27 July 2024, Saturday
KSFE Galaxy Chits Banner 2

നെയ്യാർ‑പേപ്പാറ വന്യജീവി പ്രദേശം: കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കേരളം

Janayugom Webdesk
തിരുവനന്തപുരം
April 8, 2022 11:00 pm

നെയ്യാർ‑പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നിലവിലുള്ള അഭിപ്രായത്തിന് അനുസരണമാണ് ജനപ്രതിനിധികളുമായുള്ള യോഗ തീരുമാനമെന്നും കേന്ദ്രത്തെ അറിയിക്കും. ഇതിൽ പൂർണ്ണമായ പരിഹാരം കണ്ടശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്ന് മന്ത്രി ജനപ്രതിനിധികൾക്ക് ഉറപ്പു നൽകി.
സംസ്ഥാന സർക്കാർ 2021ൽ നൽകിയ അഭിപ്രായം പരിഗണിക്കാതെയാണ് ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനം. അന്ന് സംസ്ഥാന സർക്കാർ നൽകിയ വിശദമായ റിപ്പോർട്ടിൽ മുൻ റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് കൈപ്പറ്റിയെങ്കിലും കരട് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ പരിഗണിക്കാത്തതാണ് ജനങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.

വന്യജീവി സങ്കേതത്തിന് ഉള്ളിൽ വരുന്ന പ്രദേശങ്ങളെ കോർ ഏരിയ, ബഫർ സോൺ, എക്കോ ടൂറിസം സോൺ എന്നിങ്ങനെ ഭരണപരമായ ആവശ്യത്തിനായി തിരിച്ചിട്ടുണ്ട്. ബഫർ സോണിൽ ഏതാനും സെറ്റിൽമെന്റുകൾ നിലവിലുണ്ട്. ഇക്കോ സെൻസിറ്റീവ് സോൺ എന്നത് സങ്കേതത്തിന് പുറത്തുള്ള പ്രദേശമാണ്. ഈ പ്രദേശമാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും കേന്ദ്രത്തെയും സംസ്ഥാനത്തെയും നിലവിലുള്ള കരട് വിജ്ഞാപനത്തിന് എതിരെയുള്ള അഭിപ്രായങ്ങൾ അറിയിക്കാന്‍ കഴിയും. ഈ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ആവശ്യമെങ്കിൽ വേണ്ട ഭേദഗതി വരുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, ജി സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബാബുരാജ്, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠൻ, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസല രാജു, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, വനംവന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, തിരുവനന്തപുരം എഡിഎം ഇ മുഹമ്മദ് സഫീർ, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

നിലവിൽ പുറപ്പെടുവിച്ച കേന്ദ്ര വിജ്ഞാപനത്തിൽ 71.27 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുന്നത്. ഫെബ്രുവരി 11ന് സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിൽ ജനവാസ മേഖലകളെ ഒഴിവാക്കി 52.036 ചതുരശ്ര കിലോമീറ്റർ ആക്കി കുറച്ചു. ഇതിൽ നിന്ന് അമ്പൂരി, കള്ളിക്കാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കുകയും ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയുമുള്ള ഇക്കോ സെൻസിറ്റീവ് സോൺ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Eng­lish Sum­ma­ry: Ney­yar-Pep­pa­ra Wildlife Sanc­tu­ary: Ker­ala calls for recon­sid­er­a­tion of draft notification

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.