15 November 2024, Friday
KSFE Galaxy Chits Banner 2

ഒരു തെക്കൻ പെരുമ

എ ഐ ശംഭുനാഥ്
November 13, 2022 8:00 am

സാഹിത്യവും സിനിമയും സഞ്ചരിക്കുന്ന പാത രണ്ടാണെങ്കിലും കൂട്ടിമുട്ടുന്ന ഇടം ഒന്നാണ്. അത് കഥാതന്തുവിന്റെ സൂക്ഷ്മാംശങ്ങളുടെ യാത്രയിലാണ്. എം ടിയും പത്മരാജനും വിപ്ലവം സൃഷ്ടിച്ച സാഹിത്യസിനിമാ ബന്ധത്തിന് തുടർക്കഥയില്ലെന്ന് പലരും ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. ഇനി അങ്ങനെ ഒരു യുഗം മലയാള സിനിമാലോകത്ത് പിറവി എടുക്കില്ലെന്നും സിനിമ നിരൂപകർ ഒന്നടങ്കം മുദ്രകുത്തി.
ഇന്നത്തെ സിനിമാലോകം വൈവിദ്ധ്യങ്ങളുടെ നിലവറയാണ്. ദിനംപ്രതി പരിണാമങ്ങൾ സംഭവിക്കുന്ന ഈ മേഖലയിൽ സാഹിത്യരചനയിലൂടെ തിരക്കഥാരചനയുടെ വേറിട്ട മാനദണ്ഡം കൽപ്പിക്കുകയാണ് ജി ആർ ഇന്ദുഗോപൻ. ചെറു പ്രായത്തിൽ തന്നെ സാഹിത്യരംഗത്ത് ഉയർന്ന് കേട്ട ആ ചെറുപ്പക്കാരന്റെ പേര് ഇന്ന് വെള്ളിത്തിരയ്ക്ക് ഏറെ മൂല്യമുള്ളതായി മാറിയിരിക്കുന്നു. ഇന്ദുഗോപന്റെ സാഹിത്യസൃഷ്ടികളെ തേടി എത്താൻ സിനിമാക്കാർക്ക് ഊർജ്ജവും ഉൻമേഷവും പകരുന്നത് അദ്ദേഹത്തിന്റെ കഥകളുടെ ചൂടുള്ള പ്രാണവായുവിന്റെ അംശമാണ്. അത് വായനക്കാരിൽ ഉളവാക്കുന്ന ദൃശ്യവസന്തം സിനിമയുടേതാണ്. പല റീഡേഴ്സ് സർക്കിൾ ഗ്രൂപ്പുകളിലും മറ്റും ഇപ്പോൾ പ്രധാന ചർച്ച തുടങ്ങുന്നത് ഇപ്രകാരമാണ് “ഇന്ദുഗോപന്റെ എല്ലാ കഥകളിലും സിനിമയുണ്ട്…” സിനിമാമോഹികളായ ചെറുപ്പക്കാരാവട്ടെ അതിന് തങ്ങളുടേതായ ദ്യശ്യസങ്കല്പങ്ങൾ വരച്ചുകാട്ടുകയും ചെയ്യുന്നു.

വിലായത്ത് ബുദ്ധ, പടിഞ്ഞാറെകൊല്ലം ചോരക്കാലം, മറുത, ചെന്നായ, കരിമ്പുലി, സ്കാവെഞ്ചർ, അമ്മിണിപിള്ള വെട്ടുകേസ് തുടങ്ങിയ കൃതികൾ വായനക്കാർ അവരുടെ പ്രിയപ്പെട്ടതാക്കി മാറ്റി. വായന കഴിയുന്നതോടെ വായനക്കാരിൽ നിന്നും പൂർണമായും വിട്ടുപോകുന്നതല്ല ഇന്ദുഗോപന്റെ കഥാപാത്രങ്ങൾ. നമ്മുടെ മനസ്സിൽ അവ തളംകെട്ടി നിൽക്കും. മാനസികമായ വേറിട്ട സഞ്ചാരങ്ങളാവും അവരിൽ നിന്ന് നമ്മളിലേക്ക് പകർന്നു തരിക. അതിന്റെ സുഗന്ധം വായനാധമനികളെ തഴുകിയുണർത്തുക തന്നെ ചെയ്യും.
ഇന്ദുഗോപൻ കഥകൾ വായനക്കാരനു നൽകുന്ന ഒരു സ്വാതന്ത്ര്യത്തിന്റെ അളവുണ്ട്. അത് കഥയുടെ അന്ത്യത്തിൽ വായനക്കാർക്ക് തങ്ങളുടെ കൽല്പനകൾ സമർപ്പിക്കാനുള്ള ഇടം നൽകുന്നു എന്നതാണ്. കഥയുടെ പശ്ചാത്തലത്തിൽ നിന്നും കഥാപാത്രങ്ങളുടെ വൈകാരികശുദ്ധി വേറിട്ടെടുക്കാൻ സാധിക്കുന്നതു പോലെയാണ് ഒരോ സൃഷ്ടിയും രൂപപ്പെടുത്തിയിട്ടുള്ളത്. മുൻകൂട്ടി നിശ്ചയിച്ച ടെംപ്ലേറ്റ് പ്രകാരമല്ല കഥകൾ പുരോഗമിക്കുന്നത്. മറിച്ച് സ്വഭാവികമായി സംഭവിക്കാവുന്ന അനിശ്ചിതത്വത്തിന്റെ അംശങ്ങളെ അറകളാക്കി സൂക്ഷിക്കുകയാണ് കഥാകാരൻ ഇവിടെ.

ഓണത്തിന് റിലീസായ ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന സിനിമ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയില്‍ നിന്നും ഉടലെടുത്തതാണ്. ഈ ചിത്രം തിയേറ്ററിലും ഇപ്പോൾ നെറ്റ്ഫ്ലിക്സിലും മികച്ച പ്രേക്ഷകഅഭിപ്രായത്തോടെ മുന്നേറുന്നു. ക്രിസ്തുമസ് റിലീസിന് തയ്യാറെടുക്കുന്ന ‘കാപ്പ’ എന്ന ഷാജി കൈലാസ് ചിത്രം ‘ശംഖുമുഖി’ എന്ന കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിൽ ചിത്രീകരണം നടക്കുന്ന ‘വിലായത്ത് ബുദ്ധ’യ്ക്ക് ആധാരമായത് അതേ പേരിലുള്ള നോവൽ തന്നെയാണ്. മേൽപ്പറഞ്ഞ സിനിമകൾക്ക് അടിസ്ഥാനമായ സാഹിത്യസൃഷ്ടികളെല്ലാം വായനാസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അതിന്റെയൊക്കെ സിനിമാ പതിപ്പിനായുള്ള കാത്തിരിപ്പിലാണ് പലരും. സാഹിത്യത്തേയും സിനിമയെയും തമ്മിൽ യോജിപ്പിച്ച ഇന്നത്തെ തലമുറയുടെ മുഖമുദ്രയായി ജി ആർ ഇന്ദുഗോപൻ മാറുന്നു. മറയൂരിലും പരിസരഭാഗങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ സെറ്റിലാണ് ഇന്ദുഗോപൻ ഇപ്പോൾ. ചന്ദനമരങ്ങളുടെ സുഗന്ധം പരക്കുന്ന കഥ നടക്കുന്ന ഈ ഭൂമികയിൽ വെച്ച് അതിന്റെ എഴുത്തുകാരന്റെ വിലയേറിയ അൽപനേരം കടമെടുത്തുകൊണ്ട്:

സാഹിത്യവും സിനിമയും: എഴുത്തുകാരന്റെ കാഴ്ചപ്പാടിൽ

പലപ്പോഴും ഈ രണ്ട് മേഖലയിലേക്കും വേണ്ടുന്ന കണ്ടന്റ് ഒന്നാണ്. അവതരിപ്പിക്കുന്ന രീതിയിൽ മാത്രമാണ് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാറുള്ളത്. സാഹിത്യത്തിൽ രചയിതാവിന്റെ തൂലികയെ തടുക്കുന്ന ഘടകങ്ങൾ ഒന്നും തന്നെയില്ല. എഴുത്തുകാരന്റെ ചിന്തകളെ ഒളിയും മറയും പുരളാത്ത പരുവത്തിൽ വാർത്തെടുക്കാം. സിനിമയുടെ കാര്യത്തിൽ ഇത് നടപ്പുള്ള കാര്യമല്ല. തിരക്കഥ ആവശ്യപ്പെടുന്ന ചില ഫാക്ടേഴ്സുണ്ട്. അതിനനുസരിച്ച് വേണം എഴുത്തിൽ അടുക്കും ചിട്ടയും വരുത്തേണ്ടത്. എങ്കിലും കഥാപാത്രങ്ങളുടെ തനിമ ചോർന്നുപോകാതിരിക്കാൻ പ്രത്യേകമായ ശ്രദ്ധ ചെലുത്താറുണ്ട്. തീർത്തും ജൈവമായ രീതിയിൽ അവരെ ഒഴുക്കി വിടാനാണ് പരമാവധി ശ്രമിക്കാറുള്ളത്. സിനിമ എത്ര റിയലിസ്റ്റിക്കായെന്ന വാദം പറഞ്ഞാലും തിരക്കഥ ആവശ്യപ്പെടുന്ന ഔട്ട് ലൈനിൽ മാത്രമേ സിനിമയെ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുകയുള്ളു.

‘കാപ്പയും ശംഖുമുഖിയും’
പത്രപ്രവർത്തകനായി ജോലിചെയ്ത കാലം സമ്മാനിച്ച അനുഭവങ്ങളുടെ കൂമ്പാരമാണ് ‘ശംഖുമുഖി’ എന്ന കഥയിലേക്ക് എത്താൻ സാധിച്ചത്. കൊട്ടമധു എന്ന കഥാപാത്രം പലരിലൂടെയും ജീവിച്ച് കണ്ടിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ഇരുണ്ട മുഖം അക്കാലയളവിൽ നേരിട്ട് കണ്ട് മനസിലാക്കാൻ സാധിച്ചു. വർഷങ്ങളോളം നേരിൽ കാണാൻ കഴിഞ്ഞ സന്ദർഭങ്ങളും മനുഷ്യരും മനസിന്റെയുള്ളിൽ കിടന്ന് വെന്തു പാകിയാണ് ഇത്തരമൊരു രചനയിലേക്ക് എത്തിചേരുന്നത്. റൈറ്റേഴ്സ് യൂണിയൻ വളരെ പെട്ടെന്നാണ് ശംഖുമുഖിയെ ‘കാപ്പ’ എന്ന സിനിമാരൂപത്തിലേക്ക് ആക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

വിലായത്ത് ബുദ്ധ: സച്ചിയും ശിഷ്യനായ ജയൻ നമ്പ്യാരും

നോവലിന്റെ ആദ്യ ലക്കം മാതൃഭൂമിയിൽ വന്ന സമയത്തു തന്നെ സച്ചിയുടെ ശ്രദ്ധയിൽപ്പെടുകയും എന്നെ ബന്ധപ്പെടുകയും ചെയ്തു. ‘അയ്യപ്പനും കോശി‘യും ഷൂട്ടിംഗ് കഴിഞ്ഞുനിന്ന വേളയിലായിരുന്നു അദ്ദേഹം. പൃഥ്വിരാജുമായി ബന്ധപ്പെട്ട് ഉടനടി സച്ചി ഇത് പ്രോജക്ടിന്റെ രൂപത്തിലാക്കി. നോവലിന്റെ എഴുത്തുകാരൻ തന്നെ സിനിമ എഴുതണം എന്ന നിർബ്ബന്ധവും സച്ചിക്ക് ഉണ്ടായിരുന്നു. എന്റെ സുഹൃത്തായ രാജേഷ് പിന്നാടനും എഴുത്തിൽ പങ്കാളിയാവാം എന്ന തീരുമാനവും എടുത്തു.
സച്ചി കൺസീവ് ചെയ്ത സമയത്ത് പൂർണമായും ഇത് അദ്ദേഹത്തിന്റെ സിഗ്നേച്ചർ ക്രാഫ്റ്റ് ആയിരുന്നു. സച്ചിയുടെ തന്നെ അസോസിയേറ്റായ ജയൻ നമ്പ്യാർക്ക് ഈ ചിത്രം ചെയ്യാൻ സാധിച്ചു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. വിലായത്ത് ബുദ്ധയുടെ കഥ എങ്ങനെ ദ്യശ്യവത്കരിക്കണമെന്നതിനെപ്പറ്റി വേറിട്ട വീക്ഷണമുള്ള ആളാണ് ജയൻ. അത് അയാൾ തന്നെ പ്രൂവ് ചെയ്യും. സച്ചിയുടെ അനുഗ്രഹം ഞങ്ങളുടെ കൂടെയുണ്ടെന്ന പൂർണമായ വിശ്വാസത്തിനു പുറത്താണ് ഞങ്ങൾ. ആ ആത്മാവിനെ നന്ദിയോടെ സ്മരിക്കുന്നു.

പുസ്തകത്തിലെ കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തുമ്പോൾ 

വായനക്കാർക്ക് ഒരു കഥാപാത്രത്തെ എത്രത്തോളം ബന്ധപ്പെടുത്താൻ സാധിക്കുന്നു എന്നയിടത്താണ് എഴുത്തുകാരന്റെ ആത്മസംതൃപ്തി. പുസ്തകം വായിക്കുന്ന വ്യക്തിയുടെ ഭാവനയുടെ അംശം കൂടിചേരുമ്പോൾ രചയിതാവിന്റെ ചങ്ങല ഭേദിച്ച് കഥാപാത്രങ്ങൾ സഞ്ചരിക്കും. എന്നാൽ സിനിമയുടെ കാര്യത്തിൽ കഥാപാത്രങ്ങളെ ദൃശ്യഭാഷയുടെ സാധ്യതയിൽ വിരിയിച്ചെടുക്കേണ്ട ആവശ്യകതയുണ്ട്. അത് പൂർണ്ണമായും വേറൊരു പ്രക്രിയയാണ്. സിനിമയിലേക്ക് എത്തുമ്പോഴുള്ള പ്രധാന വെല്ലുവിളി മൂലകഥയിലെ കഥാപാത്രങ്ങളോട് നീതി പുലർത്തുക എന്നുള്ളതാണ്. മികച്ച അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും ചുറ്റുപാടിൽ അക്കാര്യത്തിൽ വളരെയധികം ഹാപ്പിയാണ്. അതുകൊണ്ട് തന്നെ അമ്മിണിപ്പിള്ളയെയും കൊട്ട മധുവിനെയും ഡബിൾ മോഹനനെയും ഒക്കെ വെള്ളിത്തിരയിൽ കോൺഫിഡന്റായി എത്തിക്കാനുള്ള ഊർജ്ജം ലഭിച്ചു.
നോവൽ വായിച്ച പലരും ‘കാപ്പ’യിലെ കൊട്ടമധു എങ്ങനെ ആയിരിക്കുമെന്നും ‘വിലായത്ത് ബുദ്ധ’യിലെ ഡബിൾ മോഹനൻ ഏതു വിധമുള്ള പ്രകടനമാണ് സമ്മാനിക്കാൻ പോകുന്നത് എന്നൊക്കെയുള്ള ആഖ്യാനങ്ങളും നിർവചനങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിലൊക്കെ കണ്ടു. പ്രേക്ഷകരുടെ ഇത്തരത്തിലുള്ള ആകാംക്ഷ കാണുമ്പോൾ സംത്യപ്തി ലഭിക്കാറുണ്ട്.

മറ്റ് പ്രോജക്ടുകൾ

പ്രസിദ്ധീകരിച്ച പല കഥകളും നോവലുകളും സിനിമയാക്കാനുള്ള ചർച്ചകൾ സജീവമാണ്. ‘കാപ്പ’ ഷൂട്ടിംഗ് കഴിഞ്ഞ് നിൽക്കുന്ന വേളയിലാണ് നമ്മളിപ്പോൾ സംസാരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിൽ എത്തും. വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ഷെഡ്യൂൾ ഷൂട്ടിംഗ് പൂർത്തിയായി. ബാക്കിയുള്ളത് തീർത്ത് വിഷുവിന് റിലീസ് ചെയ്യാനാണ് പദ്ധതി. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ആൽവിൻ ഹെൻറിയുടെ തന്നെ കഥയിൽ ഞാനും ബെന്ന്യാമിനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
ഭാവിയെപ്പറ്റി പരിപൂർണ്ണമായ വീക്ഷണ സങ്കല്പങ്ങളൊന്നും അധികമില്ല. എഴുത്തെന്ന പ്രക്രിയയെ എന്നെന്നും നിലനിർത്താൻ സാധിക്കണം എന്ന പ്രാർത്ഥന മാത്രമേ തൽക്കാലം കൈവശമുള്ളൂ. എന്നെ വശീകരിച്ച ലോകം കഥകളുടേതാണ്. അതിനു വേണ്ടി അധ്വാനങ്ങൾ സമർപ്പിക്കണം എന്ന ചിന്തയാണ് എപ്പോഴും കൂട്ടിനുണ്ടാവാറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.