1 January 2026, Thursday

Related news

January 1, 2026
December 29, 2025
December 21, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
December 11, 2025

ചങ്ങാത്തമുതലാളിത്ത കൊള്ളയുടെ പുതിയ വെളിപ്പെടുത്തല്‍

Janayugom Webdesk
September 2, 2023 5:00 am

രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾക്ക് ഉപരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും വൻ കോർപറേറ്റുകളുടെ ലാഭതാല്പര്യങ്ങൾ എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം അത് അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളായിരുന്നുവെങ്കിൽ ഇന്നലെ അത് മറ്റൊരു പ്രബല ബഹുരാഷ്ട്രകുത്തകയായ വേദാന്തയുമായി ബന്ധപ്പെട്ടവയാണെന്ന് മാത്രം. രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിൽ അമരുകയും ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ തകരുകയും ആയിരക്കണക്കിന് ഇന്ത്യക്കാർ ഇയാംപാറ്റകളെപ്പോലെ മരിച്ചുവീഴുകയും ചെയ്ത 2021ൽ ഇന്ത്യയുടെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ വേദാന്തയും മോഡിസർക്കാരും കൈകോർത്തതിന്റെ കഥയാണ് ഇന്നലെ ‘ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി) പുറത്തുവിട്ടത്. ഇന്ത്യയിലെയും ലോകത്തെയും പ്രമുഖ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പ്രസ്തുത റിപ്പോർട്ടിനോട് മോഡിയും ബിജെപിയും പതിവ് നിഷേധസമീപനം തന്നെയായിരിക്കും സ്വീകരിക്കുക എന്നകാര്യത്തിൽ സംശയം വേണ്ട. അഡാനി ഗ്രൂപ്പ് വർഷങ്ങളായി തുടർന്നുവരുന്ന വഞ്ചനയോടും കൊള്ളയോടും സ്വീകരിക്കുന്നതിനപ്പുറം എന്തെങ്കിലും പ്രതികരണമോ അന്വേഷണമോ മോഡിയിൽനിന്നും ബിജെപിയിൽനിന്നും വേദാന്തയുടെ കാര്യത്തില്‍ പ്രതീക്ഷിക്കുക അസ്ഥാനത്താണ്. മോഡിഭരണത്തിന്റെ നിലനില്പുതന്നെ ഇത്തരം വമ്പൻ കോർപറേറ്റുകളുടെ സാമ്പത്തിക പിൻബലത്തിലാണെന്നത് ലോകംമുഴുവൻ തിരിച്ചറിയുന്ന വസ്തുതയാണ്. പുതിയ പാരിസ്ഥിതിക അനുമതികളോ അതിന് അനിവാര്യമായ പൊതുജനാഭിപ്രായമോ ആരായാതെ, തങ്ങൾക്ക് അനുവദിച്ച ഖനികളിൽനിന്നും ഉല്പാദനം 50ശതമാനം കണ്ട് ഉയർത്താനുള്ള അനുമതിയാണ് കോവിഡ്കാലത്ത് മോഡിസർക്കാരിൽ നിന്നും വേദാന്ത നേടിയെടുത്തത്. അത് രാജ്യത്തിന്റെ പ്രകൃതിസമ്പത്തിന്റെ കൊള്ള മാത്രമല്ല ആഗോളതാപനമടക്കം പ്രകൃതിദുരന്തങ്ങൾക്ക് ആക്കംകൂട്ടുന്ന നടപടി കൂടിയാണ്.


ഇതുകൂടി വായിക്കൂ:  അഡാനിക്ക് വീണ്ടും ആഘാതം


ഊർജ, ഖനിജ രംഗത്തെ ആഗോള ഭീമന്മാരിൽ ഒന്നായ വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ ചെയർമാൻ അനിൽ അഗർവാൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന്റെ പേരിലാണ് തങ്ങളുടെ ഖനികളിൽനിന്നുള്ള ഉല്പാദനം 50ശതമാനംകണ്ട് വർധിപ്പിക്കുന്നത് സംബന്ധിച്ച നിർദേശവുമായി മോഡിസർക്കാരിനെ സമീപിച്ചത്. നിലവിലുള്ള എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി, എ ല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച്, ഒരു ഓഫിസ് മെമ്മോവഴി മോഡിസർക്കാർ അതിന് അനുമതി നല്‍കിയതായാണ് വിവരാവകാശ രേഖകളുടെ പിൻബലത്തോടെ പുറത്തുവന്നിട്ടുള്ള റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ ന്യായീകരണങ്ങൾ നിരത്തുമ്പോഴും ബിജെപിയുടെ സാമ്പത്തിക താല്പര്യങ്ങളാണ് ഈ പകൽക്കൊള്ളയ്ക്കു പിന്നിലെന്ന് വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നു. വേദാന്തയുടെ രണ്ട് അനുബന്ധ കമ്പനികൾ 2016–20 കാലയളവിൽ ബിജെപിക്ക് നേരിട്ട് 43.5 കോടി രൂപ നൽകിയതായി ഒസിസിആർപി റിപ്പോർട്ട് തെളിവുകളോടെ സമർത്ഥിക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾക്ക് പുറമേ നൽകിയ തുകയാണ് ഇത്. 2021–23 കാലയളവിൽ 35 ദശലക്ഷം ഡോളറിന്റെ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയതായി വേദാന്തയുടെ വാർഷികറിപ്പോർട്ടിൽ പറയുന്നു. സ്വാഭാവികമായും ഇതിൽ സിംഹഭാഗവും എത്തിച്ചേർന്നിരിക്കുക ബിജെപിയുടെ ഖജനാവിൽ ആയിരിക്കണം. വിവാദ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഓഫിസ് മെമ്മോ വഴി ഖനന നിയമങ്ങൾ ലംഘിച്ച മോഡിസർക്കാർ സമാനമായ രീതിയിൽ ഒരു പണബില്ലിന്റെ രൂപത്തിലാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൊണ്ടുവന്നതെന്നും അതുവഴി ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ചതെന്നും ഓർക്കണം.


ഇതുകൂടി വായിക്കൂ:  മുതലപ്പൊഴിയില്‍ അഡാനിയുടെ മരണക്കളി


ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത ഗ്രൂപ്പ്, ബിജെപിയും കോൺഗ്രസുമടക്കം ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾക്ക് വൻതുക സംഭാവനയായി നൽകുന്നത് വിവാദവും കോടതി നടപടികളിലേക്ക് നയിച്ചതുമാണ്. 2004-12 കാലയളവിൽ ഇരുപാർട്ടികൾക്കുമായി വേദാന്ത 140 ദശലക്ഷം രൂപ സംഭാവന നൽകിയത് സംബന്ധിച്ച കേസ് നരേന്ദ്രമോഡി അധികാരത്തിൽ വരുന്നതിനുമുമ്പ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാൽ ബിജെപി അധികാരത്തിൽ വന്നതോടെ വിദേശ കമ്പനികൾ ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള നിയമംതന്നെ ഭേദഗതിചെയ്തു. ബിജെപി രാഷ്ട്രീയ അഴിമതിക്ക് നിയമസാധുത നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു അത്. തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ബിജെപി-കോർപറേറ്റ് ബാന്ധവ വെളിപ്പെടുത്തലുകൾ രാജ്യം ഭരിക്കുന്ന പാർട്ടിയിൽ ചങ്ങാത്തമുതലാളിത്ത വൈകൃതം എത്രത്തോളം വേരോട്ടം ഉണ്ടാക്കിയിരിക്കുന്നു എന്നതാണ് തുറന്നുകാട്ടുന്നത്. അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങളെയാണ് അട്ടിമറിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026
December 31, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.