നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരം ഇനി ഓര്‍മ്മയില്‍. ദേശീയ പാതയോരത്ത് തലയുയര്‍ത്തി നിന്നിരുന്ന ഒപ്പുമരം നാലുവരി ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഇന്നലെ മുറിച്ചുമാറ്റി.
പരമ്പരാഗത സമര രീതികളെ അട്ടിമറിച്ച പ്രകൃതിയും ജീവജാലങ്ങളും അതിജീവനം ആവശ്യപ്പെട്ട ഒരു പുതിയ സമര രീതിയായിരുന്നു ഒപ്പുമരം. ലോകത്തെ മുഴുവന്‍ ഇത് ചലിപ്പിച്ചു. കാസര്‍കോട്ട് ഒപ്പുമരമുയര്‍ന്നപ്പോള്‍ തലസ്ഥാ നനഗരിയിലും കേരളത്തിലെ ഗ്രാമ നഗരാ
ന്തരങ്ങളിലും പലയിടത്തായി വിഷ കീടനാശിനി ക്കെതിരായി ഒപ്പുമരങ്ങള്‍ ഉയര്‍ന്നു.
പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒരു ശരക്കൊന്ന വൃക്ഷമാണ് ഒപ്പുമരമായി മാറിയത്. 2011 ഏപ്രിലില്‍ നടന്ന സ്റ്റോക്ക് ഹോം കണ്‍വന്‍ഷനാണ് എന്‍ഡോസള്‍ഫാന്‍ രാജ്യാന്തര തലത്തില്‍ നിരോധിച്ചത്.നിരോധനം സാധ്യമാക്കാന്‍ കേരളത്തിലിരുന്ന് എന്തു ചെയ്യാമെന്ന ആലോചനയില്‍ നിന്നാണ് ഒപ്പുമരം എന്ന ആശയം ഉണ്ടാകുന്നത്. അതിജീവനത്തിന്റെ മരം എന്ന തരത്തിലാണ് പുതിയ ബസ് സ്റ്റാന്റില്‍ പണ്ടു സാമൂഹിക വിരുദ്ധര്‍ വിഷം കുത്തി വെച്ച് ഉണക്കാന്‍ ശ്രമിച്ച ശരക്കൊന്ന കളിലൊന്ന് ഒപ്പുമരമായി തിരഞ്ഞെടുത്തത്.
മരത്തില്‍ തുണി ചുറ്റി ഒപ്പുശേഖരിക്കാന്‍ തുടങ്ങി. വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍, രോഗികള്‍, അമ്മമാര്‍ തുടങ്ങി നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങള്‍ എത്തി ഒപ്പു ചാര്‍ത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീകാത്മക ഒപ്പുമരങ്ങള്‍ ഉയര്‍ത്തി ഒപ്പുശേഖരിച്ചു. ഒപ്പുകളെല്ലാം ഓരോ ദിവസവും കേന്ദ്ര തലത്തില്‍ എത്തിച്ചു. രണ്ടാഴ്ച നീണ്ട ഒപ്പുമര സമരം ഒടുവില്‍ വിജയം കണ്ടു.
2011 ഏപ്രില്‍ 29ന് ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.ഒപ്പുമരത്തില്‍ തൂക്കിയിട്ട തപാല്‍ പെട്ടിയില്‍ ജനങ്ങള്‍ ദുരിതങ്ങളും സങ്കടങ്ങളും എഴുതിയിട്ടുണ്ട്. തുടര്‍ന്ന് 2012ലും എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നീക്കാന്‍ 2017 വരെ നല്‍കിയിരുന്ന സമയം വെട്ടിക്കുറച്ചു വിഷം അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഒപ്പുമര സമരം 2013ല്‍ നടന്നത്. പിന്നീട് ഒട്ടേറെ സമരങ്ങള്‍ ഒപ്പുമര ചുവട്ടില്‍ നടന്നു. ഗോവയില്‍ കൊല്ലപ്പെട്ട സഫിയ തിരോധന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഫിയ ആക്ഷന്‍ കമ്മിറ്റി പന്തലിട്ട് നൂറു ദിവസം സമരം നടത്തി. സഫിയ കൊലപ്പെടുത്തി കുഴിച്ചു മൂടിയ വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തതോടെ സമരം അവസാനിപ്പിച്ചു. ചെങ്കളയിലെ റൈഹാന
തിരോധാന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിയ പ്രക്ഷോഭവും വിജയം കണ്ടു. ചെമ്പിരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി 500 ദിവസം ഒപ്പുമരചുവട്ടില്‍ സത്യാഗ്രഹ സമരം നടത്തി. കെല്‍ — ഭെല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് എസ് ടി യു നേതൃത്വത്തില്‍ രണ്ടു മാസത്തോളം സമരം നടത്തി. കമ്പനി കേരള സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സമരം അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.