26 April 2024, Friday

ഗാന്ധിജിയും 21-ാം നൂറ്റാണ്ടിലെ ബിസിനസും — ഒരു വര്‍ഷം നീളുന്ന ഗവേഷണത്തിലൂടെ ഗ്ലോബല്‍ റിസര്‍ച്ച് ഒബ്‌സര്‍വേറ്ററി സ്ഥാപിക്കാന്‍ ഓര്‍ഗാനിക് ബിപിഎസ്

Janayugom Webdesk
കൊച്ചി
October 4, 2021 1:32 pm

ബിസിനസുകളുടെ വളര്‍ച്ചയും അത് സന്മാര്‍ഗത്തില്‍ ഊന്നേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ലോകചരിത്രത്തില്‍ മറ്റേതൊരു ജനനേതാവിനുമില്ലാതിരുന്ന ആശയങ്ങള്‍ മുന്നോട്ടു വെച്ച ഗാന്ധിജിയുടെ 152-ാം ജന്മദിനത്തില്‍ ഗാന്ധിജിയും 21-ാം നൂറ്റാണ്ടിലെ ബിസിനസും എന്ന വിഷയം അടിസ്ഥാനമാക്കി ഒരു വര്‍ഷം നീളുന്ന ഗവേഷണത്തിലൂടെയും ശില്‍പ്പശാലകളിലൂടെയും ഒരു ഗ്ലോബല്‍ റിസര്‍ച്ച് ഒബ്‌സര്‍വേറ്ററി എന്ന വിജ്ഞാന നിരീക്ഷണ മണ്ഡലം സ്ഥാപിക്കാനുള്ള യജ്ഞത്തിന് കൊച്ചി ആസ്ഥാനമായ പര്‍പ്പസ് ബ്രാന്‍ഡിംഗ് കമ്പനിയായ ഓര്‍ഗാനിക് ബിപിഎസ് തുടക്കം കുറിച്ചു.

മിനിമലിസവും ലളിതജീവിതവും നടപ്പാക്കിക്കൊണ്ടു തന്നെ ഇന്നുള്ള ആധുനിക കമ്യൂണിേേക്കഷന്‍ സംവിധാനങ്ങളൊന്നും ലഭ്യമല്ലാതിരുന്ന 1940-കളില്‍ 36 കോടി വരുന്ന ജനതയെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന വലിയ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ ലോകം കണ്ട എക്കാലത്തെയും മികച്ച സിഇഒ ആയി വിലയിരുത്തുപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തതെന്ന് ഓര്‍ഗാനിക് ബിപിഎസ് സ്ഥാപകന്‍ ദിലീപ് നാരായണന്‍ പറഞ്ഞു. ഗാന്ധിജി മുന്നോട്ടു വെച്ച സുസ്ഥിരവികസന മാതൃകകള്‍ക്ക് കോവിഡാനന്തര കാലഘട്ടത്തില്‍ വലിയ പ്രസക്തിയുണ്ട്. ഗാന്ധിജിയെപ്പറ്റിയാകുമ്പോള്‍ ഒബ്‌സര്‍വേറ്ററി എന്നു വിളിയ്ക്കുന്നതിന് മറ്റൊരു മാനം കൂടിയുണ്ടെന്നും ദിലീപ് നാരായണന്‍ പറഞ്ഞു. ആഗോളചിന്തകര്‍ ഗാന്ധിജിയെ ബഹിരാകാശത്തോടാണ് (സ്‌പേസ്) ഉപമിയ്ക്കാറുള്ളത്. കൂടുതല്‍ പര്യവേഷണം ചെയ്യുന്തോറും കൂടുതല്‍ പഠനസാധ്യതകള്‍ തുറന്നിട്ടുകൊണ്ട് മുന്നിലേയ്ക്ക് നീണ്ടുകിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയുടേയും കര്‍മവീര്യത്തിന്റേയും പ്രചോദനത്തിന്റേയും അനന്തമായ ആകാശത്തേയ്ക്ക് നോക്കുന്ന നിരീക്ഷണകേന്ദ്രമാകും ഈ ഒബ്‌സര്‍വേറ്ററി.

സാശ്രയത്വം, സുസ്ഥിര വികസനം, പൊതുസമൂഹത്തെയും പരിസ്ഥിതിയേയും കണക്കിലെടുത്തുള്ള ഉത്തരവാദിത്തമുള്ള ബിസിനസ് തുടങ്ങിയ ഗാന്ധിയന്‍ മൂല്യങ്ങളിലൂന്നി 21-ാം നൂറ്റാണ്ടിലെ ബിസിനസുകളെ ആഗോളതലത്തില്‍ത്തന്നെ നവീകരിക്കാനാണ് ഒബ്‌സര്‍വേറ്ററിയിലൂടെ അടിത്തറ പാകാന്‍ ലക്ഷ്യമിടുന്നതെന്ന് ദിലീപ് നാരായണന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലുള്ള പത്ത് രാജ്യങ്ങളില്‍ നിന്ന് സുസ്ഥിര ബിസിനസ് മാതൃകകള്‍ നടപ്പാക്കി വരുന്ന സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് അവയുടെ പ്രവര്‍ത്തനരീതികള്‍ പഠിക്കുകയും ക്രോഡീകരിക്കുകയും ചെയ്യും. ഇതിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച നൂറോളം പ്രതിഭകളുടെ ആശയങ്ങള്‍ വിവിധ പരിപാടികളിലൂടെ സമന്വയിപ്പിച്ച് ഒബ്‌സര്‍വേറ്ററിയുടെ ഭാഗമാക്കും. ഗ്ലോബല്‍ സിഇഒമാര്‍, സംരംഭകര്‍, സാമ്പത്തികവിദഗ്ധര്‍, ചരിത്രകാരന്മാര്‍, അക്കാദമിക് മേഖലയില്‍ നിന്നുള്ളവര്‍, പൊതുനയ രൂപികരണരംഗത്തു പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കുന്ന ശില്‍പ്പശാലകള്‍, സെമിനാറുകള്‍, കേസ് സ്റ്റഡികള്‍, അഭിമുഖങ്ങള്‍, റൗണ്ട്‌ടേബ്ള്‍ പരിപാടികള്‍ തുടങ്ങിയവയിലൂടെയാണ് ഒബ്‌സര്‍വേറ്ററിയുടെ ആശയലോകം സൃഷ്ടിക്കുകയെന്നും ദിലീപ് നാരായണന്‍ പറഞ്ഞു. 2022 ഒക്ടോബര്‍ 2‑ന് ഒബ്‌സര്‍വേറ്ററിയുടെ സേവനം പൊതുമണ്ഡലത്തില്‍ ലഭ്യമാക്കുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.organicbps.com

Eng­lish Sum­ma­ry : Organ­ic BPS to start glob­al research observatory

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.