23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 30, 2024
July 27, 2024
January 19, 2024
April 23, 2022
April 12, 2022
April 5, 2022
December 27, 2021
December 4, 2021
November 26, 2021

വിവരാവകാശം ദുര്‍ബലമാക്കും; ഡാറ്റാ സുരക്ഷാ നിയമത്തിനെതിരെ നിതി ആയോഗ്

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2024 10:20 pm

വിവര സംരക്ഷണ നിയമം (ഡിജിറ്റല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍) വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുമെന്ന് നിതി ആയോഗ്. ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന വിവാദ വ്യവസ്ഥകള്‍ രാജ്യത്തെ പൗരന്‍മാരുടെ അറിയാനുള്ള അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നിര്‍വഹണ ഏജന്‍സി ചൂണ്ടിക്കാട്ടി. വിഷയം സംബന്ധിച്ച് രേഖാമൂലം നീതി ആയോഗ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കത്തെഴുതിയതായും ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ വിവരാവകാശ നിയമത്തിന്റെ നിര്‍വഹണ ഏജന്‍സിയായ കേന്ദ്ര പേഴ്സണല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയത്തിനും നിതി ആയോഗ് വിയോജനക്കുറിപ്പ് രേഖാമൂലം സമര്‍പ്പിച്ചു. ബില്‍ പാസാക്കിയെങ്കിലും വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടതിന് പിന്നാലെ വിവാദ ഭേദഗതിയില്‍ ചട്ടങ്ങളോ നിയമങ്ങളോ നിര്‍മ്മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ രൂപീകരിച്ച് നിയമം പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ അറിയിച്ചിരുന്നു. 

ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തില്‍ വരുത്തുന്ന ഭേദഗതി വിവരാവകാശ നിയമത്തിന്റെ അന്തസത്ത ദുര്‍ബലപ്പെടുത്തുമെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. 2023 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിവാദ ഡിജിറ്റല്‍ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ ബില്ലില്‍ ജനവിരുദ്ധ വ്യവസ്ഥകളും മാധ്യമങ്ങളെ ഏറെ ദോഷകരമായി ബാധിക്കുന്ന പല വ്യവസ്ഥകളും അടങ്ങിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങ് ഇടുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ക്കെതിരെ മാധ്യമ സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് വരികയും ചെയ്തു. എന്നാല്‍ മോഡി സര്‍ക്കാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താനോ, സമവായം കണ്ടെത്താനോ ശ്രമിച്ചിരുന്നില്ല. 

വിവാദ ബില്ലിലെ വ്യവസ്ഥകള്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8 (1–8 ) അപ്രസക്തമാക്കുന്നതിന് ഇടവരുത്തും. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി വ്യക്തികളുടെ സ്വകാര്യ വിവരം നല്‍കാതിരിക്കാന്‍ അധികാരിയെ തടയുന്ന വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 44 (3) അനുസരിച്ച് അവസ്ഥ പരിശോധിക്കാനുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ അധികാരവും ദുര്‍ബലപ്പെടുത്തും. ഫലത്തില്‍ ഇത് നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നിലയിലേക്ക് പരിണമിക്കും. പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് നിയമഭേദഗതിയില്‍ ഇതുവരെ ആശങ്ക രേഖപ്പെടുത്താത്ത നടപടി ഗുരുതര കൃത്യവിലോപമാണെന്നും നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.