23 December 2024, Monday
KSFE Galaxy Chits Banner 2

ഒപിഎസിനെ വെട്ടിനിരത്തി: എഡിഎംകെയില്‍ അധികാരം പിടിച്ചടക്കി പളനിസ്വാമി

Janayugom Webdesk
July 11, 2022 11:23 pm

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എടപ്പാടി പളനിസ്വാമി. ചെന്നൈ വാനഗരത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പളനിസ്വാമിയെ താല്കാലിക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. അതേസമയം ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ പാര്‍ട്ടി ആസ്ഥാനം ജില്ലാ ഭരണകൂടം അടച്ചുപൂട്ടി മുദ്രവച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പനീര്‍ശെല്‍വത്തെയും മുതിര്‍ന്ന നേതാക്കളായ ജെസിഡി പ്രഭാകര്‍, ആര്‍ വൈത്തിലിംഗം, പി എച്ച്‌ മനോജ് പാണ്ഡ്യന്‍ എന്നിവരെയും പുറത്താക്കിയത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒപിഎസിനെ നീക്കിക്കൊണ്ട് ജനറല്‍ കൗണ്‍സില്‍ പ്രത്യേക പ്രമേയം പാസാക്കി. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പാര്‍ട്ടി ട്രഷറര്‍ സ്ഥാനം ദിണ്ടിക്കല്‍ ശ്രീനിവാസന് കൈമാറി.
ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നിയമപ്രകാരം കോര്‍ഡിനേറ്റര്‍ക്കും ജോയിന്റ് കോഓര്‍ഡിനേറ്റര്‍ക്കും മാത്രമെ യോഗം വിളിക്കാന്‍ കഴിയൂ എന്നായിരുന്നു വാദം. ഹൈക്കോടതി വിധിയോടെ പാര്‍ട്ടിയില്‍ പളനിസ്വാമി പിടിമുറുക്കി. 2500 പേരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി മുന്നോട്ടുവച്ച ഇരട്ടനേതൃത്വം എടപ്പാടി വിഭാഗം പരിഗണിച്ചില്ല. പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടനേതൃത്വം ഒഴിവാക്കി. നാല് മാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനും തീരുമാനമായി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വമെടുത്ത് കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും തികഞ്ഞവര്‍ക്കാണ് മത്സരിക്കാന്‍ യോഗ്യത.
അതേസമയം എടപ്പാടി പളനിസ്വാമിയെ പുറത്താക്കിയതായി പനീര്‍ശെല്‍വവും പ്രഖ്യാപിച്ചു. ഒന്നരക്കോടി പാര്‍ട്ടി പ്രവര്‍ത്തകര്‍ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ജയലളിതയുടെ മരണശേഷമാണ് നേതൃത്വപദവിയെ ചൊല്ലി അണ്ണാഡിഎംകെയില്‍ ഒപിഎസ്-ഇപിഎസ് ചേരിപ്പോര് രൂക്ഷമായത്.
ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി റോയല്‍പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പളനിസ്വാമി- പനീര്‍ശെല്‍വം അനുകൂലികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. വ്യാപകമായി കല്ലേറുണ്ടായി.
ഇരുവിഭാഗങ്ങളുടെയും പോസ്റ്ററുകളും കത്തിച്ചു. ഇതോടെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഐഎഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് റവന്യു അധികൃതര്‍ പൂട്ടി മുദ്രവയ്ക്കുകയും ചെയ്തു.

Eng­lish Sum­ma­ry: OPS was cut down: Palaniswa­mi seized pow­er in ADMK

You ma like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.