25 November 2024, Monday
KSFE Galaxy Chits Banner 2

വ്യവസ്ഥകൾ ഉദാരമാക്കിയിട്ടും ബിപിസിഎല്ലിനെ ആർക്കും വേണ്ട

ബേബി ആലുവ
കൊച്ചി
December 6, 2021 10:04 pm

ഭാരത് പെട്രോളിയം കോർപറേഷ (ബിപിസിഎൽ) ന്റെ വില്പനയ്ക്കായി വ്യവസ്ഥകൾ ഉദാരമാക്കി കൂടുതൽ സ്വകാര്യകുത്തകകളെ ആകർഷിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം വൃഥാവിലായി. ഇതോടെ, ഈ സാമ്പത്തിക വർഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ സ്വരൂപിക്കാമെന്ന കണക്കുകൂട്ടലുകൾ ലക്ഷ്യം കാണില്ലെന്നുറപ്പായി. കഴിഞ്ഞ നവംബറിലാണ് കേന്ദ്രം ബിപിസിഎൽ വില്പന പ്രഖ്യാപിച്ചത്. തുടക്കത്തിൽ രംഗത്തുണ്ടായിരുന്ന വേദാന്ത, അപ്പോളോ ഗ്ലോബൽ, ഐസ്ക്വയേഡ് ക്യാപ്പിറ്റൽ എന്നീ മൂന്നു കോർപറേറ്റ് സ്ഥാപനങ്ങളല്ലാതെ, വില്പന പ്രഖ്യാപിച്ച് വർഷം രണ്ടായിട്ടും താല്പര്യ സമർപ്പണത്തിനു മറ്റാരും മുന്നോട്ടു വന്നിട്ടില്ല. റഷ്യയുടെയും സൗദി അറേബ്യയുടേതുമടക്കം നാലു കമ്പനികളുടെ പേര് വില്പനയുമായി ബന്ധപ്പെട്ടു പറഞ്ഞു കേട്ടിരുന്നെങ്കിലും അവരാരും ഇപ്പോൾ രംഗത്തില്ല.

കേന്ദ്രത്തിന് ഏറെ താല്പര്യമുണ്ടായിരുന്നതും ഒരു ഘട്ടത്തിൽ സജീവമായി പറഞ്ഞു കേട്ടതുമായ മറ്റൊരു പേര് റിലയൻസിന്റേതായിരുന്നു. അവർ താല്പര്യ സമർപ്പണത്തിനു പോലും മുന്നോട്ടു വന്നില്ല. 2020 മാർച്ചിനു മുമ്പ് വില്പന പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള ത്വരിത നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കിലും കാര്യങ്ങൾ ഒരു കടവിലുമടുത്തില്ല. ഇതോടെയാണ്, വിദേശത്തും സ്വദേശത്തുമുള്ള സ്വകാര്യകുത്തകകളെ ആകർഷിക്കാൻ വില്പന വ്യവസ്ഥകളിൽ വലിയ തോതിൽ കേന്ദ്രം ഇളവിനൊരുങ്ങിയത്. പൊതുമേഖലാ സ്ഥാപനങ്ങൾ വാങ്ങുന്ന കമ്പനികൾക്കു നിലവിൽ അനുമതിയുള്ള 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം എന്നത് ബിപിസിഎൽ വാങ്ങാൻ മുന്നോട്ടു വരുന്നവർ ആവശ്യപ്പെടുന്ന പക്ഷം 100 ശതമാനമായി ഉയർത്തും എന്നതായിരുന്നു വാഗ്ദാനം.

വാങ്ങുന്നവർക്കു സഹായകമായ വിധത്തിൽ സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, യാതൊരുവിധ സാമ്പത്തിക ബാധ്യതകളും പുതിയ ഉടമകളുടെ ചുമലിൽ വരാതെ നോക്കുക തുടങ്ങിയ തന്ത്രങ്ങളൊക്കെ കേന്ദ്രം ഇതിനകം പയറ്റി നോക്കി. വില്പനയുടെ മുന്നോടിയായുള്ള പരിഷ്കരണത്തിന്റെ ഭാഗമായി, വിരമിച്ചതിനു ശേഷമുള്ള മെഡിക്കൽ സ്കീമിൽ നിന്ന് 4000 ‑ത്തോളം ജീവനക്കാരെ ഒഴിവാക്കുക വരെ ചെയ്തിരുന്നു. ഇതൊന്നും ഏശിയില്ല എന്നതിനു തെളിവാണ്, തുടക്കത്തിൽ താത്പര്യപത്രം സമർപ്പിച്ച മൂന്നു കമ്പനികളല്ലാതെ മറ്റാരും ബിപിസിഎൽ വാങ്ങാൻ തല്പരരായി മുന്നോട്ടു വരാത്തത്. ഇതോടെയാണ്, കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ വില്പനയിലൂടെ ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട ധനസമാഹരണം എങ്ങുമെത്തില്ല എന്നുറപ്പായിരിക്കുന്നത്.

eng­lish sum­ma­ry; No one wants BPCL even though the con­di­tions are liberal

you may also like this video;

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.