20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 11, 2025
May 28, 2025
May 15, 2025
May 8, 2025
May 6, 2025
May 5, 2025
May 4, 2025
May 3, 2025
April 24, 2025
April 23, 2025

വയല്‍നാടിന്റെ കഥ പറഞ്ഞ പി വത്സല

കെ കെ ജയേഷ്
കോഴിക്കോട്
November 22, 2023 1:36 pm

“തിരുനെല്ലി അടിയാന്റെ തറവാടാണ്.. ഈ മണ്ണിൽ വിളയുന്നതെന്തും അടിയാന് അവകാശപ്പെട്ടതാണ്. ഈ നെൽവയലുകൾ മാത്രം എങ്ങനെയവർക്ക് നഷ്ടപ്പെട്ടു… ” നെല്ലിലെ രാഘവൻ നായരുടെ മനസിൽ നിറഞ്ഞ ഈ ചോദ്യം തന്നെയായിരുന്നു ചുരം കയറി തിരുനെല്ലിയിലെത്തിയ പി വത്സലയുടെ ഉള്ളിലും നിറഞ്ഞത്. താഴ് വാരത്തു നിന്നും മലകയറി വന്നവർ മണ്ണിന്റെ അധിപരായി മാറി. ഇവർക്ക് മുമ്പിൽ ആദിവാസികൾ വിധേയരായി നിന്നു. ഈ കാഴ്ചകളിൽ നിന്നായിരുന്നു പി വത്സലയുടെ രചനകൾ പിറവിയെടുക്കുന്നത്.
ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമായിരുന്നു പി വത്സലയുടെ രചനകൾ. വയനാടിന്റെയും ആദിവാസികളുടെയും ജീവിതങ്ങളായിരുന്നു അവർ പ്രധാനമായും തന്റെ രചനകൾക്ക് പ്രമേയമാക്കിയത്. സ്വന്തം അനുഭവത്തിൽ നിന്ന് നേരിട്ട് കണ്ടറിഞ്ഞവരായിരുന്നു അവരുടെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും. 

മലയാളത്തിലെ ക്ലാസിക് നോവലുകളിലൊന്നാണ് പി വത്സലയുടെ നെല്ല്. ഗോത്ര ജീവിതങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരമായിരുന്നു ഈ നോവൽ. രാഘവൻ നായരും മാരയും മല്ലനും കുറുമനും കുറുമാട്ടിയും ഗോത്രമൂപ്പനും വള്ളിയൂർക്കാവും തിരുനെല്ലിയും ബാവലിപ്പുഴയും പാപനാശിനിയും വയനാടൻ പ്രകൃതിയുടെ ഭാവമാറ്റങ്ങളുമെല്ലാം നിറഞ്ഞു നിൽക്കുന്ന നെല്ല് വായനക്കാരന് വ്യത്യസ്തമായ ഒരു വായനാനുഭവമായി മാറി. നെല്ലിന് പിന്നാലെ കൂമൻകൊല്ലിയിലും ആഗ്നേയത്തിലും ആദിവാസി ജീവിതം കഥപശ്ചാത്തലമായി. നക്സൽ പ്രസ്ഥാനത്തിന്റെ യാത്രാവഴികളിലൂടെ കഥ പറയുമ്പോഴും ആഗ്നേയത്തിന്റെ പശ്ചാത്തലവും ആദിവാസി ഇടങ്ങൾ തന്നെയായിരുന്നു. നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, പാളയം, വിലാപം, റോസ് മേരിയുടെ ആകാശങ്ങൾ, തൃഷ്ണയുടെ പൂക്കൾ, ആദിജലം തുടങ്ങിയ വത്സല ടീച്ചറുടെ രചനകളോരോന്നും മലയാളിക്ക് സമ്മാനിച്ചത് വായനയുടെ മറ്റൊരു വസന്തകാലമായിരുന്നു. 

കുട്ടിക്കാലം മുതൽ എഴുതുമായിരുന്ന പി വത്സലയെ എഴുത്തിനെ കൂടുതൽ ഗൗരവമായെടുക്കാൻ പ്രേരിപ്പിച്ചത് പ്രശസ്ത വിവർത്തകനായിരുന്ന എം എൻ സത്യാർത്ഥിയാണ്. നവയുഗം, ജനയുഗം, മാതൃഭൂമി എന്നിവയിലെല്ലാം കഥകൾ എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് നാട്ടുകാരൻ കൂടിയായ എസ് കെ പൊറ്റക്കാടിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് വയനാട്ടിലെ ആദിവാസികളെക്കുറിച്ച് എഴുതാൻ കഴിയുമോ എന്ന് എഴുത്തുകാരിയോട് ചോദിക്കുന്നത്. വയനാട്ടിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫിസറായിരുന്ന കെ പാനൂർ കൊടുത്ത കത്തുമായി തിരുനെല്ലിയിലുള്ള രാഘവൻ മാഷെ കാണാനിറങ്ങി. തിരുനെല്ലിയിലെ ജീവിതങ്ങളെ അടുത്തറിഞ്ഞാണ് നാലു വർഷത്തോളമെടുത്ത് നെല്ല് എഴുതി പൂർത്തിയാക്കുന്നത്. സ്ത്രീ ജീവിതത്തിന്റെ ഒറ്റപ്പെടലും സംഘർഷങ്ങളുമെല്ലാം ആവിഷ്ക്കരിക്കുന്ന ‘തകർച്ച’ എന്ന നോവൽ നെല്ലിന് മുമ്പ് പി വത്സല എഴുതിയിരുന്നു. നെല്ല് രാമു കാര്യാട്ട് സിനിമയാക്കിയപ്പോൾ മലയാളത്തിലെ മികവുറ്റ സിനിമകളിലൊന്നായും അത് മാറി. 

Eng­lish Summary:P Vat­sala told the sto­ry of Wayanad
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.