25 December 2024, Wednesday
KSFE Galaxy Chits Banner 2

ജാതിരാഷ്ട്രത്തിലെ ‘മറ്റുള്ളവർ’

അജിത് കൊളാടി
വാക്ക്
September 23, 2023 4:24 am

പ്രാചീന ഭാരതത്തിൽ പിറന്നുവീണ ചിന്തകൾ അനന്തമാണ്, അതീവ ഗഹനമാണ്. അവയുടെ സൂര്യൻ എല്ലാവരുടെയുംമേൽ പ്രകാശിക്കും. വിശ്വവിശാലത പുലർത്തി സർവമനുഷ്യരെയും അതിന്റെ ബാഹുക്കളിലൊതുക്കി ആശ്ലേഷിക്കും. നാനാത്വത്തിൽ ഏകത്വം ആണ് പ്രകൃതി കല്പിതം എന്ന് പൗരാണിക ദർശനങ്ങൾ പറയുന്നു. സംസ്കാരം എപ്പോഴും അന്വേഷിച്ചത് മനുഷ്യന്റെ മഹോന്നതമായ മഹിമയും ഉത്കർഷവുമാണ്. എന്നാൽ കാലം ചവച്ചുതുപ്പിയ ചവറുകളും മനുഷ്യഹൃദയങ്ങളെ മുറിപ്പെടുത്താനുള്ള കല്ലുകളുമാണ് ഫാസിസ്റ്റുകൾ തിരയുന്നത്. കാലം കുഴിച്ചുമൂടിയ മനുഷ്യത്വവിരുദ്ധ ആശയങ്ങൾക്ക് ചന്തം ചാർത്താനുള്ള തിരക്കിലാണ് അവർ വ്യാപൃതരായിരിക്കുന്നത്. ആശാവഹമായത് മറുവശത്ത്, തിരിച്ചറിവിന്റെ ഉറവകൾ മൂടുന്ന കല്ലുകളും ചപ്പുചവറുകളും എടുത്തു മാറ്റാൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നവരുമുണ്ട് എന്നതാണ്.
ഇന്ത്യ ഭരിക്കുന്നവർ പറയുന്നത് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ്. ഇന്ത്യ ഏതെങ്കിലും ഒരു മതത്തിന്റെതല്ല; അങ്ങനെ നിലനിന്നിട്ടുമില്ല. ഹിന്ദു എന്നത് സിന്ധു നദിയുടെ പേരില്‍ നിന്നുവന്ന വാക്കാണ്. സിന്ധൂ തീരത്ത് ജീവിക്കുന്ന ആളുകളെ ഒന്നിച്ചു പറയുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കപ്പെട്ട വാക്കാണത്. ഇത്രയേറെ വർണങ്ങൾ, ജാതികൾ, അനേകായിരം ദൈവങ്ങൾ, അനേകായിരം ആചാരരീതികൾ, അനുഷ്ഠാനങ്ങൾ, ജാതി വ്യവസ്ഥ, വർണങ്ങളിൽ പെടാത്ത പഞ്ചമവർണക്കാരായ ജനത, ആദിവാസികൾ, സങ്കീർണമായ അനേകം ഭാഷകള്‍, പ്രാദേശിക സംസ്കാരങ്ങള്‍ എന്നിവയുള്ള ഒരു രാജ്യത്തെ മനസിലാക്കുക എന്നത് പ്രയാസകരമായിരുന്നതുകൊണ്ട് ഒരുമിച്ചു വിളിച്ച ഒരു വാക്ക് എന്ന നിലയിലാണ് ഹിന്ദു എന്ന ശബ്ദം നിലവിൽ വന്നത്.
ഏകശിലാത്മകം എന്ന് വിളിക്കാവുന്ന യാതൊന്നും ഇന്ത്യയുടെ ജീവിതപാരമ്പര്യത്തിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ രാഷ്ട്രത്തെ അങ്ങനെ മാറ്റിത്തീർക്കാനുള്ള ശ്രമങ്ങൾ ഒരു നൂറ്റാണ്ടായി നടക്കുന്നു. അതിനോട് പല തോതിൽ ഇടയാനും വൈവിധ്യങ്ങളെ ഉറപ്പിച്ചുനിർത്താനുമുള്ള വലിയ ശ്രമങ്ങൾ നാം പല ഘട്ടങ്ങളിലും നടത്തിയിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ടു വന്ന ദേശീയ ബോധത്തിന്റെ, ഉൾക്കൊള്ളലിന്റെതായ ഒരു ദേശീയതാ സങ്കല്പത്തിലാണ് വാസ്തവത്തിൽ ഇന്ത്യ എന്ന ആശയം നിലവിൽ വന്നത്. ഫാസിസ്റ്റുകൾക്ക് രാഷ്ട്രം എന്നത് അവിടത്തെ ജനങ്ങളല്ല, അവരുടെ സുഖദുഃഖങ്ങളല്ല. അതിർത്തിയാണ്, ഭരണകൂടമാണ്, ഭരണം നയിക്കുന്ന നേതാവാണ്. രാജ്യത്തെ ജനതയായി കാണാതിരിക്കുക, ഭരണകൂടമായും അതിനെ നയിക്കുന്ന നേതൃബിംബമായും സമീകരിക്കുക എന്നത് ഫാസിസത്തിന്റെ പ്രവർത്തന യുക്തിയാണ്.


ഇത് കൂടി വായിക്കൂ: ഇങ്ങേരാരാ ചേരന്‍ചെങ്കുട്ടുവനോ!


ബ്രാഹ്മണ്യം, ചാതുർവർണ്യമെന്ന ഘടനയ്ക്കകത്താണ് ഹിന്ദുധർമ്മത്തെ വളർത്തിയെടുത്തത്. ചാതുർവർണ്യത്തെക്കുറിച്ച് വിസ്തരിക്കുന്ന ആദ്യഗ്രന്ഥം ശതപഥബ്രാഹ്മണമാണ്. പ്രാവർജ്യം പഠിപ്പിക്കുന്ന അധ്യാപകർ ശൂദ്രരെയും, സ്ത്രീകളെയും, പട്ടികളെയും, കാക്കകളെയും നോക്കരുതെന്നും, അവയെല്ലാം അശുദ്ധ ജീവികളാണെന്നും പറഞ്ഞത് ശതപഥബ്രാഹ്മണമാണ്.
ശൂദ്രരെയും സ്ത്രീകളെയും ഒരുപോലെ കാണുകയും സമൂഹത്തിൽ അവർക്ക് നിന്ദ്യമായ സ്ഥാനം നൽകുകയും ചെയ്യുന്നത് ചാതുർവർണ്യ സിദ്ധാന്തമനുസരിച്ചാണ്. മനുസ്മൃതിയടക്കമുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളാണ് ശൂദ്രവിരോധവും സ്ത്രീപുച്ഛവും പ്രചരിപ്പിച്ചത്. സ്ത്രീവിരോധം ധർമ്മമാണെന്ന് പ്രചരിപ്പിക്കാനാണ് പുരാണങ്ങളിൽ മിത്തുകളും കഥകളും ഉണ്ടായത്. അങ്ങനെ വർണാശ്രമധർമ്മങ്ങൾ സാധാരണക്കാരന്റെ അവബോധത്തിന്റെ ഭാഗമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് പുരാണങ്ങൾ നടത്തിയത്.
ജാതിയുടെ തൊഴിൽ, ആരാധനാക്രമം, വസ്ത്രധാരണക്രമം, ഭാഷ, ഭക്ഷണ രീതി, വിവാഹരീതി, ശേഷക്രിയ തുടങ്ങിയ എല്ലാ ജീവിതക്രമങ്ങളും നിശ്ചയിക്കുന്നത് ധർമ്മശാസ്ത്രങ്ങളാണ്. മനുസ്മൃതി, നാരദസ്മൃതി, പരാശര സ്മൃതി തുടങ്ങി 19 ധർമ്മശാസ്ത്രങ്ങളുണ്ട്. കൂടുതൽ അംഗീകരിക്കപ്പെട്ടത് മനുസ്മൃതിയാണ്. ജാതി പ്രത്യയശാസ്ത്രം അപരത്വത്തിന്റെ ഉല്പാദന കേന്ദ്രമാണ്. സംഘ്പരിവാർ ശക്തി സംഭരിക്കുന്നത് ആ കേന്ദ്രത്തിൽ നിന്നാണ്. ജാതിമേൽക്കോയ്മയാണ് ദളിതരെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയുമൊക്കെ അപരരാക്കുന്നതിൽ നേതൃപരമായി പ്രവർത്തിക്കുന്നത്. ബ്രാഹ്മണിസത്തിൽ സാമൂഹിക സമത്വം എന്നൊരു തത്വം ഇല്ല.
ജാതിവ്യവസ്ഥ സംഭാവന ചെയ്തത് ക്രൂരതയുടെ സംസ്കാരമാണ്. തൊട്ടു കൂടായ്മ തുടങ്ങിയ ഉച്ചനീചത്വങ്ങൾ, വഴി നടക്കാൻ പറ്റാത്ത അവസ്ഥ, വെള്ളം കുടിക്കാൻ സാധ്യമല്ലാത്ത അവസ്ഥ, താഴ്ന്ന ജാതിക്കാർ സൂര്യന് കീഴിൽ നിന്നാൽ അവരുടെ നിഴൽ ഭൂമിയിൽ വീണാൽ ഭൂമി അശുദ്ധമാകും എന്ന പ്രചരണത്താല്‍ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ. വർഗപരവും ജാതീയവുമായ വിദ്വേഷത്തിന്റെ പേരില്‍ ഓരോ വർഷവും ആയിരക്കണക്കിന് ദളിതർ കൊല്ലപ്പെടുകയും അസംഖ്യം ദളിത് സ്ത്രീകൾ ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു, അപരവൽക്കരിക്കപ്പെടുന്നു. ദാർശനികമായും ചരിത്രപരമായും സമീപിച്ചു കൊണ്ടു മാത്രമെ ജാതിയുടെയും ചാതുർവർണ്യത്തിന്റെയും അടിസ്ഥാന ശിലകൾ ഇളക്കി മാറ്റുന്ന രാഷ്ട്രീയത്തിനു വിത്ത് പാകാൻ കഴിയൂ എന്ന് ഡോ. അംബേദ്കർക്ക് ബോധ്യമുണ്ടായിരുന്നു. 1916 ൽ ‘കാസ്റ്റ്സ് ഇൻ ഇന്ത്യ, ദെയർ മെക്കാനിസം, ജെനിസിസ്, ആന്റ് ഡെവലപ്മെന്റ്’ എന്ന വിഖ്യാതമായ പ്രബന്ധം അദ്ദേഹം എഴുതി. കൊളംബിയ സർവകലാശാലയിലെ സെമിനാറിൽ അവതരിപ്പിക്കാൻ എഴുതിയ ഈ പ്രബന്ധം പിന്നിട് ഇന്ത്യൻ ആന്റിക്വിറ്റിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു.


ഇത് കൂടി വായിക്കൂ: സമരങ്ങളുടെ അനിവാര്യത


ജാതി വ്യവസ്ഥയുടെ സംഘർഷങ്ങളെ, ദൈവശാസ്ത്രത്തിന്റെ പരിരക്ഷയുള്ള ഒരു ശ്രേണീഘടനയിൽ ഉറപ്പിച്ചു നിർത്തിയാണ് ചാതുർവർണ്യം പ്രവർത്തനക്ഷമമാക്കിയിരുന്നത്. അതിന്റെ ദാർശനിക സമീപനത്തെ ഉള്ളിൽ നിന്നോ പുറത്തു നിന്നോ ആക്രമിക്കാൻ കഴിയാത്തവിധം ശക്തമായ ഒരു ദൈവശാസ്ത്ര കവചമായിരുന്നു അണിയിച്ചിരുന്നത്. ആ ദൈവശാസ്ത്രത്തെ ചോദ്യം ചെയ്യാതെ, ചാതുർവർണ്യത്തിന്റെ ന്യായങ്ങളെ വെല്ലുവിളിക്കാൻ കഴിയുമായിരുന്നില്ല. ആ വെല്ലുവിളിയാണ് അംബേദ്കര്‍ ഏറ്റെടുത്തത്. മുകളിൽ നിന്നുള്ള പരിഷ്കാരങ്ങളും നിയമങ്ങളും കൊണ്ടു മാത്രം ജാതിനിർമ്മാർജനം സാധ്യമല്ലെന്ന് അംബേദ്കറിനും ഗാന്ധിജിക്കും അറിയാമായിരുന്നു. ഭരണകൂടം ജാതി ഇല്ലാതാക്കും എന്ന അംബേദ്കറുടെ സ്വപ്നവും, ഹിന്ദുമതം ജാതി വ്യവസ്ഥയെ നിരാകരിക്കും എന്ന ഗാന്ധിയുടെ സ്വപ്നവും തകർന്നുപോയത് നിയമ വ്യവസ്ഥയെയും പരിഷ്കരണത്തെയും ചെറുക്കുന്ന ഹിന്ദുത്വത്തിലെ ബ്രാഹ്മണ യാഥാസ്ഥിതികത്വത്തിന്റെ പാറയിൽ ഇടിച്ചാണ്.
ജാതി ജന്മി നാടുവാഴി വ്യവസ്ഥിതിക്കെതിരെ നടന്ന സമരങ്ങളെ വിസ്മരിച്ചുകൊണ്ട് ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് ഒരു വാക്കു പോലും ഉച്ചരിക്കാനാവില്ല. ജാതിമതബോധത്താൽ നിർണയിക്കപ്പെടുന്ന സാമൂഹ്യബോധത്തിന് മുൻവിധികളെ മുറിച്ച് കടക്കുക അസാധ്യമാണ്. സ്വന്തം മാത്രം ശ്രേഷ്ഠവും, അന്യമെല്ലാം മ്ലേച്ഛവുമായി മാറുന്ന രീതിയിലാണ് മുൻവിധികൾ മൂർച്ചകൂട്ടുന്നത്. പരസ്പരം മനസിലാക്കല്‍ അസാധ്യമാകുംവിധം അകന്നു ജീവിച്ച ഒരു കാലത്തിന്റെ അവശിഷ്ടം തന്നെയാണ് ആധുനിക ജീവിതത്തെ കടന്നാക്രമിക്കുന്ന മാരകായുധമായി മാറുന്നത്. ഇപ്പോൾ സംഭ്രമിപ്പിക്കുന്നവിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആചാരപരതക്ക് പിന്നിലും, കൃത്രിമ മതഘോഷങ്ങളുടെ പിറകിലും, ജനാധിപത്യത്തെ സൂചിപ്പിക്കുന്ന വിവാദങ്ങളിലും, സവർണാരാധനയുടെ പിറകിലും, പതിയിരിക്കുന്നത് ഭൂതകാല പൂജയും അതിനോടുള്ള ലജ്ജാകരമായ വിധേയത്വവുമാണ്. തങ്ങളൊഴിച്ച് മറ്റാർക്കും മോക്ഷം കിട്ടുകയില്ലെന്നും,അവരൊന്നും ഗുണം പിടിക്കില്ലെന്നും, അവർക്കൊന്നും ഒരു കഴിവുമില്ലെന്നും കരുതുന്ന അപകടരമായ സങ്കുചിതത്വമാണത്.
ബ്രാഹ്മണ്യ സംസ്കാരത്തിനെതിരെ, ഫാസിസത്തിനെതിരെ, സമസ്ത സങ്കുചിതത്വങ്ങളോടും അവനവൻ പറയുന്നതു മാത്രം ശരിയാണെന്നു നിഷ്കർഷിക്കുന്ന രീതികളോടും അതിശക്തമായ പോരാട്ടം നിരന്തരം വേണം. ഇത്തരം ഹീനമായ ആശയങ്ങൾക്കെതിരെ വീര്യമാർന്ന ശ്രമം നടത്തണം. ആ കഠിനമായ ശ്രമങ്ങളിൽ നിന്നാണ് സ്വാതന്ത്ര്യത്തിന്റെ ലോകം ആരംഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.