23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 28, 2024
September 17, 2023
September 12, 2023
June 9, 2023
June 7, 2023
June 4, 2023
May 29, 2023
May 29, 2023
May 29, 2023
May 26, 2023

ആധുനിക ശകുനികൾ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
June 4, 2023 4:30 am

ഇന്ത്യ പിന്തുടരുന്ന പാർലമെന്ററി ജനാധിപത്യം മോഡിയുടെ കരങ്ങളാൽ കശാപ്പു ചെയ്യപ്പെടുകയാണോ എന്ന് തോന്നിപ്പോകുന്ന സംഭവങ്ങളാണ് ഇന്ന് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾക്കൊപ്പം മതനിരപേക്ഷതയും ജനങ്ങൾ തമ്മിലുളള ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും തുടർച്ചയായി വെല്ലുവിളിക്കപ്പെടുന്നു. കേന്ദ്ര ഭരണകൂടമാണ് ഇതിനെല്ലാം കരുക്കൾ നീക്കുന്നത് എന്നതാണ് ഏറെ ലജ്ജാകരം. ഇന്ത്യക്ക് ജനാധിപത്യം വാഴുകയില്ലെന്നു പറഞ്ഞ ബ്രിട്ടീഷ് അധികാരികളുടെ മുന്നിൽ തലയുയർത്തി നിന്നുകൊണ്ടാണ് ഈ രാജ്യം ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി വളർന്നത്. ഏഴരപ്പതിറ്റാണ്ട് പിന്നിട്ട സ്വതന്ത്രഭാരതം പാർലമെന്ററി ജനാധിപത്യത്തിൽക്കൂടി കൊണ്ടും കൊടുത്തും വളർന്നു. എന്നാൽ ഇന്നത്തെ ഫാസിസ്റ്റ് ഭരണകൂടം പാർലമെന്റിനെയും അവർക്ക് സ്വാധീനമുള്ള സംസ്ഥാന നിയമസഭകളെയും നിശബ്ദവും നിർജീവവുമാക്കിക്കൊണ്ട് ഏകാധിപതിയുടെ രാജധാനികളായി അവയെ മാറ്റുകയാണ്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ സുരക്ഷാവാൽവ് എന്ന അഭിപ്രായത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് പ്രതിപക്ഷ ശബ്ദങ്ങളെ പാർലമെന്റിന്റെ രേഖയിൽ നിന്നുതന്നെ നീക്കം ചെയ്യുന്നു. ഒരു കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പാർലമെന്റിലെ ഏറ്റവും ശക്തരായ പ്രതിപക്ഷ അംഗങ്ങളില്‍ ഒരാളെത്തന്നെ മിന്നൽ വേഗതയിൽ അയോഗ്യനാക്കി.

രാജ്യത്തിനഭിമാനമായി മാറിയ ഗുസ്തിതാരങ്ങളിൽ ചിലർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയനാക്കണമെന്നും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ബിജെപിയുടെ പാർലമെന്റ് അംഗമായതിനാൽ ഒരു കേസുമില്ല, അറസ്റ്റുമില്ല, പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുന്നുമില്ല. രാജ്യത്തിനു വേണ്ടിയും വ്യക്തിഗതമായും നേടിയ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കിക്കളഞ്ഞും പ്രതിഷേധിക്കാൻ തയ്യാറായിട്ടും പ്രധാനമന്ത്രിയുടെ 100 എപ്പിസോഡ് പിന്നിട്ട മൻ കീ ബാത്തിൽ ഈ താരങ്ങളുടെ കണ്ണീരിനിടം കിട്ടിയില്ല. കൗശലക്കാരനായ കുറുക്കൻ കോഴിയെ സംരക്ഷിക്കാമെന്നു വാക്കുകൊടുക്കുന്നപോലെ പ്രധാനമന്ത്രി ഇപ്പോഴും സ്ത്രീകളെയും കുട്ടികളെയും മൻ കീ ബാത്തിൽക്കൂടി അനുമോദിക്കുന്നു. ബ്രിജ് ഭൂഷണിനെ പിടികൂടാന്‍ തയ്യാറാകാത്ത ഡൽഹി പൊലീസിന്റെ പുറകിൽ ആരാണുള്ളത് എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിൽ ഒന്നാണ് വടക്കു കിഴക്കൻ അതിർത്തി സംസ്ഥാനങ്ങൾ. ഭരണഘടന നിർവചിച്ചു നൽകിയ അധികാരങ്ങളെപ്പോലും മറികടന്നു കൊണ്ടാണ് മണിപ്പൂരിലെ ബിജെപി ഭരണകൂടം ‘മെയ്തി’ സമുദായത്തെ പട്ടികവർഗ വിഭാഗത്തിലുൾപ്പെടുത്തി ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാരിനോ ഹൈക്കോടതികൾക്കോ അതിനധികാരമില്ലായെന്നു വ്യക്തമാക്കിയിട്ടും ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ജനങ്ങളെ കലാപത്തിലേക്ക് തള്ളിയിട്ടു. കുക്കിവംശജർ ഉൾപ്പെടെയുള്ള ഗോത്രവർഗ വിഭാഗം സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതുവരെയുണ്ടായ പലവിധ ഏറ്റുമുട്ടലുകളിൽ 80ലധികം ആളുകൾ കൊല്ലപ്പെട്ടു. കുക്കി വിഭാഗം പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലാണിപ്പോൾ. ജനങ്ങൾ തമ്മിലുള്ള ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും തകർന്നാലും വേണ്ടില്ല, തങ്ങളുടെ രാഷ്ട്രീയ നേട്ടം മാത്രമാണ് സംഘ്പരിവാർ ഭരണകൂടം ലക്ഷ്യംവയ്ക്കുന്നത്.


ഇതുകൂടി വായിക്കൂ: പുതിയ പാര്‍ലമെന്റ് മന്ദിരവും അതിന്റെ ഉദ്ഘാടനവും


പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ച ചടങ്ങിൽ നിന്നും രാഷ്ട്രത്തലവനെ മാറ്റി നിർത്താൻ ധൈര്യം കാണിച്ച ഫാസിസ്റ്റ് ശൈലിയും നാം കണ്ടു. മതേതര ഭാരതത്തിന്റെ തിരുനെറ്റിയിൽ തറച്ചുകയറിയ ത്രിശൂലം പോലെയുള്ള ഒരു ചെങ്കോൽ പിടിച്ച് ഹിന്ദു സന്യാസ സമൂഹവുമായി നടന്നുനീങ്ങുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി. മതേതരത്വം എന്ന വാക്കുപോലും അംഗീകരിക്കുകയില്ലായെന്ന് ഉദ്ഘോഷിക്കുന്ന സംഘ്പരിവാർ ശക്തികളുടെ നേതാവ് ഹിന്ദുത്വരാഷ്ട്രത്തിന്റെ വക്താവായി മാറിയ കാഴ്ചയാണ് ആ നിമിഷങ്ങളിൽ മതേതര ഭാരതം ദർശിച്ചത്. മേമ്പൊടിക്കുവേണ്ടി സർവമത പ്രാർത്ഥന നടത്താനും സംഘ്പരിവാറിന്റെ കൗശലക്കാർ മറന്നില്ല. ഗണപതി ഹോമവും ഹിന്ദുമതാധിഷ്ഠിത പൂജകളുംകൊണ്ട് ധൂമാവൃതമായ അന്തരീക്ഷത്തിൽ അഖണ്ഡഭാരത സങ്കല്പവും കേന്ദ്ര ഭരണകൂടം പുതിയ പാർലമെന്റ് മന്ദിരത്തിൽ കോറിയിട്ടു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചുവരിലെ ചുവര്‍ച്ചിത്രങ്ങളിൽ ഗാന്ധി ഘാതകനായ നാഥുറാം വിനായക ഗോഡ്സെയുടെ അഖണ്ഡഭാരത സങ്കല്പമാണുള്ളത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും നേപ്പാളും മ്യാൻമറും ഉൾക്കൊള്ളുന്ന അഖണ്ഡഭാരതം. നേപ്പാളിലെ ലുംബിനിയും (ശ്രീബുദ്ധൻ ജനിച്ച സ്ഥലം) കപിലവസ്തുവും എല്ലാം അഖണ്ഡഭാരതത്തിൽ ഉൾപ്പെടുന്നു. ഇതിനെച്ചൊല്ലി നേപ്പാളിൽ ഇപ്പോൾത്തന്നെ ഇന്ത്യക്കെതിരെ കലാപം ആരംഭിച്ചുകഴിഞ്ഞു. നാഥുറാം ഗോഡ്സെയുടെ ആഗ്രഹപ്രകാരം അയാളുടെ ചിതാഭസ്മം അഖണ്ഡഭാരതത്തിൽ വിതറുന്നതിനുവേണ്ടി ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണല്ലോ.

മഹാഭാരതത്തിലെ ഗാന്ധാര ദേശമായ അഫ്ഗാനിസ്ഥാനും നേപ്പാളിലെ ലുംബിനിയും, കപിലവസ്തുവും, പാകിസ്ഥാനിലെ സിന്ധും, തക്ഷശിലയും എല്ലാംചേർന്ന അഖണ്ഡഭാരതം യാഥാർത്ഥ്യമാകുമ്പോൾ മാത്രമേ തന്റെ ചിതാഭസ്മം വിതറാവൂ, അതുവരെ അത് സൂക്ഷിക്കണമെന്നാണ് ഗോഡ്സെ പറഞ്ഞിട്ടുള്ളത്. അഖണ്ഡഭാരതം സ്വപ്നം കാണുന്നവരാണ് സംഘ്പരിവാറുകാർ, ഒരിക്കലും നടക്കാത്ത സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതുമോർത്ത് ഒരു ഹിന്ദുമതഭ്രാന്തന്റെ ചിതാഭസ്മത്തിന് കാവലിരിക്കുന്നവരുടെ ആത്മസംതൃപ്തിയുടെ ആവിഷ്കാരം കൂടിയാണ് നരേന്ദ്രമോഡിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിൽ വരച്ചിടാൻ നിർദേശിച്ച ചിത്രം. സർവധർമ്മ സഹിഷ്ണുതയുടെ പര്യായമായ ഹിന്ദുമതത്തെ ഹിന്ദുത്വ വർഗീയതയുടെ പ്രതീകമായി ചിത്രീകരിക്കുന്ന പുതിയ വർഗീയ രാഷ്ട്രതന്ത്രമാണ് ഇവിടെ നാം കാണുന്നത്. അസഹിഷ്ണുക്കളായ കേന്ദ്രഭരണകൂടം മുഗൾഭരണ കാലഘട്ടത്തോടൊപ്പം ഡാർവിന്റെ പരിണാമ സിദ്ധാന്തവും സർവസംഗ പരിത്യാഗിയായ മഹാത്മജിയുടെ ത്യാഗസ്മരണകളും രക്തസാക്ഷിത്വവും കുട്ടികളുടെ പഠനവിഷയങ്ങളിൽ നിന്നും വിലക്കുന്നു. ചരിത്രത്തെ പുറകോട്ടു നടത്തി പുതിയ ചരിത്രം രചിക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിന്റെ ഐക്യവും ഒത്തൊരുമയുമാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യം ക്ഷയിക്കുമെന്നും കുലം മുടിയുമെന്നുമറിഞ്ഞിട്ടും കള്ളച്ചൂതുകളിക്ക് പ്രേരിപ്പിച്ച ശകുനിയെയാണ് നിലവിലെ ഇന്ത്യൻ ഭരണാധികാരികൾ ഓർമ്മിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.