17 June 2024, Monday

പായല്‍ കപാഡിയ: എഫ്‌ടിടിഐയില്‍ നിന്ന് ഗ്രാന്‍ പ്രീയിലേക്ക്

ഭരണകൂട ധാര്‍ഷ്ട്യത്തിനെതിരെ പൊരുതിയ കലാകാരി 
Janayugom Webdesk
മുംബൈ
May 26, 2024 10:44 pm

നിലവിലെ ഇന്ത്യന്‍ സാഹചര്യം കലാകാരന്മാര്‍ക്ക് ഉള്‍പ്പെടെ വിയോജിപ്പ് രേഖപ്പെടുത്താന്‍ അപ്രഖ്യാപിത ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുമ്പോള്‍ ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ പൊരുതിയ ചലച്ചിത്രകാരി പായല്‍ കപാഡിയ കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയുടെ അഭിമാനം. പായലിന്റെ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം മേളയിലെ ഗ്രാന്‍ പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതെന്നതും നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കൈക്കലാക്കുക എന്നും ഹിന്ദുത്വ സംഘടനകളുടെ ലക്ഷ്യമായിരുന്നു. സ്ഥാപനത്തെ ദേശവിരുദ്ധമെന്ന് പലപ്പോഴും മുദ്രകുത്തി. ജനുവരിയിൽ അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ഹിന്ദുത്വ അനുകൂലികൾ കാമ്പസിലേക്ക് ഇരച്ചുകയറിയത് ഇതിന്റെ ഒടുവിലത്തെ അധ്യായമായിരുന്നു. കാമ്പസില്‍ ആധിപത്യമുറപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ എപ്പോഴും ചെറുത്തുനിന്നിരുന്നു. ഇക്കൂട്ടത്തില്‍ പായല്‍ കപാഡിയയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു.
സീരിയല്‍ നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനെ 2015ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്(എഫ്‌ടിടിഐ) ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരുടെ മുന്‍നിരയില്‍ പായലുണ്ടായിരുന്നു. ഇവരുള്‍പ്പെടെ 35 വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബേ ഓഫിസ് ഉപരോധത്തിന്റെ പേരില്‍ കേസ് കൊടുത്തിരുന്നു.
ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ നടത്തിയ പോരാട്ടം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു, 139 ദിവസം നീണ്ടുനിന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനത്തെ നയിക്കാനുള്ള ചൗഹാന്റെ യോഗ്യതയേയും നിലപാടിനെയും അവര്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് പായല്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്കനടപടി എടുക്കുകയും അന്തര്‍ദേശീയ സ്കോളര്‍ഷിപ്പ് നിഷേധിക്കുകയും ചെയ്തു. ഒടുവില്‍ കാന്‍ ചലച്ചിത്രോത്സവത്തിലെ രണ്ടാമത്തെ പുരസ്കാരം പായല്‍ കയ്യിലേന്തുമ്പോള്‍ അച്ചടക്ക നടപടിയെടുത്ത എഫ്‌ടിടിഐയ്ക്കും അഭിമാനിക്കാം. 

2017ലാണ് പായല്‍ ആദ്യം കാനിലെത്തുന്നത്. അന്ന് ആഫ്റ്റര്‍നൂണ്‍ ക്ലൗഡ് എന്ന ഹ്രസ്വ ചിത്രം കാന്‍ മേളയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ യാത്ര ചെലവ് ഉള്‍പ്പെടെയുള്ള എല്ലാ പിന്തുണയും നല്‍കിയത് അന്നത്തെ ഡയറക്ടറായിരുന്ന ഭൂപേന്ദ്ര കൈന്തോളയായിരുന്നു. പിന്നീട് 2021ലും കാനിലെത്തി. എ നൈറ്റ് ഓഫ് നോയിങ് നതിങ് എന്ന ഡോക്യുമെന്ററിയുമായായിരുന്നു അന്നത്തെ യാത്ര. ഒരേ ജാതിക്കാരല്ലാത്തതിനാല്‍ തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകാതിരുന്ന മുന്‍ കാമുകന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാര്‍ത്ഥിനി എഴുതിയ കത്തുകളായിരുന്നു ഇതിലെ പ്രമേയം. മികച്ച ഡോക്യുമെന്ററിക്കുള്ള ഡോള്‍ഡന്‍ ഐ അവാര്‍ഡ് അതിന് ലഭിച്ചു. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റില്‍ മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരായ പ്രഭയും അനുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു.

Eng­lish Summary:Payal Kapa­dia: From FTTI to Grand Prix
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.