14 November 2024, Thursday
KSFE Galaxy Chits Banner 2

പെണ്ണൊരുമയിൽ പുതു ചരിത്രം

Janayugom Webdesk
കാഞ്ഞങ്ങാട്
April 23, 2022 2:06 pm

പരിസര ശുചിത്വം ഹരിത കർമ്മ സേനയുടെ കൈകളിൽ ഭദ്രം. പെണ്ണൊരുമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ഹരിത കർമ്മ സേന. ഒരു വർഷം കൊണ്ട് ജില്ലയിൽ നിന്നും കയറ്റി അയച്ചത് 1500 ടൺ മാലിന്യം. ജില്ലയിലെ രണ്ട് നഗരസഭകളിൽ നിന്നും 28 ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഒരു വർഷത്തിനകം ഹരിത കർമ്മ സേന പ്രവര്‍ത്തകര്‍ കയറ്റി അയച്ചത് 1500 ടൺ മാലിന്യമാണ്. 28 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി ആയിരത്തോളം പേർ ഒത്തു ചേർന്ന് സൃഷ്ടിച്ചെടുത്തത് പുതു ചരിത്രവും. മാലിന്യത്തെ ജീവിതമാർഗ്ഗമാക്കാനും പണം കണ്ടെത്താനും സാധിക്കുമെന്ന് 10 വർഷമായി തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാഥാപനമാണ് ചെറുവത്തൂരിലെ മെഹ്ബൂബ ഇക്കോ സൊല്യൂഷൻ കമ്പനി. കഴിഞ്ഞ ഒരു വർഷത്തിനകം ജില്ലയിൽ നിന്നും ഇത്രയധികം മാലിന്യം സംസ്കരിച്ച ശേഷം കയറ്റിയയച്ച് നാടിനും ജില്ലയ്ക്കും മാതൃകയായിരിക്കുകയാണ് ഈ സ്ഥാപനം. ഹരിത കർമ്മ സേനയിലൂടെയാണ് മാലിന്യ സംസ്കരണം എന്ന പ്രക്രിയ യാഥാർത്ഥ്യമായത്. 6 വർഷം മുമ്പ് മൂക്ക് പൊത്തി മാത്രം നടന്നിരുന്ന കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഇന്ന് ഹരിത സുഗന്ധം. അഞ്ച് വർഷം മുമ്പ് തെരുവുനായ്ക്കളും, ദുർഗന്ധവും, പകർച്ച വ്യാധിയും കാരണം ജനകീയ ഇടപെടലിനെ തുടർന്ന് കാര്യക്ഷമതയില്ലാത്ത അന്നത്തെ ഭരണനേതൃത്വത്തിന് സംസ്കരണ കേന്ദ്രം അടച്ചു പൂട്ടേണ്ടി വന്നിരുന്നു. ഒരു കാലത്ത് നഗരസഭയുടെ തെരുവ് പട്ടി വളർത്തൽ കേന്ദ്രമായിരുന്നു ഇവിടം. എന്നാല്‍ മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇന്ന് തെരുവ് നായ്ക്കള്‍ ആ വഴി വരാതായി. മൂക്കുപൊത്തി പോയവർ ഇന്ന് മൂക്കത്ത് വിരൽ വെച്ചാണ് ഇതിന്റെ അകം നോക്കി കാണുന്നത്. കുടുംബശ്രീ സിഡിഎസ്സിന്റെ 39 ഹരിത കർമ്മ സേനയിലെ സ്ത്രീ കൂട്ടായ്മ്മയുടെ വിജയം നാടിനും ഭരണകൂടത്തിനും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. മാലിന്യത്തിലൂടെ അലങ്കാര വസ്തുക്കൾ, ചാക്കുകൾ, ചവിട്ടികൾ എന്നു വേണ്ട കുടുംബശ്രീ ഹരിതസേനയുടെ വളയിട്ട കൈകളിൽ സംസ്കരണം ഭദ്രം. ഇച്ഛാശക്തിയും കാര്യശേഷിയുമുള്ള ഒരു ഇടതു പക്ഷ ഭരണത്തിലൂടെ നേടിയത് മികച്ച നേട്ടവും. ഇത് ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളും മാതൃകയാക്കി കഴിഞ്ഞപ്പോള്‍ നാടിനെ മാലിന്യമുക്തമാന്‍ പ്രയാസം നേരിട്ടില്ല. ശുചിത്വ മിഷൻ ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണവും ഈ മാറ്റത്തിന് മുതല്‍കൂട്ടാണ്. കയറ്റി അയച്ചതിൽ 800 ടൺ പ്ലാസ്റ്റിക് മാലിന്യവും 350 ടൺ കുപ്പിച്ചില്ലും ഉൾപ്പെടും. ഗുജറാത്ത്, ഈ റോഡ്, പൂന്നെ, മുംബൈ, ഡൽഹി എന്നീ സ്ഥലങ്ങളിലെ വലിയ കമ്പനികളിലേക്കാണ് മാലിന്യം കയറ്റി അയച്ചത്. ഹരിത കർമ്മ സേനയിലൂടെ ശേഖരിക്കുന്ന മാലിന്യം മെറ്റീരിയൽ റിക്കവറി സെന്ററിൽ നിന്നും തരം തിരിച്ച് കയറ്റി അയക്കാൻ പാകത്തിൽ കെട്ടുകളാക്കി ആവശ്യമുള്ള കമ്പനികൾക്ക് നൽകും. കഴിഞ്ഞ കോവിഡ് കാലത്തു പോലും മാലിന്യ സംസ്ക്കരണ പ്രക്രിയ നല്ല നിലയിൽ നടത്തുവാൻ സാധിച്ചു. മാലിന്യ സംസ്കരണത്തൊഴിലിലൂടെ ആയിരത്തോളം കുടുംബങ്ങളുടെ അടുപ്പുകള്‍ പുകയുന്നതും മികച്ച നേട്ടമാണ്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.