29 March 2024, Friday

പെൻഷൻ മാറ്റിവയ്ക്കപ്പെട്ട വേതനം

ജയശ്ചന്ദ്രൻ കല്ലിംഗൽ
October 26, 2022 5:30 am

പെൻഷൻ മാറ്റിവയ്ക്കപ്പെട്ട വേതനമെന്ന് പ്രഖ്യാപിച്ചത് സുപ്രീം കോടതിയാണ്. 1982ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സ്റ്റാറ്റ്യൂട്ടറി പെൻഷനെപ്പറ്റി അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചതാണിത്. ജസ്റ്റിസ് വൈ വി ചന്ദ്രചൂഡും ഒ ചിന്നപ്പ റെഡ്ഡിയും അടങ്ങുന്ന ഫുൾബെഞ്ച് പെൻഷനെ സംബന്ധിച്ച് വളരെ ആധികാരികമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെൻഷൻ, ഒരാൾ ചെയ്തു തീർത്ത ആത്മാർത്ഥ സേവനത്തിന്റെ പ്രതിഫലമാണ്. അതിലുപരിയായി സാമ്പത്തിക സുരക്ഷാ വാഗ്ദാനവുമാണ്. പ്രായമാവുകയും തൊഴിലെടുക്കുവാൻ ശേഷിയില്ലാതാകുകയും ചെയ്യുന്ന ഘട്ടത്തിൽ തൊഴിലാളിക്ക് ലഭിക്കേണ്ട സാമൂഹിക സാമ്പത്തിക നീതിയുടെ സാക്ഷാത്ക്കാരമാണ്. പഴയ സമ്പാദ്യം കൊണ്ട് മാത്രം അതിജീവിക്കേണ്ടി വരുന്ന കാലഘട്ടത്തിലേക്കുള്ള കൂലിയുടെ വിഹിതമാണ് പെൻഷൻ. സർക്കാർ തീരുമാനങ്ങൾക്ക് മാറ്റാവുന്നതല്ല ഈ അവകാശം. പെൻഷൻ മാറ്റിവയ്ക്കപ്പെട്ട വേതനം തന്നെയാണ്. അത് സ്ഥാപന ഉടമയുടെ ഔദാര്യമല്ല. നൽകപ്പെട്ട സേവനത്തിന്റെ പ്രതിഫലത്തിൽ നിന്നും മാറ്റിവച്ച സമ്പാദ്യമാണ്. സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രസ്താവത്തിലെ വരികളാണിവ. ഭരണഘടനാ ബെഞ്ച് ആധികാരികമായി പ്രഖ്യാപിച്ച വിധിയെയാണ് 2001 സെപ്റ്റംബറിൽ, ഇന്ത്യയിലെ പെൻഷൻ പരിഷ്കരണ നിർദ്ദേശങ്ങൾ എന്ന പേരിൽ ഐഎംഎഫ് തയാറാക്കിയ രേഖയുടെ അടിസ്ഥാനത്തിൽ എ ബി വാജ്പേയ് നേതൃത്വം നൽകിയ ബിജെപി സർക്കാർ അട്ടിമറിച്ചത്.

പെൻഷൻ പരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട ആർ കെ ഭട്ടാചാര്യ കമ്മിഷൻ റിപ്പോർട്ട് പ്രകാരം 2004 ജനുവരി ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രസർക്കാരിന്റെ ഉത്തരവിനെ പിന്തുടർന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇത് പിന്തുടര്‍ന്നു. ഇതിന് നിയമപിൻബലം നൽകുന്നതിനു വേണ്ടി 2004 ഡിസംബർ 29 ന് മൻമോഹൻസിങ് സർക്കാർ ഓർഡിനൻസ് ഇറക്കുകയും നിയമമാക്കുന്നതിന് 2005 മാർച്ച് 21ന് പിഎഫ്ആർഡിഎ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു. കോൺഗ്രസും ബിജെപിയും ഒന്നിച്ച് ജീവനക്കാരുടെ പെൻഷൻ ഇല്ലാതാക്കുവാൻ ശ്രമം നടത്തിയെങ്കിലും ഇടതുകക്ഷികളുടെ ശക്തമായ എതിർപ്പ് കാരണം ബിൽ നിയമമാക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് വന്ന സർക്കാരാണ് പിഎഫ്ആർഡിഎ നിയമമാക്കി മാറ്റിയത്. 1991 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻസാമ്പത്തിക നയത്തിന്റെ ഭാഗമായി സിവിൽ സർവീസിലുൾപ്പെടെ മൂലധനശക്തികൾ കടന്നു കയറിയതിന്റെ ദുരന്തങ്ങളിലൊന്നാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. തസ്തിക വെട്ടിക്കുറയ്ക്കലും സിവിൽ സർവീസിന്റെ കരാർവല്ക്കരണവും പൊതുമേഖലയുടെ വിറ്റഴിക്കലും സേവന മേഖലയിൽ നിന്നുമുളള പിന്മാറ്റവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഐഎംഎഫിന്റെ നയങ്ങൾക്കനുസൃതമായിട്ടാണ് മൻമോഹൻസിങ് ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ കൈകാര്യം ചെയ്തത്.


ഇതുകൂടി വായിക്കൂ:കരുതല്‍ വേണം, സഹകരണത്തെ രക്ഷിക്കാന്‍ 


സമ്പദ്‌വ്യവസ്ഥയെ മൂലധന ശക്തികൾക്ക് അടിയറവ് വച്ചതിന്റെ ദുരിതങ്ങളാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പുതിയ പെൻഷൻ പദ്ധതി ഏതു വിഭാഗം ജീവനക്കാരിലും സർക്കാരുകൾക്ക് അടിച്ചേല്പിക്കാം. ഇതിന് ഒരു നോട്ടിഫിക്കേഷൻ മാത്രം മതിയാകും എന്ന് പിഎഫ്ആർഡിഎഫ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജീവനക്കാരൻ വിരമിക്കുമ്പോൾ ജീവനക്കാരന്റെ അക്കൗണ്ടിലുള്ള തുകയുടെ 60 ശതമാനം മാത്രമേ പിൻവലിക്കുവാൻ അനുവാദമുള്ളൂ. ബാക്കി 40 ശതമാനം തുകയ്ക്ക് ഫണ്ട് മാനേജർമാരുടെ കമ്പനികൾ നൽകുന്ന തുച്ഛമായ ആന്വിറ്റി പെൻഷണർക്ക് ലഭിക്കും. ഇത് ഒരു പെൻഷൻ പദ്ധതിയായി കണക്കാക്കാനാകില്ല. പദ്ധതിയുടെ ചട്ടങ്ങൾ പരിശോധിച്ചാൽ ഇത് ഒരു നിക്ഷേപ പദ്ധതി മാത്രമാണെന്ന് ബോധ്യമാകും. പഴയ പെൻഷൻ സ്കീം പ്രകാരം ലഭ്യമാകുന്ന പെൻഷനിൽ കാലാകാലങ്ങളിൽ വിപണിയിലുണ്ടാകുന്ന വിലക്കയറ്റത്തിന് ആനുപാതികമായ ക്ഷാമബത്ത വർധനവ് കൂടി ലഭ്യമാകും. പക്ഷേ പുതിയ സ്കീം പ്രകാരം ഓഹരി കമ്പോളത്തിന്റെ ലാഭനഷ്ടങ്ങൾക്കനുസരിച്ച് ഓരോ മാസവും വ്യത്യസ്ത തുകയായിരിക്കും പെൻഷനായി ലഭിക്കുക. ഇതു മാത്രമല്ല ലോകത്തെ സാമ്പത്തിക മാന്ദ്യകാലത്ത് ആദ്യം തകർന്നത് പെൻഷൻ ഫണ്ട് മാനേജർമാരും കമ്പനികളുമാണ്. ഏതെങ്കിലും നിലയിൽ ലോകത്ത് സാമ്പത്തിക തകർച്ചയുണ്ടായാൽ പെൻഷൻ ഫണ്ടിലെ തുകയായിരിക്കും ആദ്യം നഷ്ടപ്പെടുക. ഇത് ചരിത്രമാണ്. പല രാജ്യങ്ങളും പങ്കാളിത്ത പെൻഷൻ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയല്ല എന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്നും പിന്മാറിയിട്ടുണ്ട്.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻ നല്കുന്നത് കാരണമാണ് ഖജനാവ് കാലിയാകുന്നതെന്ന് ഒരു വലിയ പ്രചരണം രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ പങ്കാളിത്ത പെൻഷനിലൂടെ ഇതിനെക്കാളും വലിയ സാമ്പത്തിക ചോർച്ചയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. പൊതുമാർക്കറ്റിൽ ചെലവഴിക്കപ്പെടേണ്ട കോടിക്കണക്കിന് രൂപയാണ് കോർപറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുക്കുന്നത്. ജീവനക്കാരന്റെ വിഹിതവും തൊഴിലുടമ അഥവാ സർക്കാരിന്റെ വിഹിതവും സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക വ്യവസ്ഥയിൽ ചെലവഴിക്കപ്പെടേണ്ടതാണെന്നതും ഓർക്കേണ്ടതുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് രാജ്യത്തെ സംസ്ഥാന സർക്കാരുകൾ ഒന്നൊന്നായി പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരികെ പോകുന്നത്. രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഗോവ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം അസന്ദിഗ്ധമായി പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനരുജ്ജീവിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയവാഡയിൽ നടന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയങ്ങളിലൊന്ന് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതായിരുന്നു.


ഇതുകൂടി വായിക്കൂ:പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം


കേരളത്തിൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത് 2012ൽ ഉമ്മൻചാണ്ടി സർക്കാരാണ്. അന്നു മുതൽ അതിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ഇടതടവില്ലാതെ ഏറ്റെടുക്കുന്ന ഒരേ ഒരു പ്രസ്ഥാനമാണ് അധ്യാപക-സർവീസ് സംഘടനാ സമരസമിതി. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ പ്രവേശിക്കുന്നവരെ പുതിയ പെൻഷൻ പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയപ്പോൾ അതിനെതിരെ ആദ്യം രംഗത്തുവന്നത് ജോയിന്റ് കൗൺസിലാണ്. ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ നേതൃത്വത്തിൽ ആരംഭിച്ച പൊതുപണിമുടക്ക് ശക്തമായ ചെറുത്ത്നില്പിനൊടുവിൽ ആറ് ദിവസംകൊണ്ട് അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും സമരത്തിന് ലഭിച്ച പൊതുജന പിന്തുണ എടുത്തു പറയേണ്ടതാണ്. ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നാൽ പദ്ധതി പുനഃപരിശോധിക്കുമെന്ന മുന്നണി നേതാക്കളുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് സർക്കാർ ജീവനക്കാരും അധ്യാപകരും സ്വീകരിച്ചത്. പുനഃപരിശോധിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെട്ടുവെങ്കിലും അത് നടപ്പിലാക്കുവാൻ ഇടതുപക്ഷ മുന്നണി സർക്കാരിന് സാധിച്ചില്ല. എന്നാല്‍ 2016 ല്‍ ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയപ്പോള്‍ ഈ വാഗ്ദാനത്തില്‍ മൗനം അവലംബിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നയത്തിനെതിരെ യോജിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് സാധിച്ചതുമില്ല. എന്നാല്‍ 2012 ലെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് ജോയിന്റ് കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിക്ക് കഴിഞ്ഞു. സി ദിവാകരനും മുല്ലക്കര രത്‌നാകരനും നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുകള്‍ക്കൊടുവില്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പുനഃപരിശോധനാ സമിതിയെ നിയമിക്കുവാന്‍ തയ്യാറായി. റിട്ട. ജസ്റ്റിസ് സതീഷ്ചന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ 2018 നവംബര്‍ ഏഴിന് രൂപീകൃതമായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏകദേശം 19 മാസം എടുത്തു. റിപ്പോർട്ട് ലഭ്യമായി ഏകദേശം 20 മാസം കഴിഞ്ഞിട്ടും റിപ്പോർട്ടിന്മേൽ ചർച്ച നടത്തുന്നതിനോ അത് പ്രസിദ്ധീകരിക്കുന്നതിനോ സർക്കാർ തയാറായില്ല. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ പരിഗണിച്ച് റിപ്പോർട്ട് പൊതുരേഖയാണെന്നും അതിന്റെ പകർപ്പ് അപേക്ഷകന് നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിടുകയുണ്ടായി.

എന്നാൽ സംസ്ഥാന സർക്കാർ അതിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് റദ്ദ് ചെയ്യുന്നതിന് അനുവാദം വാങ്ങുകയാണുണ്ടായത്. ഇത് ജീവനക്കാർക്കും അധ്യാപകർക്കും ഇടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി സിവിൽ സർവീസിനെ സംരക്ഷിച്ചു നിർത്തുന്നതിൽ ഇടതുപക്ഷ മുന്നണി സർക്കാർ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. രാജ്യത്താകെ കേന്ദ്ര‑സംസ്ഥാന സർവീസുകളിലായി 20 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ കേരളത്തിൽ ഒഴിവുവരുന്ന എല്ലാ തസ്തികകളിലും നിയമനം നൽകി വരികയാണ്. സർവീസ് ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിലും നീതിപൂർവമായ രീതിയിൽ അർഹതപ്പെട്ടയിടങ്ങളിൽ സ്ഥലംമാറ്റങ്ങൾ നല്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സേവന‑വേതന വിഷയങ്ങളിൽ ജീവനക്കാരോടും അധ്യാപകരോടും മുഖം തിരിഞ്ഞു നിൽക്കുകയാണ് സർക്കാർ. നാല് ഗഡു ക്ഷാമബത്ത കുടിശികയായി. വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സറണ്ടർ ആനുകൂല്യം മരവിപ്പിച്ചിരിക്കുകയാണ്. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വേതനഘടന നിശ്ചയിക്കുന്നതിലും സംസ്ഥാനത്തിന്റെ പൊതുവിപണി സജീവമാക്കുന്നതിലും സർക്കാർ ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് വലിയ പങ്കുണ്ടെന്ന് സർക്കാർ ഉൾക്കൊള്ളേണ്ടതാണ്. മറ്റെല്ലാ സാമ്പത്തിക ഡിമാന്റുകളും മാറ്റിവച്ച് പെൻഷൻ സംരക്ഷണം എന്ന ഏക മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന പ്രക്ഷോഭം കേരളത്തിലെ സംസ്ഥാന ജീവനക്കാരും അധ്യാപകരും ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. കാൽലക്ഷം ജീവനക്കാരും അധ്യാപകരുമാണ് ഒക്ടോബർ 26 ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യുമ്പോൾ സർവീസ് സംഘടനാ സമര ചരിത്രത്തിൽ ഒരു പുത്തൻ അധ്യായം രചിക്കപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.