനി ഷോപ്പിങ് കോംപ്ലക്സ് അനുഭവമായിരിക്കും ഗുണഭോക്താവിന് കെ സ്റ്റാേര്‍ നല്‍കുക.


ഇതുകൂടി വായിക്കൂ: മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും


സംസ്ഥാനത്തെ 850ഓളം റേഷൻ വ്യാപാരികള്‍ ഈ പദ്ധതി നടപ്പാക്കാന്‍ സന്നദ്ധരാണെങ്കിലും ആദ്യഘട്ടത്തിൽ 108 റേഷൻകടകളാണ് കെ സ്റ്റോറുകളായി മാറുന്നത്. ഇക്കൊല്ലം തന്നെ 1,000 കെ സ്റ്റോറുകള്‍ നിലവില്‍ വരുമെന്ന് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. വൈദ്യുതി, വാട്ടർ ബിൽ തുടങ്ങിയ യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി, മിൽമ ഉല്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിലുണ്ടാകും. ഡിജിറ്റൽ രൂപത്തിൽ വില നല്കാനാകും എന്നതിനു പുറമെ ചെറിയ ബാങ്ക് ഇടപാടുകൾ നടത്താനും അക്കൗണ്ടിൽനിന്നും തുക പിൻവലിക്കാനുമുള്ള സംവിധാനവും കെ സ്റ്റോറിലുണ്ടാകും. 10,000 രൂപ വരെയാണ് ഇത്തരത്തില്‍ ഇടപാട് നടത്താൻ കഴിയുക. കു​റ​ഞ്ഞ​ത് 300 ച​തു​ര​ശ്രയ​ടി വി​സ്തീ​ർ​ണമുള്ള കടകള്‍ക്കാണ് പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള യോഗ്യത. ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ​പ്ലൈ​കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ, ബാ​ങ്കു​ക​ൾ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ സേ​വ​നം ല​ഭ്യമല്ലാത്ത റേ​ഷ​ൻ ക​ട​കളെയാണ് ആദ്യം പരിഗണിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതോടൊപ്പം റേഷൻ വ്യാപാരികളുടെ വരുമാനവര്‍ധനവും പൊതുമേഖലയിൽ നിന്നും സൂക്ഷ്മ‑ചെറുകിട–ഇടത്തരം സംരംഭകമേഖലയിൽ നിന്നുമുള്ള ഉല്പന്നങ്ങളുടെ വിപണന സാധ്യതയും പദ്ധതിയുടെ നേട്ടമാണ്.


ഇതുകൂടി വായിക്കൂ: സംസ്ഥാനത്തെ പൊതുവിതരണവും ഓണക്കാലവും


1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കിലുള്ള അരിവിതരണം തുടങ്ങിയിരുന്നു. 1964ലെ ഭക്ഷ്യക്ഷാമം വരെ അത് തുടര്‍ന്നു. 1965ലാണ് റേഷന്‍ സംവിധാനത്തിന് തുടക്കമായത്. 1980ലെത്തുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും റേഷന്‍ കൊടുക്കുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളം നേടി. റേഷൻ കടകളിലൂടെയും, മാവേലി സ്റ്റോറുകൾ വഴിയും ഇടതുപക്ഷ സര്‍ക്കാരുകള്‍ ഉണ്ടാക്കിയെടുത്ത പൊതുവിതരണ സമ്പ്രദായം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. 500 കുടുംബങ്ങൾക്ക് ഒരു റേഷൻ കട എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച സംസ്ഥാനത്തെ പൊതു വിതരണ സമ്പ്രദായം ജനങ്ങളുടെ ജീവിത നിലവാരം വളരെയേറെ ഉയർത്തി. 2007ലാണ് ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡ് നല്കിത്തുടങ്ങിയത്. 2013ലെ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള റേഷൻ വിതരണം 2017 മുതൽ കേരളം നടപ്പാക്കി. അർഹരായ എല്ലാ ജനങ്ങൾക്കും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണിത്. കാലം മാറുന്നതനുസരിച്ച് റേഷൻ കടയോടൊപ്പം കാർഡിന്റെ രൂപവും മാറി. സംസ്ഥാനത്ത് മുഴുവന്‍ സ്മാർട്ട് റേഷൻ കാർഡുകളാണിപ്പോള്‍. ആധാർ കാർഡ് മാതൃകയിലുള്ളതാണിത്. കേരളത്തിലെ 14,000ത്തോളം റേഷൻ കടകളും ഘട്ടംഘട്ടമായി സ്മാർട്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ വാങ്ങാനും പുതിയ അക്കൗണ്ട് തുറക്കാനുമെല്ലാം ഇനി കെ സ്റ്റോറിലെത്തിയാല്‍ മതിയാവും എന്നത് രാജ്യത്തിനെന്നല്ല, ലോകത്തിനു തന്നെ മാതൃകയാകുന്ന വികസനമാണ്.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.