29 September 2024, Sunday
KSFE Galaxy Chits Banner 2

മറ്റൊരു ചങ്ങാത്ത മുതലാളിത്ത ബിംബം

Janayugom Webdesk
February 7, 2023 5:00 am

ഗൗതം അഡാനിയെന്നതുപോലെ നരേന്ദ്രമോഡിയുടെ ആവിർഭാവത്തിനുശേഷം നാം വ്യാപകമായി കേട്ടുതുടങ്ങിയ ആത്മീയ വ്യാപാരിയാണ് രാംദേവ്. വിമാനവേഗതയില്‍ വ്യാപാര സാമ്രാജ്യം സ്ഥാപിക്കുകയും പടരുകയും ചെയ്ത രാംദേവിന്റെ പതഞ്ജലി എന്ന ശൃംഖലയിലും അഡാനിക്കുണ്ടായെന്നതുപോലെ തിരിച്ചടികള്‍ തുടങ്ങിയിരിക്കുന്നുവെന്ന പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. 1965ൽ ഹരിയാനയിലെ ആലിപുർ ഗ്രാമത്തിൽ ദരിദ്ര കുടുംബത്തിലാണ് ജനനം. മാതാപിതാക്കൾ നല്കിയ രാം കിഷൻ യാദവ്, പിന്നീട് വിശ്വാസ‑യോഗ വ്യാപാരരംഗത്തേക്ക് കടന്നപ്പോൾ സ്വന്തമായി ഉപയോഗിച്ചു തുടങ്ങിയ രാംദേവ് എന്നീ പേരുകൾ അതുവരെ ഇന്ത്യക്കാർക്ക് തീരെ പരിചിതമല്ലായിരുന്നു. അന്ധവിശ്വാസികളെ കയ്യിലെടുക്കുന്നതിന് രാംദേവ് എന്ന പേരിന് മുന്നിൽ ബാബ, സ്വാമി എന്നീ സംജ്ഞകൾ ചേർത്തപ്പോഴും ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലോ സംസ്ഥാനങ്ങളിലോ മാത്രമായി ഒതുങ്ങിയ പേരായിരുന്നു അത്. എട്ടാം ക്ലാസില്‍ പഠനമുപേക്ഷിച്ച് ഗുരുകുലത്തില്‍ ചേര്‍ന്ന് സംസ്കൃതവും യോഗയും പഠിച്ച് പുറത്തിറങ്ങുമ്പോള്‍ ഗുരുവില്‍ നിന്ന് കിട്ടിയ ചില ഒറ്റമൂലി പ്രയോഗങ്ങളും സ്വന്തമായുണ്ടായിരുന്നു. നിരക്ഷരരായ ഉത്തരേന്ത്യയിലെ പാവപ്പെട്ടവരെ ഈ ഒറ്റമൂലികളും യോഗയും ഉപയോഗിച്ച് വശത്താക്കിയ ശേഷം ഗുരുകുലത്തില്‍ കണ്ടുമുട്ടിയ സമാനസ്ഥിതിയിലുള്ള ബാലകൃഷ്ണയുമായി ചേര്‍ന്ന് 2006ലാണ് തന്റെ വ്യാപാരത്തിന് തുടക്കമിടുന്നത്. അതുവരെയുള്ള ഇരുവരുടെയും ജീവിതചിത്രം മനസിലാക്കുമ്പോള്‍ ഈ വ്യാപാര സാമ്രാജ്യത്തിന്റെ പിറവി തന്നെ സംശയാസ്പദമാണ്. ദരിദ്ര കുടുംബങ്ങളില്‍ ജനിച്ചുവെന്നതല്ല, വലിയ സാമ്പത്തിക പിന്‍ബലം നേടുന്നതിനുള്ള ഒരു സാഹചര്യവും ഇല്ലാതെയാണ് വ്യാപാര സാമ്രാജ്യം തുടങ്ങുന്നത്.

സ്ഥാപനം തുടങ്ങുകയും വളരുകയും ചെയ്തശേഷം വ്യാപാരമേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ബാലകൃഷ്ണ 2016ല്‍ നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായില്ലാതെയാണ് താന്‍ സ്ഥാപനത്തിനായി 60 കോടിയോളം രൂപ വായ്പയായി സംഘടിപ്പിച്ചതെന്നാണ്. ഇത്തരത്തില്‍ വായ്പയെടുക്കണമെങ്കില്‍ അത് അസാധാരണമായ നടപടികളിലൂടെ മാത്രമേ സാധിക്കൂ എന്നുറപ്പാണ്. മോഡിയുടെയും ബിജെപിയുടെയും പ്രതാപകാലം തുടങ്ങിയ ഘട്ടമായിരുന്നു അത്. പിന്നീട് പതഞ്ജലി സ്ഥാപനങ്ങള്‍ അതിവേഗ വളര്‍ച്ചയിലായിരുന്നു. 2006ല്‍ വായ്പയെടുത്ത് ആരംഭിച്ച സ്ഥാപനം 2010ല്‍ 1000 കോടി രൂപയും 2014ല്‍ 1184 കോടി രൂപയും വരുമാനമുണ്ടാക്കി. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യവര്‍ഷം, 2015ല്‍ സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം ഒറ്റയടിക്ക് 8000കോടി രൂപയായി. 2016ല്‍ 10,526, 2017ല്‍ 9,500, 2018ല്‍ 8,330 കോടിയുമായിരുന്നു വരുമാനം. കോവിഡ് മഹാമാരിയുടെ വര്‍ഷങ്ങളില്‍ വ്യാജപ്രചരണങ്ങളും മറ്റും നടത്തി വലിയ തോതില്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനവസരം ലഭിച്ചതിനാല്‍ വരുമാനം 30,000 കോടി കടന്നു. 2006ല്‍ തുടങ്ങിയെങ്കിലും 2014നു ശേഷമാണ് രാംദേവിന്റെ സ്ഥാപനങ്ങള്‍ക്ക് വലിയ വളര്‍ച്ചയുണ്ടായതെന്ന് മനസിലാക്കുവാന്‍ ഈ കണക്കുകള്‍ മതിയാകും. കൂടാതെ അധികാര സഹായം കിട്ടിയതിന്റെ മറ്റുദാഹരണങ്ങളും ധാരാളമാണ്. ചില ഘട്ടങ്ങളില്‍ ഗുണമേന്മയില്ലാത്ത മരുന്നുകള്‍ നിരോധിച്ചുവെങ്കിലും യാതൊരു അനന്തര നടപടിയുമില്ലാതെ പെട്ടെന്നു തന്നെ നിരോധനം നീക്കിയ സംഭവങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായത് ഇതിന്റെ തെളിവാണ്.


ഇതുകൂടി വായിക്കൂ:


വ്യാജ പ്രചരണങ്ങളും ഉന്നതതല പിന്തുണയുമായി മുന്നേറുന്ന പ്രസ്തുത സംരംഭങ്ങളുടെ ഓഹരികളിലും വീഴ്ചയുണ്ടാകുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍. മരുന്ന് വ്യാപാരം മാത്രമല്ല ബിജെപിക്ക് സഹായകമാകുന്ന രാഷ്ട്രീയ വ്യാപാരം കൂടി പല ഘട്ടങ്ങളിലും രാംദേവ് നടത്തിയിരുന്നു. അഴിമതിക്കെതിരെയും വിദേശത്തുള്ള കള്ളപ്പണം കണ്ടെത്തി തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും ബിജെപിക്കുവേണ്ടിയുള്ള സമരങ്ങള്‍ നടക്കുമ്പോള്‍ സമാന്തരമായി അതേവിഷയത്തില്‍ ക്യാമ്പയിന്‍ നടത്തി രാംദേവ് അവയുടെ പ്രചരണോപാധിയാവുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത മോഡി പ്രതിബിംബമാണ് ഓഹരിക്കമ്പോളത്തില്‍ തിരിച്ചടികള്‍ നേരിടുന്നത്. 16 ശതമാനം ഇടിവാണ് രണ്ടാഴ്ചയ്ക്കിടെ രാംദേവിന്റെ സ്ഥാപനങ്ങള്‍ക്കുണ്ടായിരിക്കുന്നത്. നാല് മാസം മുമ്പ് 1,495 രൂപയുണ്ടായിരുന്ന ഓഹരി വില 700 രൂപയിലെത്തി. നേരത്തെ അഡാനിക്കെതിരെ ഉയര്‍ന്നതുപോലെ പതഞ്ജലിയുടെ ഓഹരികളും അസാധാരണമായ നിലയില്‍ ഉയര്‍ന്നുവെന്നും അതുകൊണ്ടാണ് ഈ തകര്‍ച്ചയെന്നുമാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. പതഞ്ജലി ഉല്പന്നങ്ങള്‍ പഴയതുപോലെ വിറ്റഴിക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യവും ഓഹരി വിലയില്‍ കുറവുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അഡാനിയെ പോലെ തന്നെ സംശയാസ്പദമായ സാഹചര്യങ്ങളിലായിരുന്നു രാംദേവിന്റെയും വളര്‍ച്ചയെന്നതുകൊണ്ട് ഈ തകര്‍ച്ചയെ വിദഗ്ധര്‍ ഉറ്റുനോക്കുന്നുണ്ട്. മോഡിയുടെ ചങ്ങാത്തത്തിന്റെ പിന്‍ബലത്തില്‍ പടുത്തുയര്‍ത്തിയ മറ്റൊരു സാമ്രാജ്യമാണ് പതഞ്ജലിയെന്നതും ഈ ആകാംക്ഷയുടെ കാരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.