22 December 2024, Sunday
KSFE Galaxy Chits Banner 2

ധന്യ ഗുരുവായൂരിന്റെ ‘പീഢിപ്പിക്കപ്പെട്ട പെൺകുട്ടി’ എന്ന കവിതയുടെ വിശകലനം

ദീപ ഗോപകുമാർ
February 22, 2022 4:19 pm

ഒരു വ്യക്തിക്ക് ഒരു ദുരനുഭവം സംഭവിക്കുന്നു എന്നിരിക്കട്ടെ; ആ ദുരനുഭവം ഒരു അപകടമോ, ആക്രമണമോ, നീതി നിഷേധമോ ‚ലൈംഗിക ചൂഷണമോ, സാമൂഹികമായ വിവേചനമോ എന്തുമാവാം — അതിനോട് സമൂഹം പ്രതികരിക്കാറുള്ളത് പൊതുവേ നാലു വിധത്തിൽ ആണ്. ആ ദുരനുഭവം സംഭവിക്കാനിടയായ കാരണങ്ങളെയും സാഹചര്യങ്ങളെയും വെളിച്ചത്തു കൊണ്ടുവന്നു നിറുത്തുന്നതോടൊപ്പം, ഇരയായ വ്യക്തിയ്ക്ക് സാന്ത്വനവും സഹായവും നീതിയും ഉറപ്പാക്കുന്ന  സമീപനമാണ് ഒന്നാമത്തേത്. ശുഭാത്മകപ്രകൃതമുള്ള ഇത്തരം സമീപനങ്ങൾ, പക്ഷേ താരതമ്യേന വിരളമായേ സംഭവിക്കാറുള്ളൂ എന്നു മാത്രം. സമൂഹമന:ശ്ശാസ്ത്രത്തിൽ “ബൈ- സ്റ്റാൻഡർ പ്രഭാവം” എന്നറിയപ്പെടുന്ന പ്രതികരണരീതിയാണ് രണ്ടാമത്തേത്.പ്രത്യക്ഷമായോ, പരോക്ഷമായോ ഒരു ആൾക്കൂട്ടത്തിൻ്റെ നിരീക്ഷണ പരിധിയിൽ വരുന്ന സംഭവങ്ങൾ ആണ് ഈ പ്രതികരണരീതിയുടെ വ്യാപ്തിയിൽ വരാറുള്ളത്.

ഈ സംഭവങ്ങൾ ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങളുടെ രൂപത്തിലാവാം; അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ സമൂഹത്തിൻ്റെ പൊതുധാരണകളെ തിരുത്തിക്കുറിക്കുന്ന നിലപാടുകളുടെ രൂപത്തിലാവാം;ഏതെങ്കിലും തരത്തിലുള്ള സാമൂഹിക അപചയമാകാം;നീതി നിഷേധമാകാം… ഇവയോട് പ്രതികരിക്കുവാനോ, ഇവയിൽ ഇടപെടുവാനോ കാണിക്കുന്ന വിമുഖതയാണിതിൻ്റെ ലക്ഷണം. ഇടപെട്ടാൽ, നിരീക്ഷകരായി നിലകൊള്ളുന്ന ആൾക്കൂട്ടത്തിൻ്റെ  അഹിതത്തിന് പാത്രീഭവിക്കപ്പെടുമോ എന്ന ഉത്ക്കണ്ഠ, ആദ്യം മറ്റാരെങ്കിലും  മുന്നോട്ടുവരട്ടെ എന്ന തരത്തിലുള്ള ഒരുതരം ഉൾവലിച്ചിൽ എന്നിവയൊക്കെയാണിതിനു പിന്നിലെ വിശദീകരണം. മൂന്നാമതൊരു ഇനമുണ്ട്. ആർക്കൊക്കെ,എന്തൊക്കെ സംഭവിച്ചാലും അതൊന്നും ഒരു കാലത്തും തൻ്റെ പ്രശ്നമേയല്ലല്ലോ എന്ന് കൂൾ ‑കൂളായി സമാധാനപ്പെട്ട്   അതിൽ നിന്നൊക്കെ വിദഗ്ദ്ധമായി തടിയൂരി മാറി നിൽക്കുന്ന തനി “മാവിലായി“ക്കാർ.

ഇനി, നാലാമത്തെ വിഭാഗത്തിൽപ്പെട്ടവരാകട്ടെ, ഏതെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങൾക്കിരയായവരെ നിരന്തരം, നിർദ്ദയം  കുറ്റപ്പെടുത്തിക്കൊണ്ടോ, അപഹസിച്ചു കൊണ്ടോ ആയിരിക്കും പ്രതികരിക്കുക.“ഇരയെ അപഹസിക്കൽ” ( blam­ing the vic­tim) എന്ന് സോഷ്യോസൈക്കോളജിയിൽ അറിയപ്പെടുന്ന ഇത്തരം പ്രതികരണരീതിയെ ഭയന്ന് ദുരനുഭവങ്ങൾക്കിരയാകുന്നവർ പലപ്പോഴും നീതി തേടി മുന്നോട്ടു വരാതെ ഒതുങ്ങി പിൻവാങ്ങുന്ന സാഹചര്യമുണ്ടാകുന്നു;മാത്രമല്ല, ഇപ്രകാരം പ്രതികരിക്കുന്നവർ കുറ്റവാളികളെ ഫോക്കസ് ചെയ്യാറില്ല എന്നതിനാൽ കുറ്റം ചെയ്തവർ സുരക്ഷിതരായി വിലസുകയും, ഗുരുതരമായ മാനസിക പീഡനത്തിലൂടെ ഇരകൾ നിരന്തരം ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്നു.    ഈ കവിതയുടെ പ്രമേയത്തോട് ചേർന്നു നിൽക്കുന്നത് നാലാമത്തെ  പ്രതികരണരീതിയാണ്. ലൈംഗിക പീഡനത്തിരയായ ഒരു പെൺകുട്ടിയെക്കൊണ്ടു പോകുന്ന വാഹനം അപകടത്തിൽപ്പെടുന്നു. ആ വാഹനത്തിൽ ഉള്ളത് മാനഭംഗത്തിന് വിധേയയായ ഒരു സ്ത്രീയാണ് എന്നത് കേട്ടത് പാതി, കേൾക്കാത്തത് പാതി അവളെ കാണുക പോലും ചെയ്യുന്നതിനു മുൻപെ ‚അവൾക്ക് എങ്ങനെ ഇതു സംഭവിച്ചുവെന്ന്   തിരക്കാൻ പോലും മെനക്കെടാതെ, ഇരയുടെ ദയനീയ മാനസികാവസ്ഥയെച്ചൊല്ലി ഒരു മാത്രപോലും പരിതപിക്കാതെ ആൾക്കൂട്ട വിചാരണ ആരംഭിക്കുകയാണ്. ആ സ്ത്രീയിൽ ആരോപിക്കപ്പെടാത്ത കുറ്റമില്ല. ഇന്നേവരെ കണ്ടിട്ടില്ലാത്ത, ഇതുവരെ അറിയുക പോലുമില്ലാത്ത ആ പെൺ ജന്മത്തെ നിർദ്ദാഷിണ്യം സ്വഭാവഹത്യ ചെയ്ത് ആനന്ദ നിർവൃതിയടയുകയാണ് ആൾക്കൂട്ടം .

അവൾക്കിത് സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന നിലയിൽ വരെ എത്തുന്നു വിചാരണയും വിധി പ്രഖ്യാപനവും… ഒടുവിൽ, അതുവരെ സ്വഭാവഹത്യ നടത്തി വിചാരണ ചെയ്യപ്പെട്ട ആ “ഇര”, വെറും രണ്ടു വയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞായിരുന്നു എന്ന് പറയുന്നിടത്താണ് കവിതയിലെ ആ ചങ്കുലയ്ക്കുന്ന ട്വിസ്റ്റ് .പത്രവാർത്തകളിൽ സ്ഥിരം വാർത്തയായിത്തീർന്ന  പോക്സോ കേസുകളിൽ  മുക്കാലും മറഞ്ഞ മുഖങ്ങളിൽ കാണാറുള്ള ഭയചകിതമായ ആ കുഞ്ഞു കണ്ണുകൾ നമുക്ക് ഇന്ന് ഒട്ടും അപരിചിതമല്ല;കരയാൻ പോലും മറന്ന    ഭാഗ്യംകെട്ട രക്ഷിതാക്കളുടെ അശരണമായ ഹൃദയമിടിപ്പുകൾ നമ്മളെത്ര കേട്ടിരിക്കുന്നു.. !! കാരണം, അതൊക്കെ സാധാരണയിൽ സാധാരണ സംഭവങ്ങളാകുന്ന ഒരു കാലത്തിലൂടെയല്ലേ ഇന്നത്തെ നമ്മുടെ യാത്ര..!!        ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയായ ഒരു  പെൺകുഞ്ഞിൻ്റെ പകച്ച മുഖമാണ് ഈ കവിതയുടെ കേന്ദ്ര ബിന്ദു.ഓരോ ദിവസവും പത്രവാർത്തകളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും സഞ്ചരിക്കുമ്പോൾ തോന്നാറുണ്ട്, നമ്മുടെ കുഞ്ഞുങ്ങൾ, പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങൾ, സ്വന്തം വീട്ടിൽ പോലും അരക്ഷിതരല്ലേ എന്ന്.. പീഡിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻപോലും പ്രായമെത്തിയിട്ടില്ലാത്ത ഈ കുട്ടികൾ പിൽക്കാലത്ത് പീഡകനെ മാത്രമല്ല, സർവ്വരെ യും ‚ജീവിതത്തെത്തന്നെയും ഭയക്കുന്നവരും, വെറുക്കുന്നവരുമായിത്തീരുന്നു. ഇരയെ കുറ്റപ്പെടുത്തി രസിക്കുന്നവർക്ക് കുഞ്ഞുങ്ങളുടെ കാര്യത്തിലും ന്യായങ്ങൾ ഏറെയുണ്ട് — ഉറക്കെ കരയാമായിരുന്നില്ലേ; വല്ലവരും വിളിക്കുമ്പോൾ ഒറ്റയ്ക്ക് ഇറങ്ങിപ്പോകുന്നതെന്തിന്; അമ്മയോട് പറയാമായിരുന്നല്ലോ.. അങ്ങനെയങ്ങനെ.. ഇത്തരക്കാർ പിന്നെ കുറച്ചു കൂടി മുതിർന്ന   സ്ത്രീകളെ വെറുതെ വിടുമോ? കവിതയിൽ വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടല്ലോ അതൊക്കെ ..

വേണമെങ്കിൽ ഇരയ്ക്ക് രക്ഷപ്പെടാമായിരുന്നു, വേണ്ടെന്നു വച്ചിട്ടല്ലേ ;നിലവിളിച്ച് ആളെക്കൂട്ടാമായിരുന്നില്ലേ .. ഇതൊക്കെയാണ് ചോദ്യങ്ങൾ ! ഈ കവിതയിൽത്തന്നെ നോക്കൂ.. ഇരയെ കുറ്റപ്പെടുത്തുന്നവർ എല്ലാവരും തന്നെ ലൈംഗികമായി ഏതെങ്കിലും രീതിയിൽ   അനഭിലഷണീയമാർഗ്ഗങ്ങളിൽ  ഏർപ്പെട്ടിട്ടുള്ളവരാണെന്ന് കാണാം. അത്തരം അനഭിലഷണീയതകളിൽ  മുഴുകിയ ഒരു സമൂഹത്തിൻ്റെ escapism കൂടിയാണ് ഇരകളെ കുറ്റപ്പെടുത്തി സ്വയം വിശുദ്ധീകരിക്കൽ എന്നു തോന്നുന്നു. എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്..!!      നീതിദേവതയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു മൂടിക്കെട്ടിയത് നമ്മൾ കണ്ടിട്ടുണ്ട്. “മുഖം നോക്കാതെ നീതി” എന്നായിരിക്കാം അതിൻ്റെ വ്യംഗ്യം. പക്ഷേ, സമൂഹം ആത്മാർത്ഥമായി നീതി പ്രതീക്ഷിക്കുന്ന സന്ദർഭങ്ങളിൽ കറുത്ത തുണികൊണ്ടു കണ്ണു മറച്ച നീതിദേവത, തൻ്റെ മുന്നിലെ നിസ്സഹായരും, നിരാലംബരുമായ നീതി യാചകരെ കാണുന്നില്ലേ എന്നു പോലും സന്ദേഹിച്ചു പോകുന്നു.. ഈ കവിതയിലെ പ്രമേയം സമൂഹമന:സ്സാക്ഷിയെ നിരന്തരം പൊള്ളിക്കുന്ന സമകാലിക പ്രവണതകളുടെ നേർ പരിച്ഛേദമാണ്.അവ യോട് രചനകളിലൂടെ പ്രതികരിക്കാനുള്ള സന്നദ്ധതയെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ല. ഭാവുകങ്ങൾ, ധന്യ..

പീഢിപ്പിക്കപ്പെട്ട പെൺകുട്ടി

പീഢിപ്പിക്കപ്പെട്ട
പെൺകുട്ടിയുമായി വന്ന
ആംബുലൻസ് മറിഞ്ഞു
കവലയിലെ ആൾക്കൂട്ടത്തിന്
നിനച്ചിരിക്കാതെ
ഒരു ഇരയെ കിട്ടി

ഒരു പെണ്ണിനെ കണ്ടാൽ
കൃത്യമായി കണ്ണുകൾകൊണ്ട്
അളവെടുക്കുന്ന
തോമാച്ചൻ പറഞ്ഞു
അവളൊരു പിഴയായിരുക്കുമെന്ന്„,

പുതിയ മൊബൈൽ ഫോണിൽ
ലൈംഗിക വീഡിയോകളിൽ
ബിരുദമെടുത്ത
കണാരേട്ടൻ  പിന്താങ്ങി
അതുറപ്പല്ലേ„,

പൊക്കിളു കാണിച്ച് മുണ്ടെടുത്ത്
ഇറക്കിവെട്ടിയ ബ്ലൗസുമിട്ട്
യൗവനം തീർത്ത്
ഇപ്പോൾ
മാക്സിയിലേക്ക്  മാറിയ
ലീലേച്ചി പറഞ്ഞു
പെണ്ണുങ്ങളായാൽ
നാണവും മാനവും
വേണമെന്ന്„,

സോഷ്യൽ മീഡിയകളിൽ
സ്ത്രീകൾക്ക് അശ്ലീലമയച്ച്
നിർവൃതി കൊള്ളുന്ന
പരീദിക്ക പറഞ്ഞു
അവള് പാതിരാത്രീലും
വീഡിയോ കോളിലാവുമെന്ന്„,

തിരക്കിനിടയിൽ
ആളുകളെ ഉന്തിമാറ്റി
മൊബൈലുമായവർ
ആംബുലൻസിനരികെ ചെന്നു

നെറ്റിയിൽ മുറിവുമായി
കുഞ്ഞുടുപ്പിട്ട ഒരു രണ്ടുവയസ്സുകാരി
പീഡിപ്പിക്കപ്പെട്ട പെൺകുട്ടി
പേടിപൂത്ത കണ്ണുകളിലൂടെ
അവരെനോക്കി

ചോരയൊലിപ്പിച്ച മനസ്സുമായി
പ്രക്ഷുബുദ്ധമായ കടലായി
ഒരച്ഛനും അമ്മയും
നീതി ദേവതയെ തേടി„,

ധന്യ ഗുരുവായൂർ

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.