നാണിച്ചുനിൽക്കുന്ന
പൂവിന്നിതൾത്തുമ്പിൽ
ഒരുനിലാവിൻചുണ്ടു
ചേർത്തുവച്ചു
പരിസരംനോക്കാതെ
പുണരുന്നമാത്രയിൽ
ആദ്യാനുരാഗം
അറിഞ്ഞു നിന്നു
അതുകണ്ടുമനസി-
ന്നകതാരിലെപ്പൊഴോ
ആദ്യമൊരിഷ്ടം
തളിർത്തു വന്നു
നിഴലുനിലാവുമായ്
പ്രണയത്തിലാവുന്ന
നിമിഷമായി നീയെന്നി-
ലൊഴുകിയെത്തി.
പലരെയുംകാണവേ-
യവിടൊക്കെഞാനെന്റെ
പ്രിയമുള്ളൊരാളെ
തിരഞ്ഞുനിന്നു
പലവാക്കുകേട്ടിട്ടു
മറിയാതെ നിന്നിൽനി-
ന്നൊരു വാക്കുകേൾക്കാൻ
കൊതിച്ചിരുന്നു.
ഒരുമിച്ചു നാം തുഴ-
ഞ്ഞൊരുപാടു സ്വപ്നങ്ങൾ
അറിയാതെയിടനെഞ്ചിൽ
മൂളിവന്നു
പ്രണയാർദ്രമന്ദ-
സ്മിതവുമായന്നു നീ
പലവേളയെന്നിലുദിച്ചുനിന്നു
അതിമോഹശലഭങ്ങ-
ളാദ്യമങ്ങറിയുന്ന
കാറ്റടിച്ചാടുന്ന
തീനാളമായ്
അതിവേഗമാറ്റങ്ങ
ളതിലേറെയാട്ടങ്ങൾ
അവിടൊടുങ്ങില്ല
പ്രണയം
മൗനം മനസിൽ
കൊരുക്കുന്ന ഭാഷയിൽ
ഊർന്നിറങ്ങും
വാക്കു പൂക്കും കവിതയിൽ
അത്രമേലെന്നെ
തഴുകുന്നിരുട്ടിൽനി-
ന്നെത്രയങ്ങുന്മുഖം
നിലാവിന്റെ വാങ്മയം
പിരിയുവാനാകില്ല
നീയെന്റെയോർമയിൽ
കെട്ടിപ്പുണർന്നങ്ങുനിന്നാൽ
അടരുവാനാകില്ല
ആദ്യ മന്ദസ്മിതം
അഴകോടെയിഴചേർത്തുനിന്നാൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.