19 April 2024, Friday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

നെല്ല് സംഭരണം ഇന്ന് തുടങ്ങും, മില്ലുടമകള്‍ നിസഹകരണം പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 21, 2022 8:38 am

ഒരു വിഭാഗം മില്ലുടമകളുടെ നിസഹകരണത്തെ തുടര്‍ന്ന് നെല്ല് സംഭരണത്തിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലുമായി ഇന്നലെ മില്ലുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സപ്ലൈകോയുമായി കരാറിലേര്‍പ്പെടാനും ഇന്നുമുതല്‍ നെല്ല് സംഭരണത്തില്‍ സഹകരിക്കാനും റൈസ് മില്ലേഴ്സ് അസോസിയേഷന്‍ സന്നദ്ധരായി മില്ലുടമകൾ ഉന്നയിച്ചുപോരുന്ന ആവശ്യങ്ങളിൽ സത്വരമായ പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ കേന്ദ്രസർക്കാർ 68 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്റൽ നെല്ല് സംസ്കരിക്കുമ്പോൾ 68 കിലോ അരി മില്ലുടമകൾ തിരികെ നല്കണം.

കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം സംസ്ഥാനത്ത് ഇത് 64.5 ശതമാനം ആയി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ ഹൈക്കോടതി 68 ശതമാനം ഔട്ട് ടേൺ റേഷ്യോ പുനഃസ്ഥാപിച്ചു. ഇത് 64.5 ശതമാനം ആയി നിലനിർത്തണമെന്നതായിരുന്നു മുഖ്യ ആവശ്യം. നാല് മില്ലുകൾ മാത്രമാണ് നെല്ലുസംഭരണ വിഷയത്തിൽ സപ്ലൈകോയുമായി സഹകരിച്ച് കരാറൊപ്പിട്ടത്. ഈ മില്ലുകൾക്കായി ഇതിനോടകം 45,655.87 മെട്രിക് ടൺ സംഭരണത്തിനായി അലോട്ട് ചെയ്യുകയും 7047 മെട്രിക് ടൺ സംഭരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മന്ത്രി ജി ആര്‍ അനില്‍ എറണാകുളത്ത് മില്ലുടമാ സംഘടനയുടെ പ്രതിനിധികളുമായി ചർച്ച നടത്തി അവർ ഉന്നയിച്ച വിഷയങ്ങളിൽ ഒരു മാസത്തിനുള്ളിൽ അനുഭാവപൂർണമായ തീരുമാനം കൈക്കൊള്ളുമെന്ന് അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് (2023 ജനുവരി 31 വരെ) നെല്ലു സംഭരിക്കാനുള്ള കരാറാണ് മില്ലുടമകൾ ഒപ്പിടാൻ തീരുമാനിച്ചിട്ടുള്ളത്. ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനം തന്നെയായി നിലനിർത്തണമെന്നതാണ് സർക്കാർ നിലപാടെന്നും കോടതിയുടെ ഉത്തരവ് തിരുത്തുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്കുി. കൈകാര്യച്ചെലവിന് ജിഎസ്‌ടി ചുമത്തുന്നതിന് കേരളസർക്കാര്‍ ‍എതിരാണ്. ഈ കാര്യം ധനകാര്യമന്ത്രി വഴി ജിഎസ്‌ടി കൗൺസിലിൽ ഉന്നയിച്ചു മാറ്റം വരുത്തുവാൻ നടപടി സ്വീകരിക്കും. കൈകാര്യച്ചെലവ് ഇനത്തില്‍ സപ്ലൈകോയിൽനിന്ന് ലഭിക്കണമെന്ന് മില്ലുടമകൾ ആവശ്യപ്പെടുന്ന തുക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്ന് അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഈ തുക വർധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് അനുകൂല തീരുമാനമെടുക്കാൻ നടപടി സ്വീകരിക്കും. ഇതോടെ സംസ്ഥാനത്തെ 54 മില്ലുകൾ കൂടി ഇന്നുമുതൽ നെല്ലുസംഭരണം ആരംഭിക്കുന്നതോടെ കർഷകർക്ക് വലിയ തോതിൽ ആശ്വാസമാകും. കർഷകതാല്പര്യം സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Eng­lish Sum­ma­ry: pad­dy pro­cure­ment will resume from today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.