24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 20, 2025
February 27, 2025
December 31, 2024
November 5, 2024
August 29, 2024
August 17, 2024
July 25, 2024
May 9, 2024
March 15, 2024
March 3, 2024

മാനിഷാദാ…

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
December 11, 2022 4:30 am

ക്രൂരതയ്ക്കും ഒരു അതിർവരമ്പുണ്ടാകണമെന്ന് തോന്നിപ്പോയ അനുഭവമാണ് കൊല്ലം ജില്ലയിൽ ചവറ സൗത്ത് ഉഷസിൽ നിഷാ ബാലകൃഷ്ണന്റെ സങ്കടാനുഭവങ്ങൾ കേട്ടപ്പോഴുണ്ടായത്. സർക്കാർ ജോലി സ്വപ്നം കാണാത്ത അഭ്യസ്തവിദ്യർ നമ്മുടെ നാട്ടിൽ വിരളമായിരിക്കും. ഗ്രാജ്വേഷൻ കഴിഞ്ഞ നിഷ, പല പിഎസ്‌സി പരീക്ഷകളും എഴുതി. അവസാനം എറണാകുളം ജില്ലയിൽ മാർച്ച് 2015 ൽ നിലവിൽ വന്ന എൽഡി ക്ലാർക്ക് ലിസ്റ്റിൽ 696-ാം പേരുകാരിയായി ഉൾപ്പെട്ടു. 695 പേർക്ക് വരെ ഈ റാങ്കിൽ നിന്നും പലപ്പോഴായി നിയമന ശുപാർശ ലഭിച്ചു. 2018 മാർച്ച് 31 ന് മുൻപ് ഒരു ഒഴിവുകൂടി റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചു പോകുന്ന തരത്തിൽ ഒഴിവുകൾ കണ്ടുപിടിക്കാൻ നിഷ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടുണ്ടാവും. എന്തായാലും 2018 മാർച്ച് 28 ന് കൊച്ചിൻ കോർപറേഷനിൽ നിന്നും ഒരു ഓപ്പൺ കാറ്റഗറി ഒഴിവ് നഗരകാര്യ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ഡയറക്ടറേറ്റിലേക്ക് റിപ്പോർട്ടു ചെയ്തു. ഇ‑മെയിൽ വഴി അയച്ച ഒഴിവ് റിപ്പോർട്ട് 28 ന് ഉച്ചയ്ക്കു മുൻപുതന്നെ ഡയറക്ടറേറ്റിൽ കിട്ടുകയും ചെയ്തു. ഇതറിഞ്ഞ ഉദ്യോഗാർത്ഥി ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഈ ഒഴിവ് എത്രയും പെട്ടെന്ന് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമേയെന്ന് അപേക്ഷിച്ചു.

ഉടനെ അയച്ചു കൊള്ളാമെന്നദ്ദേഹം ഉദ്യോഗാർത്ഥിയെ ആശ്വസിപ്പിച്ചു വാക്കു കൊടുത്തു. പക്ഷെ 28 ന് ഉച്ചകഴിഞ്ഞുള്ള സമയത്തോ 31 ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു മണിവരെയുള്ള സമയത്തോ ആ ഉന്നതനായ ബ്യൂറോക്രാറ്റ് (മുറ്റിയ ക്ലാർക്ക്) ഈ ഒഴിവ് റിപ്പോർട്ട് ചെയ്തില്ല. 29 പെസഹവ്യാഴവും 30 ദുഃഖവെള്ളിയുമായിരുന്നു. ഇനി ഒരു പിഎസ്‌സി പരീക്ഷ എഴുതുവാനുള്ള അവസരം പ്രായപരിധിയാൽ ലഭിക്കുകയില്ലായെന്നറിയാവുന്ന ഈ ഉദ്യോഗാർത്ഥി 31 ന് രാവിലെ വീണ്ടും ഓർമ്മിപ്പിക്കുന്നു. നിഷ പറയുന്നത് ഉച്ചകഴിഞ്ഞ് അദ്ദേഹം ഫോൺ എടുക്കാനേ തയാറായില്ലായെന്നാണ്. നഗരകാര്യ വകുപ്പിന്റെ ഡയറക്ടറേറ്റിനെ കുറിച്ച് നമുക്ക് നന്നായറിയാം എല്ലാ ഡയറക്ടറേറ്റും മറ്റെല്ലാ സർക്കാർ ഓഫീസും പോലെ വൈകിട്ട് അഞ്ചിന് അല്ലെങ്കിൽ 5.30 ന് അടച്ച് എല്ലാവരും സ്ഥലം വിടും. എന്നാൽ ഉന്നതനായ ഈ ബ്യൂറോക്രാറ്റ് 28-ാം തീയതി തന്റെ കൈവശം കിട്ടിയ ഒഴിവു സംബന്ധിച്ച റിപ്പോർട്ട് നാലാം ദിവസം രാത്രി വരെ പിഎസ്‌സിക്ക് റിപ്പോർട്ടു ചെയ്യാതെ ആ കടലാസിൽ അടയിരുന്നു എന്നത് അയാളുടെ സാഡിസ്റ്റിക് മനോഭാവത്തിന്റെ തെളിവാണ്. ഇതിനെ ആർക്കാണ് ന്യായീകരിക്കാൻ കഴിയുക. ഈ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്തകളിൽ കണ്ടത് അയാൾ 31-ാം തീയതി (റിപ്പോർട്ട് കിട്ടി നാലാം ദിവസം) രാത്രി 12 മണിക്ക് ഈ ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തുവെന്നാണ്. പക്ഷെ പിഎസ്‌സിക്ക് ഡയറക്ടറേറ്റിൽ നിന്നുള്ള ഇ‑മെയിൽ ലഭിച്ചത് 12 മണി കഴിഞ്ഞ് നാലു സെക്കന്റ് കൂടി കഴിഞ്ഞിട്ടാണ് എന്നാണ്. അതുകൊണ്ട് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു എന്നതാണ് അവരുടെ വാദം. ഇവിടെ രണ്ടു ചോദ്യങ്ങൾക്ക് കേരളീയ പൊതുസമൂഹം മറുപടി പ്രതീക്ഷിക്കുന്നു.


ഇതുകൂടി വായിക്കൂ: ലേബര്‍ ബ്രദര്‍ഹുഡും അഞ്ച് വിളക്കും


ഒന്ന്; മാർച്ച് 28 ന് ഇ‑മെയിൽ മുഖേന ഡയറക്ടറേറ്റിൽ ലഭിച്ച ഒഴിവ് റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 31 ന് വൈകുന്നേരം അഞ്ച് മണിവരെ എന്തുകൊണ്ട് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തില്ല. അയാളെ ഓർമ്മപ്പെടുത്തിയിട്ടും ബോധപൂർവം വരുത്തിയ വീഴ്ചയ്ക്ക് അയാളുടെ പേരിൽ ഉചിതമായ അച്ചടക്ക നടപടിയെടുക്കേണ്ടതല്ലേ? രണ്ട്: കണ്ണൂർ ജില്ല പിഎസ്‌സി ഓഫീസിൽ രാത്രി 12 മണിക്ക് (കഴിഞ്ഞും) സ്വീകരിച്ച് തുടർ നടപടിയെടുത്തപ്പോൾ നാലു സെക്കന്റിന്റെ (കണ്ണ് ഇമ വെട്ടുന്ന സമയം) വ്യത്യാസം പറഞ്ഞ് എറണാകുളം പിഎസ്‌സി ഓഫീസ് ഒഴിവ് റിപ്പോർട്ട് ചെയ്ത ഇ‑മെയിൽ നിരസിക്കുന്നു. അപ്പോൾ ജില്ലാ പിഎസ്‌സി ഓഫീസുകളിൽ രണ്ടു നീതി നടപ്പാക്കിയതിനെ സാധൂകരിക്കുന്നതെങ്ങനെ? നിഷാ ബാലകൃഷ്ണന്റെ കേസിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ ഒന്നാമത്തെ ചോദ്യം ബോധ്യപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടില്ലായെന്നാണ് നിഷയുടെ കേസിന്റെ വിധിയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. എക്സിക്യൂട്ടീവിന്റെ (ഗവൺമെന്റിന്റെ) ഭാഗമായ ഒരു ഉദ്യോഗസ്ഥൻ പ്രാപ്പിടിയൻ തന്റെ ഇരയെ വേട്ടയാടി അല്പാല്പമായി കൊന്നു തിന്നുന്ന ക്രൂരതയാർന്ന വിനോദം കാണിച്ച് ഒരു പാവം യുവതിയുടെ ജീവിത സ്വപ്നം തകർത്തതിനെ ഒരു നീതിപീഠവും അംഗീകരിക്കുമെന്ന് കരുതുന്നില്ല. പക്ഷേ അത് കോടതിയെ ബോധ്യപ്പെടുത്താൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് മനസിലാക്കാൻ കഴിയുന്നില്ല. ഇവിടെ വെളിവായത് ഒരു നിഷയോട് കാണിച്ച ക്രൂരതയാണെങ്കിൽ ഇത്തരം നിഷാദന്മാർ എത്ര പാവങ്ങളുടെ നിയമപരവും നീതിയുക്തവുമായ അവകാശങ്ങളെ ചവിട്ടിമെതിച്ചിട്ടുണ്ടാവും. സാധാരണ ജനങ്ങളോട് കരുണ കാണിക്കുന്ന എത്രയോ വിശാലമനസ്കരായ ഉദ്യോഗസ്ഥർ ഉള്ള നമ്മുടെ നാട്ടിൽ ഇത്തരം സാഡിസ്റ്റിക് പ്ലഷർ ആസ്വദിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കേണ്ടുന്നത് വരും തലമുറയ്ക്ക് അനുഗ്രഹമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.