17 June 2024, Monday

Related news

June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024
June 6, 2024

തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്; ആശയപോരാട്ടങ്ങളില്‍ പാര്‍ട്ടി പിന്നില്‍; തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2022 10:59 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. നരേന്ദ്ര മോഡിയുടെ നയങ്ങള്‍ കാരണം ഇന്ത്യ വിഭജിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട് എന്നും രാഷ്ട്രീയ ഏകാധിപത്യം എന്നത് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നുമാണ് ജയറാം രമേശ് പറഞ്ഞത്.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി, രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലെ ബാലി ബോര്‍ഡ ഗ്രാമത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് മുന്നില്‍ മൂന്ന് വെല്ലുവിളികളാണുള്ളത്, അതില്‍ നമ്മള്‍ പോരാടേണ്ടതുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങള്‍ കാരണം ഇന്ത്യയില്‍ വിഭജനത്തിനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക അസമത്വവും കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് മറ്റൊരു വെല്ലുവിളി.രാഷ്ട്രീയ സ്വേച്ഛാധിപത്യം എന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇത് ഒരു രാഷ്ട്രം-ഒരു മനുഷ്യന്‍ (വണ്‍ നേഷന്‍— വണ്‍ മാന്‍) എന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. എല്ലാ രാഷ്ട്രീയ അവകാശങ്ങളും ഒരു വ്യക്തിക്ക് നല്‍കപ്പെടുന്നു.ഭരണഘടന അവഗണിക്കപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമാവുകയും ചെയ്യുകയാണ്, മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശ് പറഞ്ഞു.

ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് വിജയമല്ല യാത്രയുടെ ലക്ഷ്യമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പില്‍ വിജയിക്കാനല്ല ഈ യാത്ര. ഇത് പാര്‍ട്ടി സംഘടനയെ സജീവമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ്തെരഞ്ഞെടുപ്പില്‍ ഒരുപക്ഷെ യാത്രയുടെ ഗുണം ലഭിച്ചേക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈ യാത്ര വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പുകളല്ലാതെ മറ്റുപലതുമുണ്ട്.

രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തിന് വലിയ സ്ഥാനമുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യും, എന്നാല്‍ ആശയപരമായ പോരാട്ടങ്ങള്‍ നടത്തേണ്ടത് പ്രധാനമാണ്, കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.കഴിഞ്ഞ 35–40 വര്‍ഷമായി ആശയപരമായ പോരാട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ കോണ്‍ഗ്രസ് പിന്നിലായിരുന്നുവെന്നും തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പാര്‍ട്ടി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ എത്തിയത്.

സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് രാജസ്ഥാനിലെത്തിയത്.150 ദിവസം കൊണ്ട് 3,570 കിലോമീറ്ററായിരിക്കും യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടക്കുക. അടുത്ത വര്‍ഷം ഫെബ്രുവരി ആദ്യം ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര സമാപിക്കും.

Eng­lish Summary:
Out­spo­ken Con­gress leader Jairam Ramesh; The Con­gress was left behind in ide­o­log­i­cal bat­tles, giv­ing pri­or­i­ty to elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.