17 November 2024, Sunday
KSFE Galaxy Chits Banner 2

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; ലക്ഷ്യം രാഷ്ട്രീയ ശബ്ദമലിനീകരണം

Janayugom Webdesk
September 4, 2023 5:00 am

ന്ത്യ സഖ്യത്തിന്റെ മുംബൈ സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ നടത്തിയ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ പ്രഖ്യാപനവും അതേപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായുള്ള കമ്മിറ്റിയുടെ രൂപീകരണവും പ്രതിപക്ഷനിരയിൽ ആശയക്കുഴപ്പവും ഭിന്നിപ്പും ലക്ഷ്യംവച്ചുള്ളതാണ്. വിവാദ നിർദേശത്തിന്റെ പ്രയോഗികതയെക്കാൾ പ്രതിപക്ഷം കൈവരിച്ച രാഷ്ട്രീയ മുൻകൈ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലാണ് അതിനുപിന്നിലുള്ളത്. പ്രധാനമന്ത്രിയുടെയും പാർട്ടിയുടെയും കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കുന്ന വേഗതയാണ് ഇന്ത്യാ സഖ്യത്തിന്റെ ഐക്യനീക്കം കൈവരിച്ചത്. അതിനെ മറികടക്കാനുള്ള ‘യുദ്ധതന്ത്രത്തിന്റെ’ ഭാഗമായാണ് നിശ്ചിത സമയത്തിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ വിളിച്ചുചേർക്കുന്ന പാർലമെന്റിന്റെ അസാധാരണ സമ്മേളന നീക്കവും ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനവും. പ്രതിയോഗിയിൽ അമ്പരപ്പുസൃഷ്ടിച്ച് വിജയം കൈവരിക്കാനുള്ള യുദ്ധതന്ത്രം സമീപകാല ചരിത്രത്തിൽ പ്രയോഗിച്ചത് അഫ്ഗാനിസ്ഥാനിൽ യുഎസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാൾഡ് റംസ്‌ഫീൽഡായിരുന്നു. തുടക്കത്തിൽ വിജയംകണ്ട അതിന്റെ ദാരുണാന്ത്യം ഇന്ന് ലോകചരിത്രത്തിന്റെ ഭാഗമാണ്. യുഎസും ലോകവും അതിന് വലിയ വില നൽകേണ്ടി വന്നു. മോഡി പിന്തുടരുന്ന ആ വിനാശകരമായ നയത്തിന്റെ പ്രത്യാഘാതത്തെപ്പറ്റി പ്രവചനത്തിനു മുതിരുന്നില്ല. പക്ഷെ മോഡിയുടെയും ബിജെപിയുടെയും ദുഷ്ടലാക്ക് വ്യക്തമാണ്. അതിനോട് ഫലപ്രദമായി പ്രതികരിക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞുവെന്നാണ് മുംബൈ സമ്മേളനത്തിന്റെ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. സീറ്റ് വിഭജനകാര്യത്തിൽ ഉണ്ടായ പൊതു അഭിപ്രായസമന്വയം പ്രതീക്ഷയ്ക്ക് വകനൽകുന്നു.


ഇതുകൂടി വായിക്കൂ:  ഒരേസമയം തെരഞ്ഞെടുപ്പ്: ഇത് നാലാമൂഴം


ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം സെപ്റ്റംബറിൽ നിശ്ചയിച്ചിട്ടുള്ള പാർലമെന്റ് സമ്മേളനത്തിൽ അസാധ്യമായിരിക്കും. ചർച്ചകൾക്കോ മതിയായ നിയമനിർമ്മാണ പ്രക്രിയയ്ക്കോ ആവശ്യമായ സമയമോ സാവകാശമോ രാജ്യത്തിന് മുന്നിലില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ അത്തരം ഒരു നിയമ നിർമ്മാണത്തിന് ആവശ്യമായ സമവായത്തെക്കാൾ പ്രതിപക്ഷനിരയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മോഡിസർക്കാർ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. രാജ്യസഭയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ നേതാവ് മല്ലികാർജുൻ ഖാർഗെയെ അവഗണിച്ച് മുൻ നേതാവ് അധീർ രഞ്ജൻ ചൗധരിയെ രാംനാഥ് കോവിന്ദ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും അതിലിരിക്കാൻ അദ്ദേഹം വിസമ്മതിച്ചതും രാഷ്ട്രത്തിനു നൽകുന്ന സന്ദേശം വ്യക്തമാണ്. ഏകീകൃത സിവിൽ നിയമത്തിലെന്നപോലെ രാഷ്ട്രീയ ശബ്‍ദമലിനീകരണവും രാജ്യം നേരിടുന്ന മൗലിക പ്രശ്നങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടുകയും മാത്രമാണ് ലക്ഷ്യം. കാലാവധി പൂർത്തിയാക്കുംമുമ്പ് ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുക എന്നത് ഭരണകക്ഷിയുടെ സവിശേഷ അധികാരമാണ്. എന്നാൽ ന്യായമായ എണ്ണം സംസ്ഥാന നിയമസഭകളിലേക്കെങ്കിലും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതിന് പല നിയമസഭകളുടെയും കാലാവധി വെട്ടിച്ചുരുക്കേണ്ടിവരും. ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനും ചില നിയമസഭകളുടെയെങ്കിലും കാലാവധി വെട്ടിച്ചുരുക്കുന്നതിനും ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും. അത്തരമൊരു ഭേദഗതിക്ക് ചുരുങ്ങിയത് അമ്പത് ശതമാനം നിയമസഭകളുടെയെങ്കിലും അംഗീകാരം അനിവാര്യമാണ്. ബിജെപി ആഗ്രഹിക്കുംവിധം അത്തരം ഒരു ഭരണഘടനാ ഭേദഗതി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അസാധ്യമാണ്. അവരുടെ അജണ്ടയ്ക്കനുസരിച്ച് അത് നടത്തിയെടുക്കാനുള്ള സമയവും സാവകാശവും ലഭിക്കുകയുമില്ല.


ഇതുകൂടി വായിക്കൂ: ഒരു രാജ്യം ഒരു വളം; തെരഞ്ഞെടുപ്പ് പ്രചരണ പദ്ധതി


1967 വരെ രാജ്യത്ത് ഒരേസമയം ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നു. കോൺഗ്രസായിരുന്നു അന്ന് കേന്ദ്രത്തിലും ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണം നടത്തിയിരുന്നത്. ഇന്ന് ആ സ്ഥിതി നിലവിലില്ല. രാജ്യത്തിന്റെ പൊതു രാഷ്ട്രീയ സ്വാഭാവത്തിൽ മൗലികമായ മാറ്റം സംഭവിച്ചിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും അല്ലെങ്കിലും, ഭൂരിപക്ഷം സംസ്ഥാനങ്ങളിലെങ്കിലും സാർവത്രിക പിന്തുണ ഒരുപാർട്ടിക്കും ഒറ്റയ്ക്ക് അവകാശപ്പെടാനാവില്ല. പലസംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് ശക്തമായ സ്വാധീനവും സാന്നിധ്യവുമാണ് ഉള്ളത്. അതുകൊണ്ടുതന്നെ മോഡിയും ബിജെപിയും ആഗ്രഹിക്കുന്നപോലെ ജനാധിപത്യ മാർഗത്തിലൂടെ നിർദിഷ്ട തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന് അനുകൂലമായ രാഷ്ട്രീയ സമവായം അസാധ്യമാണ്. സ്വേച്ഛാപരമായി ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രത്തിനുമേൽ അടിച്ചേല്പിക്കാമെന്നത് വ്യാമോഹം മാത്രമല്ല ഗുരുതര പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്ന നടപടിയുമായിരിക്കും. വസ്തുത അതായിരിക്കെ മോഡിയും ബിജെപിയും ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് വഴി ശ്രമിക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പുനടത്താനുള്ള രാഷ്ട്രീയ ശബ്ദമലിനീകരണമാണെന്ന് വ്യക്തം.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.