3 May 2024, Friday

Related news

May 2, 2024
May 1, 2024
April 29, 2024
February 28, 2024
February 24, 2024
August 26, 2023
August 24, 2023
July 24, 2023
April 20, 2023
December 7, 2022

കേരളത്തില്‍ ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടും

Janayugom Webdesk
തിരുവനന്തപുരം
August 24, 2023 8:33 am

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂടിന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി വരെ താപനില കൂടാനും സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 5 വരെ കൂടുതലാണിത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡിഗ്രി കൂടുതലാണിത്.

ഈ സമയത്ത് പുറം ജോലിക്കാർ നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. ഈ സമയത്ത് പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം നല്‍കി. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും നിർദേശമുണ്ട്.

നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ഒരുക്കണം. കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ‑നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഇതിന് സമീപത്ത് താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.

ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കണം. യാത്രയിലേർപ്പെടുന്നവർ കയ്യിൽ വെള്ളം കരുതണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്രധാരണം നടത്തണം. ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള സമയവും അനുവദിക്കണം. .ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു.

Eng­lish Summary:Nine dis­tricts in the state will expe­ri­ence extreme heat today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.