19 April 2024, Friday

തിരിച്ചടിച്ച് കിവീസ്

Janayugom Webdesk
കാണ്‍പൂര്‍
November 26, 2021 10:48 pm

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 345 റണ്‍സിന് മറുപടിയായി ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. 75 റണ്‍സോടെ വില്‍ യങും 50 റണ്‍സുമായി ടോം ലാഥവുമാണ് ക്രീസില്‍. പത്തു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ കിവീസിന് 216 റണ്‍സ് കൂടി വേണം.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 2016‑ല്‍ ഇംഗ്ലണ്ടിന്റെ അലെസ്റ്റയര്‍ കുക്ക്-ഹസീബ് ഹമീദ് സഖ്യം ചെന്നൈയില്‍ 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത് ഏഴാം തവണ മാത്രമാണ്. ഇതില്‍ രണ്ട് കൂട്ടുകെട്ടിലും ടോം ലാഥം പങ്കാളിയായി.

നാല് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡ് 345ലേക്കെത്തിയപ്പോഴേക്കും എല്ലാവരേയും നഷ്ടമാവുകയായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ച്വറി പ്രകടനമാണ് (105) ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ശുഭ്മാന്‍ ഗില്‍ (52),രവീന്ദ്ര ജഡേജ (50) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ഇന്ത്യക്ക് കരുത്തായി. എന്നാല്‍ മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തിയതോടെ ഇന്ത്യ 345ലേക്ക് ഒതുങ്ങുകയായിരുന്നു.

രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രവീന്ദ്ര ജഡേജയെ നഷ്ടമായി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (1), അക്ഷര്‍ പട്ടേല്‍ (3) എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നത് ഇന്ത്യയുടെ സ്‌കോറിനെ ബാധിച്ചു. ആര്‍ അശ്വിന്‍ (38) ഭേദപ്പെട്ട പ്രകടനം നടത്തി. ഉമേഷ് യാദവ് (10) പുറത്താവാതെ നിന്നു. ടിം സൗത്തി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെയ്ല്‍ ജാമിസന്‍ മൂന്നും അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

ENGLISH SUMMARY:new-zealand-cricket-score
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.