27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 15, 2024

നിപ: ഭീഷണി ഒഴിഞ്ഞുപോയെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി

web desk
തിരുവനന്തപുരം
September 19, 2023 7:47 pm

നിപ ഭീഷണി ഒഴിഞ്ഞുപോയതായി പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതരായവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. കോഴിക്കോട് ജില്ലയിലും സമീപത്തെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍തന്നെ കണ്ടെത്താനായതുകൊണ്ടാണ് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവായത്. അസ്വാഭാവികമായ പനി ശ്രദ്ധയില്‍പെട്ടയുടനെ സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും 19 ടീമുകള്‍ ഉള്‍പ്പെട്ട നിപ്പ കോര്‍ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസില്‍ നിപ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കോള്‍ സെന്‍റര്‍ തുറന്ന് ആരോഗ്യവകുപ്പിന്റെ ‘ദിശ’ സേവനവുമായി ബന്ധിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ സൗകര്യവും ഐസിയു വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മേഖലയില്‍ നിന്നുള്ള മറ്റ് മന്ത്രിമാരും എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഈ പ്രവര്‍ത്തനങ്ങളിലാകെ നേതൃത്വപരമായ പങ്കുവഹിച്ചു.

1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ 276 പേര്‍ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യ പ്രവര്‍ത്തകരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. ആറു പേരുടെ ഫലമാണ് ഇതില്‍ പോസിറ്റീവ് ആയിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ ഒമ്പതു പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും, നിപ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ഐസലേഷനിലുള്ളവരെ സഹായിക്കാനായി വോളന്‍റിയര്‍ സേവനം ലഭ്യമാക്കുന്നുണ്ട്. വാര്‍ഡ് തിരിച്ച് പ്രാദേശികമായി സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കുകയാണ്. പഞ്ചായത്ത് നിശ്ചയിക്കുന്നവരാണ് വളണ്ടിയര്‍മാര്‍ ആകുന്നത്. പൊലീസിന്റെ പ്രത്യേക ശ്രദ്ധയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. രോഗനിര്‍ണയത്തിനായി കോഴിക്കോടുള്ള മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബിലും തോന്നക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലാബിലും തുടര്‍ന്നും പരിശോധന നടത്തും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്.

നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉല്‍ക്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന ആശങ്കയും കണക്കിലെടുത്താണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. 1193 കോളുകള്‍ കോള്‍ സെന്ററില്‍ ലഭിച്ചു. 1099 പേര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കി. ഈ സഞ്ജീവനി ടെലിമെഡിസിന്‍ സേവനവും തുടര്‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2018ല്‍ കോഴിക്കോടും 2019ല്‍ എറണാകുളത്തും 2021ല്‍ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് നിപ രോഗനിര്‍ണ്ണയത്തിനായി ലാബുകള്‍ സജ്ജമാണ്. തോന്നക്കലിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയില്‍ നിപ വൈറസ് രോഗം നിര്‍ണയിക്കാന്‍ സാമ്പിള്‍ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബര്‍ മാസം മുതല്‍ കോഴിക്കോട് മെഡിക്കല്‍/ കോളജിലെ പ്രത്യേകം സജ്ജീകരിച്ച ലാബില്‍ നിപ രോഗ നിര്‍ണ്ണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്. 2018ല്‍ സംസ്ഥാനത്ത് നിപ രോഗബാധ സംബന്ധിച്ച പ്രോട്ടോകോള്‍ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറില്‍ ഇത് പരിഷ്കരിച്ചു. നിപ ചികില്‍സ, മരുന്നുകള്‍, ഐസൊലേഷന്‍, സാമ്പിള്‍ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോള്‍ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 2023ല്‍ ചെറിയ ചില മാറ്റങ്ങളോടെ 2021ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്കരിച്ചിട്ടുണ്ട്.

2022ല്‍ ആരോഗ്യവകുപ്പ്, വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വര്‍ക്ക്ഷോപ്പില്‍ സുപ്രധാനങ്ങളായ പരിപാടികള്‍ ആവിഷ്കരിച്ചിരുന്നു. വിദഗ്ധര്‍ പങ്കെടുത്ത ഈ വര്‍ക്ക്ഷോപ്പിന്റെ അടിസ്ഥാനത്തില്‍ നിപ പ്രതിരോധത്തിനായി കലണ്ടര്‍ തയാറാക്കി കര്‍മ്മപരിപാടി നടപ്പാക്കുകയാണ്. നിപ ഔട്ട്ബ്രേക്ക് നിരീക്ഷിക്കാന്‍ സിഡിഎംഎസ് പോര്‍ട്ടല്‍ ഇ‑ഹെല്‍ത്ത് രൂപീകരിച്ചു. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

നിപയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടുകൂടിയുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതില്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുന്നതിനും മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയെ പൊതുവില്‍ പ്രത്യേകം അഭിനന്ദിക്കുകയാണ്. എന്നാല്‍ ചില തെറ്റായ പ്രവണതകളും ഉണ്ടായിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും ഭീതി പടര്‍ത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാനുള്ള ജാഗ്രത തുടര്‍ന്നും കാണിക്കേണ്ടതുണ്ട്. അതീവ ഗുരുതര പ്രഹരശേഷിയുള്ള വൈറസാണിത്. ഫീല്‍ഡില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രോഗബാധയേല്‍ക്കാതിരിക്കാനുള്ള ജാഗ്രത ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരിലും ഉണ്ടാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് നിപ അവലോകന യോഗം ചേര്‍ന്നിരുന്നു. രണ്ടാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പുര്‍ണമായും തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഐസിഎംആര്‍ വൈറസ് സീക്വന്‍സി നടത്തിയപ്പോള്‍ 2018നും 2019നും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. പൊലീസ് സഹായത്തോടെ ആദ്യത്തെ കേസിന്റെ റൂട്ട് മാപ്പ് എടുത്തിരുന്നു. വീടിന്റെ ചുറ്റുമുള്ള കുറച്ച് സ്ഥലങ്ങള്‍ മാത്രമാണ് അദ്ദേഹം പോയിട്ടുണ്ടായിരുന്നത്. ഈ സ്ഥലത്തെ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനയക്ക് വിധേയമാക്കും. എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറളോജി ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ സഹായത്തോടെ നടപ്പാക്കും.
വിദ്ധഗ്ധ പാനലിന്റെ നിര്‍ദ്ദേശപ്രകാരം ആദ്യ ഘട്ടത്തിൽ നിപ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടയിന്‍മെന്റെ് സോണിലെ കടകള്‍ തുറക്കുന്നത് വൈകീട്ട് അഞ്ച് മണി എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം 22-ാം തീയതിക്ക് ശേഷം അന്നത്തെ സാഹചര്യം നോക്കി തീരുമാനിക്കും.

Eng­lish Sam­mury: Chief Min­is­ter’s press con­fer­ence Nipah pre­ven­tion activity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.