അടുത്ത അധ്യയന വര്‍ഷത്തെ പുതുക്കിയ പാഠപുസ്തകങ്ങളില്‍ ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന സംഭവ വികാസങ്ങള്‍ ഒഴിവാക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടുമുണ്ട്. ഇളംപ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ സങ്കീര്‍ണമായ ചരിത്ര ഭാഗങ്ങള്‍ പഠിക്കുന്നത് അവരില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന വിചിത്രമായ വാദമാണ് എന്‍സിഇആര്‍ടി അവതരിപ്പിച്ചത്. എന്നാല്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിന് അനിഷ്ടകരമായ ചരിത്രഭാഗങ്ങളും വര്‍ത്തമാന ഇന്ത്യയെക്കുറിച്ചുള്ള വസ്തുതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഔദ്യോഗികമായി വിശദീകരിച്ചതിനപ്പുറം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ഉള്‍പ്പെടുത്തിയ പല ഭാഗങ്ങളും ഒഴിവാക്കിയെന്ന പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഭരിക്കുന്ന ബിജെപിക്കും അതിന്റെ നേതാക്കള്‍ക്കും രാജ്യത്തിന്റെ പൂര്‍വ ചരിത്രം അത്രമേല്‍ ഭയപ്പാടുണ്ടാക്കുന്നതാണ്. ആ ചരിത്രത്തില്‍ ഒരിടത്തും, തീവ്ര ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ആര്‍എസ്എസിന്റെ മുന്‍കാല നേതാക്കളായ, ശരിക്കുവേണ്ടി നിലകൊണ്ട ഒരാളിന്റെയും പേരില്ലെന്നതു മാത്രമല്ല, വിപരീത വില്ലന്‍ കഥാപാത്രങ്ങളായി ഉള്‍പ്പെട്ടിരിക്കുന്നു എന്നതും അവരെ അലോസരപ്പെടുത്തുന്നു. രാജ്യസ്നേഹികളായ നേതാക്കള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിക്കുകയും മര്‍ദനവും മരണവും ഏറ്റുവാങ്ങുകയും ചെയ്തപ്പോള്‍ മാപ്പെഴുതിയും ഒറ്റുകൊടുത്തും ബ്രിട്ടീഷ് വിധേയത്വം കാട്ടിയവര്‍ എന്ന നിലയിലാണ് ചില പേരുകളെങ്കിലും ചരിത്രത്തില്‍ പതിഞ്ഞു കിടക്കുന്നത്. അങ്ങനെ ഒറ്റുകാരായും മാപ്പെഴുതി നല്കിയവരായും കൊന്നവരായും പതിഞ്ഞ പേരുകള്‍ ഒഴിവാക്കപ്പെടണമെങ്കില്‍ അതുള്‍പ്പെടുന്ന ചരിത്ര ഭാഗങ്ങള്‍ അപ്പാടെ നീക്കം ചെയ്യണം. അതുകൊണ്ടാണ് ചരിത്ര പുസ്തകങ്ങളില്‍ നിന്ന് പല ഭാഗങ്ങളും വെട്ടി മാറ്റിയത്.
ഗാന്ധിവധവും ആര്‍എസ്എസ് നിരോധനവും ഗുജറാത്ത് കലാപവുമൊക്കെ പഠിക്കേണ്ടെന്നാണ് എന്‍സിഇആര്‍ടിയുടെ തിട്ടൂരം. ആ ഭാഗങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മനസില്‍ ആരാണ് ഗാന്ധിയെ കൊന്നതെന്നും എന്തിനാണ് ആര്‍എസ്എസിനെ നിരോധിച്ചതെന്നും എന്തുകൊണ്ടാണ് ഗുജറാത്ത് കലാപമുണ്ടായതെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരുമെന്നുറപ്പാണ്. അതിനുള്ള ഉത്തരങ്ങള്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നവരുടെ യഥാര്‍ത്ഥ രൂപം വെളിപ്പെടുത്തുന്നതായിരിക്കുകയും ചെയ്യും. ഒഴിവാക്കിയ ചരിത്ര പാഠങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ വർഗീയ വിദ്വേഷം പടർത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആർഎസ്എസ് പോലുള്ളവയ്ക്കും കുറച്ചുകാലത്തേക്ക് വിലക്കേർപ്പെടുത്തി, ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങളാണ് ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചത്, അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി തുടങ്ങിയ പാഠങ്ങള്‍ ഭരണാധികാരികളെ ഭയപ്പെടുത്തുന്നു എന്ന് മാത്രമല്ല പുതിയ തലമുറയ്ക്കു മുന്നില്‍ അവരുടെ നഗ്നത തുറന്നുകാട്ടുകയും ചെയ്യുന്നു. മുഗള്‍ ഭരണം, ജാതി വ്യവസ്ഥ, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, വ്യവസായ വിപ്ലവം തുടങ്ങിയ ഭാഗങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
ഇതിന് പുറമേയാണ് അത്യാര്‍ത്തിപൂണ്ട കോര്‍പറേറ്റ് വികസന കാഴ്ചപ്പാടുകളെ താലോലിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി, വര്‍ത്തമാന വെല്ലുവിളികള്‍ സൂചിപ്പിക്കുന്ന പാഠങ്ങളും ഒഴിവാക്കിയത്. നമ്മുടെ രാജ്യം മാത്രമല്ല ലോകം തന്നെ വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് പരിസ്ഥിതിയും അതുവഴി മനുഷ്യരാശിയും നേരിടുന്ന വെല്ലുവിളികള്‍. കോര്‍പറേറ്റ് ലാഭേച്ഛയുടെ ഫലമായി നടക്കുന്ന അമിത പ്രകൃതി ചൂഷണം ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. അതുപക്ഷേ കോര്‍പറേറ്റ് ലാഭതാല്പര്യങ്ങള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന ഭരണ നയങ്ങള്‍ക്കും എതിരാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥി അവ പഠിക്കേണ്ടതില്ലെന്ന് എന്‍സിഇആര്‍ടി തീരുമാനിച്ചിരിക്കുന്നു. സോഷ്യോളജി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ അതാണ് തെളിയിക്കുന്നത്. പരിസ്ഥിതി പ്രശ്നം എന്തുകൊണ്ടാണ് സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നത് എന്ന തലക്കെട്ടിലുള്ള മൂന്ന് പേജ് അധ്യായമാണ് പൂര്‍ണമായും ഒഴിവാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുകയും കാര്‍ഷിക പ്രതിസന്ധി അഭിമുഖീകരിക്കുകയും കര്‍ഷക ആത്മഹത്യ നടക്കുകയും ചെയ്യുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ ജലപ്രതിസന്ധി ഉള്‍പ്പെടെയാണ് ഒഴിവാക്കിയത്. വാസിപ്പൂര്‍ വ്യവസായ മേഖലയില്‍ 18 കാരനായ തൊഴിലാളി ഉള്‍പ്പെടെ അഞ്ചുപേരെ ഡല്‍ഹി പൊലീസ് കൊല ചെയ്ത സംഭവവും ഒഴിവാക്കി. അത്തരം ചരിത്രപരമായ വസ്തുതകളും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും പഠിച്ചു വളരുന്ന പുതിയ തലമുറയെ ബിജെപി വല്ലാതെ ഭയക്കുന്നു. അതുകൊണ്ട് മാനസികമായി അന്ധവും ബധിരവുമായൊരു തലമുറയെ സൃഷ്ടിക്കുന്നതിനാണ് അവരുടെ ശ്രമം. മാനസികമായി വന്ധ്യംകരിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് പ്രതിലോമ ആശയങ്ങള്‍ക്ക് ബീജാവാപം നടത്തുവാന്‍ സാധിക്കുകയെന്ന് കേന്ദ്ര ഭരണാധികാരികള്‍ക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രതിഫലംപറ്റുന്ന വിനീതദാസന്മാര്‍ക്കും നന്നായറിയാം. അതാണവര്‍ അമിത ജോലി ചെയ്ത് നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.