വർഷം തിമിർക്കുന്ന രാത്രിയിൽ നെഞ്ചോടു
പറ്റിക്കിടന്നും പതിയെപ്പുണർന്നുമ-
ന്നിഷ്ടം നടിക്കാതെ നെറ്റിമേൽ ചിന്നിയ
കട്ടക്കരിമുടിയോരോന്നു നുള്ളിയും
നേരിന്റ കൈവഴിയ്ക്കിട്ടു തിരിച്ചെത്തി
വീണ്ടും പിടഞ്ഞൊന്നു മൂകം വലിഞ്ഞെന്റെ
നെറ്റിമേലുമ്മവച്ചോരോന്നു ചൊല്ലിയും;
കൊച്ചുകിടാവിനെ താരാട്ടിയൂട്ടുവാ-
നുള്ളിലൊരുഷ്ണ പ്രവാഹമുണ്ടെന്നുമെ -
ന്നോമലേ ചൊല്ലിയതോർമ്മയുണ്ടിപ്പൊഴും.
അക്ഷരം തൊട്ടറിഞ്ഞർത്ഥം ഗ്രഹിക്കാതെ-
യുമ്മറത്തെത്തിയകാറ്റിന്റെ കൊമ്പത്തു-
ചുമ്മാതെ കോറിക്കൊറിച്ചവയ്ക്കൊക്കെയ-
ന്നാഴിതന്നാഴത്തിന്നറിവുണ്ടെങ്കിലും
ഒരു സൂര്യനണിയുന്ന പൊലിമയുണ്ടെങ്കിലു-
മിരുവഴിയ്ക്കായന്നു, മിഴപൊട്ടിയകലവേ,
ഓമലേ,യോർക്കുവാനോർമ്മകൾ മാത്രമു-
ണ്ടോർമ്മയിലൂറും കിനാക്കളുണ്ടിപ്പൊഴും.
കൂട്ടായിരാത്രിയിലൊന്നിച്ചിരുന്നൊരീ
മാത്രയിലെങ്ങാനുമോർത്തുവോയിങ്ങനെ
ദൂരത്തിരുന്നെന്നുമോരോന്നു ചൊല്ലാനും
ഓർക്കുവാനും മിഴിപൊട്ടിക്കരയാനും
ഇത്രമേലോമലേ ജീവിതയാത്രയിൽ
കഷ്ടനഷ്ടങ്ങൾ വിരുന്നുറങ്ങും മുമ്പ്,
നമ്മൾ ചുവടെറിഞ്ഞൊന്നിച്ചളന്നിട്ട
തീരത്തു നിൽക്കുമ്പോളോമലേ നീയെന്റെ
ഉള്ളിന്റെ, യുള്ളകത്തെത്തിനോക്കാൻ കൊതി-
ച്ചെത്തുന്ന പുലരിയാ, യുണരുന്നുണ്ടിപ്പൊഴും!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.