17 May 2024, Friday

നവലിബറൽ നയങ്ങൾ ഇന്ത്യയെ പുറകോട്ടടിപ്പിച്ചു: കാനം രാജേന്ദ്രന്‍

Janayugom Webdesk
കാസർകോട്
September 2, 2021 8:52 pm

നവലിബറൽ നയങ്ങൾ നാം നേടിയ നേട്ടത്തിൽ നിന്നും ഇന്ത്യയെ പുറകോട്ടടിപ്പിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പുത്തൻ സാമ്പത്തിക നയത്തിന്റെ 30 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ‘ഇന്ത്യ എന്ത് നേടി’ എന്ന ശീർഷകത്തിൽ ഓൺലൈനായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര സിപിഐ കാസർകോട് ജില്ലാ കൗൺസിലിന്റെ ഫേയ്സ്ബുക്ക് പേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിൽ പുതിയ സാമ്പത്തിക നയം അംഗീകരിച്ച ശേഷം വിദേശനയത്തിലും മൗലികമായ മാറ്റം വരുത്താനുള്ള ശ്രമമുണ്ടായി. ആസൂത്രണ സംവിധാനം അട്ടിമറിക്കപ്പെട്ടു. പ്ലാനിങ് കമ്മിഷന് പകരം ഉദ്യോഗസ്ഥർ ഭരിക്കുന്ന നീതി ആയോഗിനെ പ്രതിഷ്ഠിച്ചു. ആസൂത്രണത്തിന്റെ ജനകീയമുഖം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമൂലധന ശക്തികൾക്ക് വിട്ട് കൊടുത്തു. വർഷങ്ങൾ കൊണ്ട് രാജ്യംആർജ്ജിച്ച സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തു. പൊതുമേഖലയെ അപ്രസക്തമാക്കി. 

ഭരണകൂടം ചങ്ങാത്ത മുതലാളിമാർക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ്. ഇതിനെതിരെ ചെറുത്ത് നിൽക്കാൻ രാജ്യത്ത് ട്രേഡ് യൂണിയൻ, കർഷക സംഘടനകളുടെ ഐക്യം മുന്നോട്ടുവന്നു. ഒരു ഭാഗത്ത് നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ഭരണകൂടം ആസൂത്രിതമായ പരിശ്രമം നടത്തുമ്പോൾ മറുഭാഗത്തിൽ തൊഴിലാളികളുടെയും കർഷകരുടെയും ഐക്യം വളർന്നു വരികയാണ്. ഈ ഐക്യം ഭരണകൂടത്തിന്റെ നീക്കത്തിന് പലപ്പോഴും വിലങ്ങുതടിയായി മാറിയിരുന്നു. എന്നാൽ ഇത് പരിഷ്കാര നടപടികൾക്ക് കാലതാമസം ഉണ്ടാക്കാൻ മാത്രമേ സഹായിച്ചുള്ളു. നവലിബറൽ സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയവർ തന്നെ പിന്നീട് ഈ നയം സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുമെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും വളർത്തുമെന്നും സമ്മതിക്കുകയുണ്ടായി. ലോകത്തെമ്പാടും ഈ നയം തകരുമ്പോൾ ഇന്ത്യയിൽ ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 

പാർലമെന്റിനെ കേന്ദ്ര സർക്കാർ ഹാസ്യവേദിയാക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അത് ചർച്ച ചെയ്യാതെ ബഹളമുണ്ടാക്കി നിയമം പാസാക്കലാണ് ഇപ്പോഴത്തെ രീതി. തൊഴിലാളി-കർഷക ദ്രോഹ നിയമങ്ങൾ പാസ്സാക്കുന്നു. സ്റ്റേറ്റ് ലിസ്റ്റിൽപെട്ട വകുപ്പുകളിൽ കേന്ദ്രനിയമം വരുന്നു. ഭരണഘടനയെ വെല്ലുവിളിക്കുന്നു. ഇതെല്ലാം ചെറുക്കേണ്ടത് ജനകീയ പ്രസ്ഥാനങ്ങളുടെ ചുമതലയാണ്. ഇതിന് യോജിച്ച സമരം വളർന്നു വരണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഒരാഴ്ചക്കാലം നിണ്ടുനിൽക്കുന്ന പരിപാടിയിൽ എല്ലാ ദിവസവും രാത്രി എട്ട് മണി വരെ പ്രഭാഷണങ്ങൾ നടക്കും. കേരളത്തിലെ രാഷ്ട്രീയ‑സാമൂഹ്യ‑അക്കാദമിക രംഗത്തെ പ്രഗത്ഭമതികൾ പങ്കെടുക്കും. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവിരാമൻ, സാമ്പത്തിക വിദഗ്ദനായ പി എ വാസുദേവൻ, ജെ ഉദയഭാനു, ഡോ. കെ പി വിപിൻചന്ദ്രൻ, കെ എസ് കൃഷ്ണ, എം ജി രാഹുൽ എന്നിവർ വിവിധ മേഖലകളെക്കുറിച്ച് പ്രഭാഷണം നടത്തും.

ENGLISH SUMMARY:Neoliberal poli­cies have pushed India back­wards: Kanam Rajendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.