2 July 2024, Tuesday
KSFE Galaxy Chits

ഭൂമി തരംമാറ്റത്തിന് പുതിയ സംവിധാനം

Janayugom Webdesk
July 1, 2024 5:00 am

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണവും കാർഷിക സുരക്ഷയും ലക്ഷ്യം വച്ച് നടപ്പിലാക്കിയ ശ്രദ്ധേയമായ നിയമങ്ങളിൽ ഒന്നായിരുന്നു 2008ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. അവശേഷിക്കുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക വഴി കൃഷി നിലനിർത്തുകയും ഭൂഗർഭ ജലസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ജീവൽപ്രധാനമായ ലക്ഷ്യത്തോടെയാണ് നിയമനിർമ്മാണം നടത്തിയത്. സെലക്ട് കമ്മിറ്റിക്ക് വിടുകയും സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ സിറ്റിങ്ങിലൂടെ എല്ലാ കോണുകളിൽ നിന്നും അഭിപ്രായ സ്വരൂപീകരണവും സഭയിൽ സമഗ്ര ചർച്ചകളും നടത്തിയാണ് നിയമം പാസാക്കിയത്. പ്രാബല്യത്തിൽ വന്നുവെങ്കിലും നിയമം നടപ്പിലാകുന്നതിനുള്ള പ്രധാന വ്യവസ്ഥയായ ഡാറ്റ ബാങ്ക് വിജ്ഞാപനം വൈകിയതും പ്രസിദ്ധീകരിച്ചപ്പോൾ സംഭവിച്ച ഗുരുതരമായ പിശകുകളും കാരണം നിയമത്തിന്റെ പൂർണാർത്ഥത്തിലുള്ള നടത്തിപ്പിൽ കാലവിളംബമുണ്ടായി. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരാണ് ഡാറ്റ ബാങ്കിന്റെ അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടത്. അതനുസരിച്ച് നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തരംമാറ്റിയതും ഡാറ്റാബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയതുമായ ഭൂമി തരംമാറ്റി ഉപയോഗിക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവന്നു. നാമമാത്ര ഭൂമി സ്വന്തമായുള്ളവർക്ക് വീട് വയ്ക്കുന്നതിന് സൗജന്യമായും അല്ലാതെയുള്ള നിശ്ചിത അളവ് ഭൂമിക്ക് വില ഈടാക്കിയും തരംമാറ്റുന്നതിനുള്ളതായിരുന്നു ഭേദഗതി. അതനുസരിച്ചുള്ള അപേക്ഷകൾ ക്ഷണിച്ചപ്പോൾ ലക്ഷക്കണക്കിന് അപേക്ഷകളാണ് റവന്യു വകുപ്പിന് ലഭിച്ചത്. നിയമത്തിലെ വ്യവസ്ഥയനുസരിച്ച് റവന്യു ഡിവിഷണൽ ഓഫിസർ (ആർഡിഒ) ക്കായിരുന്നു തരംമാറ്റി നൽകുന്നതിനുള്ള അധികാരം നിക്ഷിപ്തമാക്കിയിരുന്നത്. അപേക്ഷകളുടെ ബാഹുല്യവും ആർഡിഒമാരുടെ എണ്ണക്കുറവും കാരണം തീർപ്പാക്കൽ പിന്നെയും വൈകി. സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നേരിട്ട വലിയ പ്രശ്നമായിരുന്നു ഭൂമി യഥാസമയം തരംമാറ്റി ലഭിക്കാത്ത സ്ഥിതി.


ഇതുകൂടി വായിക്കൂ: നാടുണർത്തിയ നവകേരള സദസ്


ഈ കാലവിളംബം അപേക്ഷാ സമർപ്പണ — തീരുമാനമെടുക്കൽ നടപടികളിൽ, ചില സ്വകാര്യ ഏജൻസികളുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും ഇടപെടലിനും അതിന് ചില ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണങ്ങൾക്കും ഇടയാക്കി. ഇപ്രകാരമുളള ഏജൻസികൾ തരം മാറ്റൽ നടപടികൾ നിയന്ത്രിക്കുന്നുവെന്നോ ഏതെങ്കിലും ക്രമക്കേടുകൾ സംബന്ധിച്ചോ പരാതി ശ്രദ്ധയിൽപ്പെടുന്ന വേളയിൽ തന്നെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കുകയുണ്ടായി. പരാതികൾ റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർമാർ മുഖേന അന്വേഷണം നടത്തി നടപടികളെടുക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമായ കേസുകളിൽ പൊലീസ് സേവനവും ഉപയോഗിക്കുന്നു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ഹിന്ദു വിശ്വാസം തീരുമാനിക്കാന്‍ ബിജെപി‌ക്ക് എന്തവകാശം?


ഈ വിഷയത്തിൽ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ മാർഗങ്ങൾ 2016ലും 2021ലും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിന് കീഴിൽ റവന്യു വകുപ്പ് സ്വീകരിച്ചുപോന്നു. തരംമാറ്റ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ അദാലത്തുകൾ നടത്തി. ഈ വർഷം ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച അദാലത്തിൽ 25 സെന്റിൽ താഴെ വിസ്തീർണമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സൗജന്യ നിരക്കിലുള്ള തരംമാറ്റവുമായി ബന്ധപ്പെട്ട 39,075 അപേക്ഷകൾ തീർപ്പാക്കി. എങ്കിലും 2024 ജൂൺ 10 വരെയുള്ള കണക്കനുസരിച്ച് ഓൺലൈനായി ലഭിച്ച 2,72,656, നേരിട്ടുള്ള 3660 അപേക്ഷകൾ വീതം പരിഹാരം കാത്ത് കഴിയുകയാണ്. മുഴുവൻ അപേക്ഷകളിലും തീർപ്പ് വൈകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ പുതിയ സംവിധാനം സംസ്ഥാനത്ത് നിലവിൽ വരികയാണ്. നിയമത്തിലെ റവന്യു ഡിവിഷണൽ ഓഫിസർ എന്ന നിർവചനത്തിൽ ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ താഴെയല്ലാത്ത സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ എന്ന് ഭേദഗതി വരുത്തുകയും അത് നിലവിൽ വന്ന സാഹചര്യത്തിൽ തീർപ്പാക്കൽ സംവിധാനം കൂടുതൽ വിപുലീകരിക്കുകയുമാണ് റവന്യു വകുപ്പ് ചെയ്യുന്നത്. 27 ആർഡിഒ/സബ്കളക്ടർമാർ കൈകാര്യം ചെയ്തിരുന്ന അപേക്ഷകൾ 71 അധികാര സ്ഥാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധ്യമാകും. ഡെപ്യൂട്ടി കളക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട്, 181 ക്ലർക്ക് തസ്തികകളും സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവേയർമാരെ താല്‍ക്കാലികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്‌വേർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തീകരിച്ചു. തീർപ്പാക്കുന്നതിന് അവശേഷിക്കുന്നതും പുതിയതായി ലഭിക്കുന്നതുമായ എല്ലാ അപേക്ഷകളും കാലവിളംബമില്ലാതെ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഭൂമി തരംമാറ്റൽ അപേക്ഷകളിൽ തീർപ്പ് കല്പിക്കപ്പെടുമ്പോൾ മാത്രമേ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ യഥാർത്ഥ ഗുണം ലഭിക്കൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പുതിയ പ്രക്രിയ നിശ്ചിത കാലയളവിൽ പൂർത്തീകരിക്കുമെന്ന് ഉറപ്പുവരുത്താനും സർക്കാരിന് സാധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.