4 October 2024, Friday
KSFE Galaxy Chits Banner 2

ഓം ബിർളയുടെ രണ്ടാമൂഴവും പ്രതിപക്ഷ ദൗത്യവും

എസ് എൻ സാഹു
July 6, 2024 4:45 am

ലോക്‌സഭാ സ്പീക്കറായി തുടർച്ചയായി രണ്ടാം തവണയും ഓം ബിർള തുടരുമ്പോള്‍, പാർലമെന്ററി ജനാധിപത്യത്തിന്റെ സവിശേഷതയായ സഭയോടുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആദ്യ ടേമിലെ അദ്ദേഹത്തിന്റെ ‘സേവന ചരിത്രം’ അത് ആവശ്യപ്പെടുന്നു. സർക്കാരിനോട് രേഖാമൂലമോ വാക്കാലുള്ളതോ ആയ ചോദ്യങ്ങൾ ഉന്നയിക്കുക, പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ ലോക്‌സഭയുടെ ചർച്ചകളില്‍ പങ്കെടുക്കുക, സ്പീക്കർ റഫർ ചെയ്ത ബില്ലുകൾ പരിശോധിക്കാൻ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതികളെ ഫലപ്രദമായി ഉപയോഗിക്കുക, പാർലമെന്റ് അംഗങ്ങളെ സര്‍ക്കാരിനെ വിചാരണചെയ്യാന്‍ പ്രാപ്തരാക്കുക തുടങ്ങിയവ ഉത്തരവാദിത്തത്തോടെ പ്രതിപക്ഷം നിര്‍വഹിക്കേണ്ടി വരും.
18-ാം സഭയുടെ ആദ്യസമ്മേളനത്തില്‍ത്തന്നെ ഓം ബിര്‍ള തന്റെ തനിസ്വരൂപം പുറത്തെടുത്തിരിക്കുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കിക്കാെണ്ടാണ് നരേന്ദ്ര മോഡിയോടുള്ള ദാസ്യം ഓം ബിര്‍ള ഓര്‍മ്മപ്പെടുത്തിയത്. ഹിന്ദു മതത്തിന്റെ പേരിൽ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നതില്‍ ബിജെപിക്കും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച രാഹുലിന്റെ പരാമർശങ്ങളാണ് നീക്കിയത്. അഡാനി, അംബാനി എന്നീ പരാമര്‍ശങ്ങളും ഓം ബിര്‍ള നീക്കി. നരേന്ദ്ര മോഡിയും അമിത് ഷായും ഉൾപ്പെടെയുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശങ്ങൾ സ്പീക്കർ നീക്കിയത്. 17-ാം സഭയില്‍ മണിപ്പൂ‍ര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തിരുന്നു. 

17-ാം ലോക്‌സഭയിൽ, ഓം ബിർളയുടെ ആദ്യ ഊഴത്തില്‍ നിരവധി പ്രതിപക്ഷ എംപിമാർക്ക് സഭാംഗങ്ങളെന്ന നിലയില്‍ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. രാജ്യത്തെ മുഴുവൻ ഇളക്കിമറിച്ച വിഷയങ്ങളിൽ സംസാരിക്കാൻ ചില ഭരണകക്ഷി അംഗങ്ങൾക്കു പോലും അനുവാദമുണ്ടായില്ല. നരേന്ദ്ര മോഡി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ, മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് ചർച്ചയുണ്ടായപ്പോൾ എല്ലാം ഭരണകക്ഷിയെപ്പോലും വിലക്കിയത് ജനാധിപത്യത്തെ ഞെട്ടിക്കുന്നതായിരുന്നു. മോഡി മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന ബിജെപിയുടെ ആർ കെ രഞ്ജൻ സിങ്, സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ ലോർഹോ എസ് എന്നിവര്‍ക്ക് അനുമതി നിഷേധിച്ചത്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർക്കാരിനെ പ്രതിനിധീകരിച്ച് സംസാരിച്ചതിനാൽ ഈ വിഷയത്തിൽ സംസാരിക്കേണ്ടതില്ല എന്നുപറഞ്ഞാണ്.

അക്രമങ്ങള്‍ക്കിരയായ സംസ്ഥാനത്തുനിന്നുള്ള എംപിമാർക്ക് അവസരം നിഷേധിച്ചത് സ്വന്തം ജനങ്ങളുടെ ദുരിതം ലോക്‌സഭയിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് അവരെ തടയലായിരുന്നു. അവസരം നിഷേധിക്കപ്പെട്ട മണിപ്പൂർ എംപി പിഫോസ്, ഒരു യൂട്യൂബ് ചാനലിലെ ചർച്ചയിൽ പറഞ്ഞത് “ഞാൻ ഔപചാരികമായി അഭ്യർത്ഥിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ല. എന്റെ ജനങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു‌” എന്നാണ്. താൻ പിന്തുണയ്ക്കുന്ന സർക്കാരിനോടുള്ള ആദരം കൊണ്ടല്ല സംസാരിക്കാനുള്ള അഭ്യർത്ഥന മുന്നോട്ട് വച്ചതെന്നും, സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതില്‍ നിരാശയും സങ്കടവും ദേഷ്യവും തോന്നിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിപ്പൂരിനെ കുറിച്ച് താൻ ഉന്നയിച്ച അമ്പതോളം ചോദ്യങ്ങളും ചര്‍ച്ചയ്ക്കെുടുത്തില്ല എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള പാർലമെന്ററി വ്യവസ്ഥ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം നിഷേധിച്ചത് ഗുരുതരമാണ്.
സ്പീക്കർ എന്ന നിലയിലും സഭയുടെ നടപടികളിൽ പങ്കെടുക്കാനുള്ള എല്ലാ എംപിമാരുടെയും അവകാശങ്ങളുടെയും പ്രത്യേകാവകാശങ്ങളുടെയും സംരക്ഷകൻ എന്ന നിലയിലും അവരുടെ മനസറിയാനും മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ അവരെ വിളിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനുമുള്ള ആര്‍ജവം ഓം ബിർള കാണിക്കേണ്ടതായിരുന്നു. പക്ഷേ അദ്ദേഹം അതുചെയ്തില്ല. അത്തരമൊരു ട്രാക്ക് റെക്കോഡുള്ള ബിർളയ്ക്ക് തന്റെ രണ്ടാമൂഴത്തില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭയിലെ എംപിമാർക്കിടയിൽ സർക്കാരിനെ വിചാരണചെയ്യാനും തിരുത്താനുമുള്ള ആത്മവിശ്വാസം പകരാൻ കഴിയുമോ?

ചര്‍ച്ചകളിലൂടെയും കൂടിയാലോചനയിലൂടെയും അവതരിപ്പിക്കുന്ന, സര്‍ക്കാരിന്റെ താല്പര്യം ഉൾക്കൊള്ളുന്ന ബില്ലുകളുടെ സൂക്ഷ്മപരിശോധനയും ആവശ്യമാണ്. ബില്ലുകൾ സഭാവേദിയിൽ ചർച്ച ചെയ്യുമ്പോൾ, സര്‍ക്കാരിന്റെ ഉദ്ദേശ്യം കൂടുതല്‍ മികച്ചതാകുന്നു. എന്നാൽ 17-ാം ലോക്‌സഭയിൽ ബില്ലുകളെക്കുറിച്ചുള്ള ചർച്ചകളൊന്നും നടന്നില്ല. ഒരു നിയമവും അന്തിമ രൂപം നൽകാതെയാണ് പാസാക്കിയത്. 2014ന് മുമ്പ്, സർക്കാർ വകുപ്പുകൾ തയ്യാറാക്കിയ നിരവധി ബില്ലുകൾ, സ്പീക്കർ, നിരവധി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് സൂ­ക്ഷ്മപരിശോധനയ്ക്ക് റഫർ ചെയ്യാറുണ്ടായിരുന്നു. ബിർളയുടെ കാലത്ത്, ഉഭയകക്ഷി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റികളിലേക്ക് അപൂര്‍വം ബില്ലുകൾ മാത്രമേ റഫർ ചെയ്യപ്പെട്ടിട്ടുള്ളൂ എന്നത് ഞെട്ടിപ്പിക്കുന്നതാണ്. പിആർഎസ് നിയമനിർമ്മാണ ഗവേഷണ ഡാറ്റയനുസരിച്ച്, 17-ാം ലോക്‌സഭയില്‍ സ്പീക്കർ കമ്മിറ്റികളിലേക്ക് റഫർ ചെയ്തത് 16 ശതമാനം ബില്ലുകൾ മാത്രമാണ്. ശരിയായ നിയമനിർമ്മാണ പ്രക്രിയയില്‍ ഇത് ശുഭകരമല്ല. സമിതികൾ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷവും ബില്ലുകൾ ലോക്‌സഭയിൽ ചർച്ച ചെയ്‌തില്ല.
ഭരണ‑പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടുന്ന ചർച്ച നടക്കുമ്പോഴാണ് ബില്ലുകളുടെ ഉദ്ദേശശുദ്ധി വെളിപ്പെടുക. മതിയായ ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നത്, നിയമത്തിന്റെ ലക്ഷ്യത്തെക്കാള്‍ സര്‍ക്കാരിന്റെ താല്പര്യമാണ് തെളിയിക്കുക. പാർലമെന്റ് പാസാക്കിയതും നടപ്പിലാക്കിയതുമായ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ പലപ്പോഴും കോടതികൾ ആവശ്യപ്പെടുന്ന അവസ്ഥയിലെത്തിക്കും. പാർലമെന്റിൽ മതിയായ ചർച്ചകൾ കൂടാതെയാണ് ബില്ലുകൾ പാസാക്കുന്നതെന്നും നിയമനിർമ്മാണ ഉദ്ദേശ്യം മനസിലാക്കാൻ കോടതികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കുറ്റമറ്റ നിയമങ്ങളെക്കുറിച്ചുള്ള വിധി പ്രശ്നമാകുമെന്നും മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ പരസ്യമായി പറഞ്ഞിരുന്നു.

പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികൾക്ക് കൂടുതൽ ബില്ലുകൾ റഫർ ചെയ്യുകയും, സഭയില്‍ അവതരിപ്പിച്ച നിയമങ്ങൾക്ക് ആഴവും വ്യക്തമായ ഉള്ളടക്കവും നൽകുന്നതിനായി ബിർള തന്റെ രണ്ടാമൂഴത്തില്‍ പുനഃശ്ചിന്ത നടത്തുകയും തന്റെ ഓഫിസിന്റെ അന്തസ് സംരക്ഷിക്കുകയും വേണം. സഭയുടെയും അതിന്റെ പ്രത്യേകാവകാശങ്ങളുടെയും സംരക്ഷകൻ എന്ന നിലയിൽ, ലോക്‌സഭയുടെയും അതിന്റെ കമ്മിറ്റികളുടെയും നടപടികളിൽ പങ്കുവഹിക്കാൻ പ്രതിപക്ഷത്തിന് അർഹമായ അവസരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കണം.
അഡാനി വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുടെ നിരവധി പരാമർശങ്ങൾ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ഒഴിവാക്കിയതുവഴി ഒരു ചർച്ചാവേദി എന്ന നിലയിലുള്ള പാർലമെന്റിന്റെ പങ്കിന് ഇടിവുണ്ടായി. ഇത്തവണയും അതിന് മാറ്റമില്ലെന്ന് രാഹുലിന്റെ പ്രസംഗം സെന്‍സര്‍ ചെയ്യുകവഴി ഓം ബിര്‍ള തെളിയിച്ചിരിക്കുന്നു. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 140ലധികം പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തത്, ഇരുസഭകളിലെയും അധ്യക്ഷൻമാർ പ്രതിപക്ഷത്തെ ശിക്ഷിക്കുകയാണെന്ന പ്രതീതി ജനങ്ങളുടെ മനസിൽ ഉറപ്പിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ലോക്‌സഭയുടെ മുഴുവൻ കാലയളവിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നികത്തേണ്ടതില്ലെന്ന തീരുമാനം സൃഷ്ടിച്ച അഭൂതപൂർവമായ സാഹചര്യം ഇതിനോട് കൂട്ടിവായിക്കണം. ഭരണഘടനയുടെ 93-ാം അനുച്ഛേദം അനുശാസിക്കുന്ന പ്രകാരം സഭയുടെ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ അപേക്ഷയനുസരിച്ച് ഓം ബിർള പ്രവർത്തിക്കേണ്ടതായിരുന്നു. ലോക്‌സഭയുടെ അഞ്ച് വർഷ കാലാവധി മുഴുവൻ ആ സ്ഥാനം ഒഴിഞ്ഞുകിടന്നത് പാർലമെന്ററി ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഇത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. സ്പീക്കർ ഓം ബിർളയുടെയും മോഡിയുടെയും ഭരണത്തിന് കളങ്കം സൃഷ്ടിച്ചതുമാണ്. നമ്മുടെ പാർലമെന്ററി ജനാധിപത്യത്തെ സമ്പന്നമാക്കുന്നതിന്, നിര്‍ണായകമായ ഒരു തിരിഞ്ഞുനോട്ടം തന്റെ രണ്ടാമൂഴത്തില്‍ ലോക്‌സഭയുടെ പ്രിസൈഡിങ് ഓഫിസർ എന്ന നിലയില്‍ ബിർള നടത്തേണ്ടത് അത്യാവശ്യമാണ്.
(ന്യൂസ് ക്ലിക്ക്)

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.