27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 18, 2024
July 17, 2024
July 10, 2024
July 7, 2024
July 4, 2024
July 3, 2024
June 30, 2024
June 22, 2024
June 14, 2024

കുഴല്‍നാടനെതിരെ കോണ്‍ഗ്രസിലും യുഡിഎഫിലും എതിര്‍പ്പ് ശക്തം

ആളാകാനുള്ള നീക്കം തിരിച്ചടിയാകുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
May 7, 2024 9:15 pm

പാര്‍ട്ടിയിലും മുന്നണിയിലും തന്റെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആലോചനയില്ലാത്ത പ്രവൃത്തികള്‍ നടത്തുന്ന മാത്യു കുഴല്‍നാടനെതിരെ കോണ്‍ഗ്രസിലും യുഡിഎഫിലും എതിര്‍പ്പ് ശക്തം. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതിയും ചവറ്റുകുട്ടയിലെറിഞ്ഞതോടെയാണ് കുറച്ചുകാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ തുറന്ന എതിര്‍പ്പിലേക്ക് നീങ്ങിയത്. തെളിവുകളൊന്നുമില്ലാതെ ഹര്‍ജി നല്‍കുകയും, കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടാവുകയും ചെയ്ത സാഹചര്യം പാര്‍ട്ടിയെയും മുന്നണിയെയും നാണംകെടുത്തുന്നതാണെന്നാണ് നേതാക്കളുടെ പ്രതികരണം. 

തെളിവുകളൊന്നുമില്ലാതെ ആരോപണങ്ങളുടെ പുകമറ ഉയര്‍ത്തുമ്പോഴെല്ലാം, മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് കുഴല്‍നാടന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളും പരാതികളും തുടര്‍ച്ചയായി ഉയര്‍ത്തുന്നതിലൂടെ പാര്‍ട്ടിയിലെ സ്ഥാനക്കയറ്റമാണ് കുഴല്‍നാടന്റെ ലക്ഷ്യമെന്ന ആരോപണമാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. വീണാ വിജയന്റെ കമ്പനിയുടെ വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിലുള്‍പ്പെടെ രാഷ്ട്രീയമായ പ്രചരണം ശക്തമാക്കുന്നതിനിടയില്‍ കോടതിയില്‍ നിന്നുണ്ടായ വലിയ തിരിച്ചടിക്ക് പിന്നില്‍ കുഴല്‍നാടന്റെ എടുത്തുചാട്ടമാണെന്നും, പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് പലപ്പോഴും നിയമനടപടികളിലേക്കുള്‍പ്പെടെ അദ്ദേഹം നീങ്ങുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പ്രചരണത്തിനുവേണ്ടി ഇനി ഈ വിഷയം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന പ്രശ്നവും കോണ്‍ഗ്രസിലും യുഡിഎഫിലുമുണ്ട്. മുന്നണി നേതാക്കളോട് ആലോചിക്കാതെ നിയമസഭയിലുള്‍പ്പെടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മുസ്ലിം ലീഗിലും എതിര്‍പ്പുണ്ട്.

പാര്‍ട്ടി നേതാക്കള്‍ തനിക്കെതിരെ എതിര്‍പ്പ് ശക്തമാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ നിരാശാബാധിതനായാണ് ഇന്നലെ കുഴല്‍നാടന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടുവെന്നും പ്രതീക്ഷിക്കാത്ത വിധിയാണുണ്ടായതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വിചിത്രമായ വാദങ്ങളും അദ്ദേഹം ഉയര്‍ത്തി. അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇതിനാണ് കോടതിയെ സമീപിച്ചത്. അല്ലാതെ മുഖ്യമന്ത്രിയെയും കുടുംബത്തെയും ശിക്ഷിക്കണമെന്നല്ല തന്റെ ആവശ്യം. അങ്ങനെ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കുഴല്‍നാടന്‍ മലക്കം മറിഞ്ഞത്. തെളിവുകള്‍ ഇപ്പോള്‍ കയ്യിലില്ല. കോടതി അന്വേഷണം ആരംഭിച്ചാല്‍ മാത്രമെ തനിക്ക് തെളിവുകള്‍ നല്‍കാന്‍ സാധിക്കൂയെന്നും കുഴല്‍നാടന്‍ പറഞ്ഞു. വിജിലന്‍സ് കോടതി വിധി കൊണ്ട് എല്ലാ കഴിഞ്ഞുവെന്ന് കരുതുന്നില്ലെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Eng­lish Sum­ma­ry: Oppo­si­tion to Kuzhal­nadu is strong in Con­gress and UDF

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.