Obesity എന്നാല്‍ അമിതമായി ശരീരത്തില്‍ കൊഴുപ്പ് അടയുന്ന അവസ്ഥയാണ്. ഇത് ഇന്ന് ഒരു ആഗോള പ്രശ്‌നമാണ്. Obesity ധാരാളം അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ചുരുക്കത്തില്‍ ഒരു നിശബ്ദനായ കൊലയാളിയാണ് obesity.
വയറിനുള്ളിലും വയറു ഭാഗത്തെ തൊലിക്കടിയിലും അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് മറ്റു ശരീര ഭാഗങ്ങളിലെ കൊഴുപ്പിനെക്കാളും അപകടകാരിയായി പ്രവര്‍ത്തിക്കുന്നത്. നിരന്തരം സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍ തലച്ചോറില്‍ dopamine എന്ന ഹോര്‍മോണിന്റെ അളവു കുറയുകയും ചെറിയ തോതിലുള്ള ഡിപ്രഷന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ സംതൃപ്തി നേടാന്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നു എന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു. ഇതാണ് ഭക്ഷണത്തോടുള്ള ആസക്തി അഥവാ Food Addiction.
Obesity നിര്‍ണ്ണയിക്കുന്നത് BMI അഥവാ Body Mass Index ഉപയോഗിച്ചാണ്. Weight in kilogram‑നെ Height in metre square കൊണ്ട് ഹരിക്കുമ്പോള്‍ BMI കിട്ടുന്നു.
· Over weight അഥവാ അമിതവണ്ണം — 25kg/m² — 30kg/m² .
· Obesity അഥവാ അമിതവണ്ണം — 30 മുതല്‍ 40 വരെ.
· Morbid obesity — More than 40kg/m². കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന obesity‑യെ ആണ് Morbid obesity എന്ന് പറയുന്നത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും obesity വര്‍ദ്ധിച്ചു വരികയാണ്.
കുറഞ്ഞ BMI ആണ് ഏഷ്യ പസഫിക് പോപ്പുലേഷനു വേണ്ടി WHO ശുപാര്‍ശ ചെയ്തിട്ടുള്ളത്. കാരണം ഈ പോപ്പുലേഷനില്‍ ഗ്ലൂക്കോസും ലിപ്പിഡും സംബന്ധിച്ച അസുഖങ്ങള്‍ 20kg/m² ‑ല്‍ തന്നെ കാണപ്പെടുന്നു എന്ന് ഗവേഷണങ്ങള്‍ പറയുന്നു. Obesity സ്ത്രീകളിലാണ് അധികമായും കണ്ടുവരുന്നത്.
Obesity ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഭൂരിഭാഗം obesity‑യും അമിതമായ ആഹാരക്രമവും (Food Addiction) ആയാസ രഹിതമായ ജീവിത രീതിയും കൊണ്ട് ഉണ്ടാകുന്നതാണ്. എന്നാല്‍ ചുരുക്കം ചിലരില്‍ മറ്റു കാരണങ്ങള്‍ കൊണ്ട് obesity കണ്ടുവരുന്നു. അതിനാല്‍ ഈ അവസ്ഥയുള്ളവര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരായി കാരണം കണ്ടുപിടിക്കേണ്ടതുണ്ട്.
ശരീരത്തിലെ ചില അസുഖങ്ങള്‍ obesity ഉണ്ടാകുന്നു.
ഉദാ: 1. Hypothyroidism അഥവാ തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ്.
2. Adrenal gland- ന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റം Cushing syndrome ഉണ്ടാക്കുന്നു. ഇത് obesity‑ലേക്ക് നയിക്കുന്നു.
3.Hypothalamus എന്ന തലച്ചോറിലുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം.
4. ചില മരുന്നുകള്‍ — ഉദാ: Sulfonylureas, Thiazolidine derivatives, Psychotropic agents, Antidepressants, ചില Antiepileptic drugs, ശരിയല്ലാത്ത രീതിയില്‍ Insulin‑ന്റെ ഉപയോഗം ശരീരം തടിക്കാന്‍ കാരണമാകുന്നു.
Obesity മൂലമുണ്ടാകുന്ന രോഗങ്ങള്‍
· ഹൃദയ സംബന്ധമായ അസുഖങ്ങള്‍
അമിതവണ്ണക്കാരില്‍ Cardiac output അഥവാ ഹൃദയത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന രക്തം നിശ്ചിത അളവിലും കൂടുതലായിരിക്കും. ഇത് ഉള്‍ക്കൊള്ളേണ്ട ശ്വാസകോശത്തിന് വേണ്ടത്ര വികാസിക്കാന്‍ അമിതവണ്ണം ഒരു തടസ്സമാകുന്നു. ഉറക്കത്തില്‍ ഉണ്ടാകുന്ന ശ്വാസതടസ്സം ആണ് Obstructive Sleep Apnea. ഇത് അപകടകരമായ ഒരു അവസ്ഥയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ശ്വാസ തടസ്സം, നിരന്തരമായ കഫക്കെട്ട്, വിട്ടുമാറാത്ത ചുമ എന്നിവ പൊണ്ണത്തടിയുള്ളവരില്‍ നിരന്തരം കാണുന്നു.
വയറിനുള്ളിലും ആമാശയ ഭിത്തികളിലും അടിയുന്ന കൊഴുപ്പ്, dyspepsia അഥവാ ഭക്ഷണത്തിനു ശേഷമുള്ള വിമ്മിഷ്ടത്തിന് കാരണമാകുന്നു. ആമാശയ ഭിത്തിയിലും കുടലിന്റെ ബാഹ്യഭാഗത്തും അടിയുന്ന അമിതമായ കൊഴുപ്പ് കാരണം ആമാശയം ഭക്ഷണം ഉള്‍ക്കൊണ്ട് വികസിക്കുന്നില്ല. അതുകൊണ്ടുതന്നെ ചെറിയ അളവിലുള്ള ഭക്ഷണം പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുടലിന്റെ അനക്കം അഥവാ പെറിസ്റ്റാല്‍സിസ് കുറയുന്നതിനാല്‍ ഭക്ഷണത്തിന്റെ മുന്‍പോട്ടുള്ള നീക്കം താമസിക്കുന്നു. ഇത് Constipation അഥവാ മലശോധന ബുദ്ധിമുട്ടിന് കാരണമാകുന്നു.
തൊലിക്കടിയില്‍ അമിതമായ കൊഴുപ്പടിഞ്ഞ് തൊലിക്കുണ്ടാകുന്ന മടക്കുകള്‍ Fungal Infection‑ന് കാരണമാകുന്നു.
അമിതഭാരം ശരീരത്തിലെ സന്ധികളെ കാര്യമായി ബാധിക്കുന്നു. കാല്‍മുട്ട് വേദന, ഇടുപ്പ് വേദന, അസ്ഥികളുടെ തേയ്മാനം, നട്ടെല്ലിന്റെ ഡിസ്‌കുകളുടെ സ്ഥാനചലനം തുടങ്ങിയ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു. നിരന്തരമായ നടുവു വേദനയാണ് മറ്റൊരു പ്രധാന പ്രശ്‌നം.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും Inflammatory reactions‑ഉം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പില്‍ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന അളവിലെ രക്തത്തിലെ ഗ്ലൂക്കോസ്, Diabetes mellitus എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
Insulin resistance, Diabetes mellitus, Hypertension, Hyperlipidemia, സ്ത്രീകളിലെ Hyperandrogenism എന്നീ അസുഖങ്ങള്‍ വയറിനുള്ളിലെയും വയറിന്റെ തൊലിക്കടിയിലെയും അമിതമായ കൊഴുപ്പിന്റെ അളവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് BMI‑യെ അപേക്ഷിച്ച് Waist to Hip Circumference എന്ന അളവുകോല്‍ മേല്‍പ്പറഞ്ഞ അസുഖം നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ അനുയോജ്യമായി കണക്കാക്കപ്പെടുന്നത്.
ശരീരത്തിലെ അമിതമായ കൊഴുപ്പില്‍ നിന്നും അമിതമായി ഉല്പാദിക്കപ്പെടുന്ന Oestradiol എന്ന Hormone സ്തനങ്ങളില്‍ പലതരം മുഴകള്‍ക്ക് കാരണമാകുന്നു. കൂടാതെ Mastalgia അഥവാ മാറുവേദനയും ഉണ്ടാകുന്നു. ആണ്‍കുട്ടികളില്‍ Sexual organ development താമസിക്കാന്‍ കാരണമാകുന്നു. അതേസമയം പെണ്‍കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ Sexual organ development ആവുകയും early menarchy ഉണ്ടാവുകയും ചെയ്യുന്നു. അധികമായി ഉണ്ടാകുന്ന ഹോര്‍മോണുകള്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് Polycystic ovary എന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിന് കാരണമാകുന്നു. ചിലപ്പോള്‍ വന്ധ്യതയ്ക്കും കാരണമായേക്കാം. ആയാസ രഹിതമായ ദിനചര്യയാണ് Polycystic ovary‑യുടെ മറ്റൊരു പ്രധാന കാരണം. PCOD മൂലം ഗര്‍ഭധാരണയില്‍ കാലതാമസം നേരിടാം. Obesity പുരുഷന്മാരില്‍ Erectile dysfunction അഥവാ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാക്കുന്നു.
Morbid obesity ചിലതരം കാന്‍സറിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതമായ കൊഴുപ്പില്‍ നിന്നും കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന adipokines താഴെ പറയുന്ന കാന്‍സറിന് കാരണമാകുന്നു.
ഉദാ: വന്‍കുടലിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, കിഡ്‌നി കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍. കൊഴുപ്പില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന Oestradiol Breast കാന്‍സറിന് കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
രാത്രികാലങ്ങളിലെ പുളിച്ചു തികട്ടല്‍, പലതരത്തിലുള്ള ഹെര്‍ണിയ, കരളില്‍ അമിതമായി കൊഴുപ്പടിയുക, എന്നിവയും അമിത വണ്ണക്കാരില്‍ കണ്ടുവരുന്നു. Fatty liver അഥവാ കരളിലെ അമിതമായ കൊഴുപ്പ് Non-alcoholic liver cirrhosis എന്ന അസുഖത്തിലേയ്ക്ക് നയിക്കുന്നു.
Hirsutism അഥവാ സ്ത്രീകളിലെ രോമ വളര്‍ച്ച, രക്തത്തിലെ കൂടിയ അളവ് കൊളസ്‌ട്രോള്‍, അടിക്കടി ഉണ്ടാകുന്ന മൂത്രാശയ അണുബാധ, മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ് കുറയുക എന്നീ അവസ്ഥകളും അമിതവണ്ണക്കാരില്‍ കൂടുതലായി കാണപ്പെടുന്നു.
അമിതവണ്ണക്കാരായ കുട്ടികളില്‍ പല മാനസിക പ്രശ്‌നങ്ങളും കാണപ്പെടുന്നു. ADHD, Attention deficit, Hyper activity disorder, അമിതമായ ഉത്കണ്ഠ അഥവാ anxiety, ഡിപ്രഷന്‍ അഥവാ വിഷാദം, Poor self esteem അഥവാ ആത്മാഭിമാനക്കുറവ് എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെടുന്നത്.
അമിതവണ്ണക്കാരില്‍ മേല്‍പ്പറഞ്ഞ ധാരാളം അസുഖങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലായതുകൊണ്ട് തന്നെ അവരുടെ ആയുര്‍ ദൈര്‍ഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് 15 — 20 വര്‍ഷം വരെ കുറവായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
അമിതവണ്ണവും മാനസിക ആരോഗ്യവും
അമിതവണ്ണം ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ആത്മാഭിമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെടുത്തലിന് കാരണമാകുന്ന വിഷാദരോഗ സാദ്ധ്യത കൂടുന്നു.
വിഷാദവും വിഷമകരവുമായ അനുഭവങ്ങളും നെഗറ്റീവ് ചിന്തകളും മറികടക്കാന്‍ ഭക്ഷണത്തെ ഉപാധിയായി സ്വീകരിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്. ചില മാനസിക വൈകല്യങ്ങള്‍ അമിത വണ്ണത്തിനു കാരണമാകുന്നു.
Binge-eating disorder — ചുരുങ്ങിയ സമയം കൊണ്ട് നിയന്ത്രണം വിട്ട പോലെ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്വഭാവത്തെയാണ് Binge-eating syndrome എന്ന് പറയുന്നത്.
അമിത വണ്ണക്കാരില്‍ 19% മുതല്‍ 66% വരെ വിഷാദ രോഗമുള്ളവരായി പഠനങ്ങള്‍ തെളിയിക്കുന്നു. അമിതവണ്ണം വിഷാദ രോഗത്തിനും, വിഷാദരോഗം അമിതവണ്ണത്തിനും കാരണമായേക്കാം. മദ്യപാനവും പുകവലിയും അമിത വണ്ണത്തിന് കാരണമാണ്.
80% വരുന്ന ഹൃദയ സംബന്ധമായ രോഗങ്ങളും Diabetes mellitus‑ഉം 40% കാന്‍സര്‍ രോഗങ്ങളും 3 കാര്യങ്ങളിലൂടെ പ്രതിരോധിക്കാം എന്നാണ് WHO‑യുടെ നിഗമനം.
Healthy Diet
Physical Activity
Avoidance of Tobacco
2004‑ല്‍ ലോകാരോഗ്യ സംഘടന ഭക്ഷണ ക്രമവും ശാരീരിക വ്യായാമവും ആരോഗ്യവും സംബന്ധിച്ച് ഒരു ആഗോള തന്ത്രം ആവിഷ്‌കരിച്ചു. വര്‍ദ്ധിച്ചു വരുന്ന ആഗോള പ്രശ്‌നമായ അമിത വണ്ണത്തെ നേരിടാന്‍. എന്നാല്‍ ലോകാരോഗ്യ സഭയില്‍ ഇത് വിജയം കണ്ടില്ല. ഭക്ഷ്യ ഉല്‍പാദന വ്യാവസായിക ലോകത്തു നിന്നും ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് United States‑ല്‍ നിന്നുമുള്ള എതിര്‍പ്പായിരുന്നു പരാജയത്തിനു പിന്നില്‍.
ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായി വ്യായാമം, മദ്യവും പുകയിലയും ഒഴിവാക്കി കൊണ്ടുള്ള ജീവിതം, മാനസിക ഉല്ലാസം, സംഘര്‍ഷ രഹിതമായ ജീവിതരീതി ഇവയെല്ലാം അമിത വണ്ണത്തില്‍ നിന്നും അങ്ങനെ നിരവധി അസുഖങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാം.
ഡോ.പ്രമീളാദേവി
കൺസൾട്ടന്റ് സർജൻ
SUT ഹോസ്പിറ്റൽ, പട്ടം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.