ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിരിക്കുകയാണ്. ഉപരാഷ്ട്രപതിയാണ് രാജ്യസഭാ അധ്യക്ഷനെന്ന കീഴ്‌വഴക്കം ജഗ്ദീപ് ധൻഖറിലൂടെ ആദ്യമായുണ്ടായതല്ല. പക്ഷേ അദ്ദേഹത്തിനെതിരെയാണ് ആദ്യമായി ഇത്തരമൊരു അവിശ്വാസത്തിന് നോട്ടീസ് നൽകേണ്ടിവന്നിരിക്കുന്നത്. ഇതിന് മുമ്പും ഉപരാഷ്ട്രപതിമാർ തന്നെയാണ് രാജ്യസഭ നിയന്ത്രിച്ചിരുന്നത്. എന്നാൽ ബിജെപി ഓഫിസിൽ നിന്ന് ലഭിക്കുന്ന തിട്ടൂരത്തിനനുസരിച്ച് ഏകപക്ഷീയ സമീപനങ്ങൾ സ്വീകരിക്കുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് പ്രതിപക്ഷം നിർബന്ധിതമായത്.
കഴിഞ്ഞ ഓഗസ്റ്റിലും അവിശ്വാസത്തിന് പ്രതിപക്ഷം ആലോചിക്കുകയും അംഗങ്ങളിൽ നിന്ന് ഒപ്പുശേഖരണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് അസാധാരണ നടപടിയിൽ നിന്ന് പിൻമാറുകയായിരുന്നു. പക്ഷേ ധൻഖറിന്റെ പക്ഷപാതിത്വപരവും ധിക്കാരപൂർണവുമായ സമീപനത്തിന് ഒരു മാറ്റവുമുണ്ടായില്ല എന്നതിനാലാണ് ഇത്തവണ അവിശ്വാസ നോട്ടീസ് നൽകുന്നതിന് തയാറായത്. സിപിഐ, സിപിഐ(എം), കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ സഖ്യത്തിലെ 60 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയം രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോഡിക്ക് കഴിഞ്ഞ ദിവസം നൽകി. ജനാധിപത്യത്തിന്റെ ഉന്നതമായ വേദികളായ രാജ്യസഭ, ലോക്‌സഭ എന്നിവയെ ഏകാധിപത്യത്തിന്റെ ഭാഗമാക്കുവാൻ ശ്രമിക്കുന്ന ഭരണപക്ഷ നടപടി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.
ഭരണഘടന അനുശാസിക്കുന്ന തത്വങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന, ഉന്നതതല ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർക്ക് അനുയോജ്യമല്ലാത്ത ജഗ്ദീപ് ധൻഖറുടെ പക്ഷപാതപരമായ പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും ഭരണഘടനയുടെ അനുച്ഛേദം 67 പ്രകാരം, ഉപരാഷ്ട്രപതിയെ നീക്കം ചെയ്യണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങൾ നൽകിയ പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമേയം പരിഗണിക്കുന്നതിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് ആവശ്യമാണെങ്കിലും 67-ാം അനുച്ഛേദം അനുസരിച്ചുള്ള നോട്ടീസായി ഇതിനെ കണക്കാക്കണമെന്നും ആവശ്യപ്പെടുന്നു. 2022 ഓഗസ്റ്റ് 11 മുതലാണ് ധൻഖർ ഉപരാഷ്ട്രപതിയായും രാജ്യസഭാ ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചുവരുന്നത്. ദൗർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ ഹ്രസ്വ കാലയളവിൽ പക്ഷപാതപരമായും അന്യായമായും പെരുമാറിയ സന്ദർഭങ്ങൾ നിരവധിയാണ്. പ്രതിപക്ഷ അംഗങ്ങളെ പരസ്യമായി അവഹേളിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ പോലും അദ്ദേഹത്തിൽ നിന്നുണ്ടായി. ഭരണകക്ഷിയുടെ പ്രവർത്തനങ്ങള്‍ വിമര്‍ശിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ സഭയിലെ മുഴുവൻ അംഗങ്ങളുടെയും അവകാശങ്ങൾ ഒരുപോലെ പരിഗണിക്കേണ്ട ധൻഖറുടെ സമീപനം തികച്ചും പക്ഷപാതപരമാണ്. പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ ആവർത്തിച്ച് തടസപ്പെടുത്തുകയും പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാൻ പ്രത്യേകാവകാശങ്ങൾ അന്യായമായി ഉപയോഗിക്കുകയും വിയോജിപ്പുകളെ നിയമവിരുദ്ധമാക്കുകയും ചെയ്യുന്നുവെന്നതിന് രേഖാപരമായ ഉദാഹരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രമേയത്തിൽ ധൻഖർ പ്രതിപക്ഷ അംഗങ്ങളെയും സഭാ പ്രവർത്തനങ്ങളെയും അന്യായമായി വിമർശിച്ച വിവിധ സന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങളുടെയും വീഡിയോകളുടെയും പട്ടികയും അനുബന്ധമായി നൽകിയിട്ടുണ്ട്.
ലോക്‌സഭാ സ്പീക്കർക്ക് സമാനമല്ല രാജ്യസഭാ അധ്യക്ഷനാണെങ്കിലും ഉപരാഷ്ട്രപതിയുടെ സ്ഥാനം. ലോക്‌സഭാ സ്പീക്കർ അതാത് കാലത്ത് സഭയിൽ ഭൂരിപക്ഷമുള്ള കക്ഷികളുടെ പ്രതിനിധിയും തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ ജയിച്ചുവരുന്ന വ്യക്തിയുമാണ്. എങ്കിലും ലോക്‌സഭയിലെ സ്പീക്കർ എല്ലാ അംഗങ്ങളുടെയും അവകാശം സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ടയാളാണ്. അതേസമയം രാഷ്ട്രപതിയുടെ അഭാവത്തിൽ ആ ചുമതല വഹിക്കേണ്ട, ഭരണഘടന സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട വ്യക്തി കൂടിയാണ് ഉപരാഷ്ട്രപതി. അതുകൊണ്ട് ലോക്‌സഭാ സ്പീക്കറെക്കാൾ നിഷ്പക്ഷതയും സുതാര്യതയും രാജ്യസഭാ അധ്യക്ഷനിൽ നിന്ന് ജനങ്ങൾ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. കടുത്ത ആർഎസ്എസുകാരനായിട്ടും മുൻ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു ഇത്രത്തോളം പക്ഷപാതിത്വം ഭരണകക്ഷിയോട് കാട്ടിയിരുന്നില്ല. അതിന് മുമ്പ് ഹാമിദ് അൻസാരി, കെ ആർ നാരായണൻ ഉൾപ്പെടെയുള്ള മുൻഗാമികളെല്ലാം സഭയിൽ ഉപരാഷ്ട്രപതി കൂടിയാണെന്ന ഉത്തരവാദിത്തബോധ്യത്തോടെയാണ് പ്രവർത്തിച്ചത്. ചിലപ്പോഴെല്ലാം ഭരണപക്ഷത്തെ സഹായിക്കേണ്ടി വന്നിരിക്കാമെങ്കിലും ഭരണ, പ്രതിപക്ഷാംഗങ്ങളെ ഒരേനിലയിൽ കാണാൻ അവരെല്ലാം ശ്രമിച്ചിട്ടുണ്ട്.
എന്നാൽ ബിജെപിയുടെ അധികാരത്തിനുകീഴിൽ ഗവർണറും ഇപ്പോൾ ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻഖർ ബിജെപി അംഗങ്ങളെക്കാൾ കടുത്ത പാർട്ടിക്കാരനെ പോലെയാണ് രാജ്യസഭയിൽ പെരുമാറുന്നത്. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ അനുവദിക്കാതിരിക്കുകയും പ്രതിഷേധിച്ചാൽ സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്ത എത്രയോ ഉദാഹരണങ്ങൾ രണ്ടുവർഷം പിന്നിട്ട അദ്ദേഹത്തിന്റെ സഭാധ്യക്ഷ പദവിക്കാലത്തുണ്ടായി. അഡാനിക്കെതിരായ ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ ചർച്ച ചെയ്യാൻ അനുവദിച്ചില്ലെന്ന് മാത്രമല്ല ആ പദങ്ങൾ പോലും സഭാരേഖകളിൽ പാടില്ലെന്ന് നിർദേശിച്ചു. വ്യക്തിപരമായി അധിക്ഷേപിച്ച സംഭവങ്ങൾ പോലുമുണ്ടായി. സിനിമാ നടിയായിരുന്ന ഒരംഗത്തോട് അഭിനയിക്കുമ്പോൾ സംവിധായകന്റെ നിർദേശാനുസരണമെന്നതുപോലെ ഇവിടെ സഭാധ്യക്ഷന്റെ നിർദേശമാണ് പാലിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞത് വലിയ വിവാദമുണ്ടാക്കിയതാണ്.
ഇന്ത്യ, ചൈന സൈനികർ തമ്മിലുണ്ടായ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവാദിക്കാതിരുന്ന ധൻഖർ നീതിന്യായ വ്യവസ്ഥയെ വിമർശിച്ച ചില ബിജെപി മന്ത്രിമാർക്കെതിരായ പ്രതിപക്ഷ പരാമർശത്തിനെതിരെ രോഷംപൂണ്ടു. നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ഭരണപക്ഷത്തുനിന്നുണ്ടാകുന്നുവെന്ന പ്രതിപക്ഷ പരാമർശം അനുചിതവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണ് എന്നായിരുന്നു ധൻഖറുടെ കണ്ടെത്തൽ. അതേസമയം കൊളീജിയവുമായി ബന്ധപ്പെട്ട് കോടതികളെ വിമർശിച്ച ബിജെപി നേതാക്കളുടെയോ ചില മന്ത്രിമാരുടെയോ പ്രസ്താവനകൾ അദ്ദേഹം കേട്ടില്ലെന്ന് നടിക്കുകയും ചെയ്തു. യുപിഎ അധ്യക്ഷയായ സോണിയാ ഗാന്ധിയെ അത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ സ്ഥാനത്തിന് യോജിച്ചതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞിരുന്നു. എന്നാൽ സ്വന്തം സ്ഥാനത്തിന്റെ മഹത്വം അദ്ദേഹം ആവർത്തിച്ച് മറക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, സഭയിൽ ഉന്നയിച്ച ഒരു വിഷയത്തിനും മറുപടി നൽകാത്തതിൽ പ്രതിഷേധിക്കുകയും നടപടികൾ ബഹിഷ്കരിക്കുകയും ചെയ്തതിനെ ഭരണഘടനാ വിരുദ്ധമെന്നാണ് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്. നേരത്തെ ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോഴും സമാനമായ നടപടികൾ പലപ്പോഴായി ഉണ്ടായിരുന്നുവെങ്കിലും മോഡി വിധേയത്വം കാട്ടുന്നതിന് ഇപ്പോഴത്തെ പ്രതിപക്ഷ നടപടി അദ്ദേഹം ഭരണഘടനാ വിരുദ്ധമെന്ന് വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമ ഭേദഗതികളെ വിമർശിച്ച അഭിഭാഷകൻ കൂടിയായ കോൺഗ്രസ് നേതാവ് പി ചിദംബരത്തെ വ്യക്തിപരമായാണ് ധൻഖർ അവഹേളിച്ചത്. ഈ രാജ്യത്തിന്റെ ധനമന്ത്രിയായിരുന്ന, ദീർഘകാലം പാർലമെന്റേറിയനും നിലവിൽ രാജ്യസഭാംഗവുമായ നല്ല വിവരമുള്ള ഒരാളാണ് ഈ വിമർശനം നടത്തിയത് എന്നായിരുന്നു ചിദംബരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം.
മുതിർന്ന അംഗങ്ങളിലൊരാളായ ജയ്റാം രമേശിന് ഉപരിസഭയിൽ ഇരിക്കാൻ അർഹതയില്ലെന്നും ഒരിക്കൽ ധൻഖർ പറയുകയുണ്ടായി. ചരൺസിങ്ങിന് ഭാരത് രത്ന നൽകിയതിനെ കുറിച്ച് സംസാരിക്കുവാൻ അദ്ദേഹത്തിന്റെ പൗത്രൻ ആർഎൽഡി നേതാവ് ജയന്ത് സിങ്ങിനെ അനുവദിച്ച നടപടിയെ വിമർശിച്ചതാണ് രാജ്യസഭാധ്യക്ഷനെ ചൊടിപ്പിച്ചത്. ഈ വിഷയത്തിൽ ഭരണ‑പ്രതിപക്ഷ അംഗങ്ങൾ തർക്കം നടക്കുന്നതിനിടെയായിരുന്നു ജയ്റാം രമേശ് സഭയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന പരാമർശമുണ്ടായത്.
കഴിഞ്ഞ വർഷത്തെ ശൈത്യകാല സമ്മേളനത്തിൽ നിരവധി പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കിയ ധൻഖർ ഈ വിഷയത്തിൽ തന്നെ വന്ന് കാണാൻ തയ്യാറാകാതിരുന്ന ശരദ്പവാർ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളെയും പരസ്യമായി വിമർശിച്ചിരുന്നു. കള്ളക്കേസിൽ കുടുക്കി ഡൽഹി മുഖ്യമന്ത്രിയായിരിക്കെ കേന്ദ്ര അന്വേഷണ ഏജൻസികൾ ജയിലിലടച്ച അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നടപടിയെ വിമർശിച്ചപ്പോഴും സ്ഥാനമഹിമ മറന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചിലർ കുറ്റം ചെയ്ത് പിടിയിലായാൽ വിദേശ രാജ്യങ്ങളാണ് ഇടപെടുകയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കെജ്‌രിവാളിന്റെ അറസ്റ്റിനെ അപലപിച്ച യുഎസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ പേര് പറയാതെയായിരുന്നു ധൻഖർ തന്റെ ബിജെപി പക്ഷപാതിത്വം വെളിപ്പെടുത്തിയത്.
ഇങ്ങനെ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കാതെ അദ്ദേഹം നടത്തിയ പരാമർശങ്ങളും കൈക്കൊണ്ട സമീപനങ്ങളും നിരവധിയാണ്. അത് അതിരുവിട്ടപ്പോഴാണ് പ്രതിപക്ഷം രാജ്യസഭയിൽ അദ്ദേഹത്തെ നീക്കണമെന്ന പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇപ്പോഴത്തെ സഭാസമ്മേളനം 20ന് അവസാനിക്കുമെന്നതിനാൽ പ്രമേയം പരിഗണിക്കാനിടയില്ല. 243 അംഗ രാജ്യസഭയിൽ പാസാക്കാൻ 122 വോട്ടുകളാണ് വേണ്ടത്. പ്രതിപക്ഷത്തിന് ഇത്രയും പേരുടെ പിന്തുണയില്ലെന്നതിനാൽ പരിഗണിച്ചാലും പാസാക്കിയെടുക്കുവാൻ കഴിയുകയുമില്ല. ഇതെല്ലാം വസ്തുതയാണെങ്കിലും പ്രമേയത്തിലൂടെ ശക്തമായ സന്ദേശം നൽകാനാണ് പ്രതിപക്ഷം അസാധാരണമായ ഈ നിലപാട് സ്വീകരിക്കാൻ നിർബന്ധിതമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.