22 December 2024, Sunday
KSFE Galaxy Chits Banner 2

പ്രധാനമന്ത്രിയുടെ ‘തള്ളലും’ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും

സത്യന്‍ മൊകേരി
വിശകലനം
September 6, 2023 4:15 am

ന്റെ മേന്മ കൊട്ടിഘോഷിച്ച്, ലോകത്തിന്റെ മുമ്പില്‍ കാണിക്കാന്‍ ലക്ഷ്യംവച്ച് നടത്തുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി വാര്‍ത്താ ഏജന്‍സി‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അധികാരത്തില്‍ വന്നതുമുതല്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ‘ബഡായി’ പ്രചരണങ്ങളുടെ തുടര്‍ച്ച മാത്രം. അസത്യങ്ങളെ സത്യങ്ങളാക്കി തെറ്റിദ്ധരിപ്പിക്കാനും, അതുവഴി ജനങ്ങളെ തങ്ങളാഗ്രഹിക്കുന്നവിധം തെളിച്ചുകൊണ്ടു പോകാനും 2014ല്‍ അധികാരത്തില്‍ വന്നതുമുതല്‍ പ്രധാനമന്ത്രി ശ്രമം നടത്തുന്നു.
2047ന് മുമ്പ് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയില്‍ ലോകത്ത് ഒന്നാമതാകുമെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നാളെ നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്നവിധം ആവേശത്തോടെ പ്രധാനമന്ത്രി നടത്തിയ പുതിയ ‘തള്ളലി‘ലൂടെ ജനങ്ങളെ കളിയാക്കുകയാണ്. പ്രധാനമന്ത്രി സംസാരിക്കുന്നത് 2023ലാണ്. 24 വര്‍ഷം കഴിഞ്ഞ് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നീ മേഖലകളില്‍ ലോകത്ത് ഒന്നാമതാകുമെന്നാണ് പ്രഖ്യാപനം. ലോക രാഷ്ട്രത്തലവന്‍മാരില്‍ ഒന്നാമന്‍ ഞാനാണ് എന്ന് പ്രഖ്യാപിക്കാനും മേനികാണിക്കാനുമുള്ള പ്രചരണം മാത്രമാണിത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതൊക്കെ നന്നായറിയാം.
2014ലെ തെരഞ്ഞെടുപ്പില്‍ 33 ശതമാനം ജനങ്ങളുടെ മാത്രം പിന്തുണ തേടി അധികാരത്തില്‍ വന്ന നരേന്ദ്രമോഡിക്ക് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ടാണ് ലഭിച്ചത്. 63 ശതമാനം ജനങ്ങളും നരേന്ദ്രമോഡിക്ക് പിന്തുണ നല്‍കിയില്ല. രാജ്യത്തെ വോട്ടര്‍മാരില്‍ കേവലം മൂന്നില്‍ ഒന്നിന്റെ പിന്തുണ മാത്രമുള്ള പ്രധാനമന്ത്രിയാണ്, തന്റെ വാഗ്‌ധോരണികളിലൂടെയും മന്‍കിബാത്ത് തുടങ്ങിയ ഔദ്യോഗിക പരിവേഷം നല്‍കുന്ന പ്രചരണങ്ങളിലൂടെയും ആടിനെ പട്ടിയാക്കുംവിധം പ്രചരണങ്ങള്‍ നടത്തുന്നത്. ഒരു കള്ളം ആവര്‍ത്തിച്ച് പ്രചരിപ്പിച്ചാല്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയുമെന്ന ഗീബല്‍സിന്റെ പ്രചരണതന്ത്രമാണ് നരേന്ദ്രമോഡി സ്വീകരിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞത്: ‘100 കോടി വിശക്കുന്ന വയറുകളായാണ് ലോകം മുമ്പ് ഇന്ത്യയെ കണ്ടത്. ഇപ്പോള്‍ ഉയരാന്‍ കൊതിക്കുന്ന 100 കോടി മനസുകളും 200 കോടി വിദഗ്ധ കരങ്ങളുമായി മാറി’ എന്നാണ്. പ്രസംഗത്തില്‍ എന്തൊരു ആവേശമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പുറപ്പെട്ട, ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും ശക്തനായ വക്താവായ നരേന്ദ്രമോഡിക്ക് ഇത്തരം കള്ളപ്രചരണങ്ങളിലൂടെ മാത്രമേ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുകയുള്ളു.


ഇതുകൂടി വായിക്കൂ: പിടിവാശിയില്‍ നിറംമങ്ങിയ ജി20 യോഗം


2014ലും 2019ലും തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ? കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കും, ഓരോ വര്‍ഷവും പുതുതായി രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഗ്രാമീണ ഇന്ത്യയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കും, മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കും, എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തും, എല്ലാ ഇന്ത്യക്കാര്‍ക്കും ചികിത്സാസൗകര്യം ഉറപ്പുവരുത്തും, ആദിവാസി, ഗോത്ര, ദളിത്, പിന്നാക്ക മേഖലകളില്‍ വികസനം എത്തിക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കും, തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും, പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി പദ്ധതികള്‍ നടപ്പിലാക്കും, ഗ്രാമീണ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഗ്രാമീണ സമ്പദ്ഘടന കരുത്തുള്ളതാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ ഗ്രാമീണര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ജലസേചന സൗകര്യവും ആധുനിക കൃഷിരീതികളും പ്രാവര്‍ത്തികമാക്കി കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതനിലവാരം അഭിവൃദ്ധിപ്പെടുത്തും തുടങ്ങിയ മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണ് ജനങ്ങളെ മയക്കി രണ്ടുതവണ നരേന്ദ്രമോഡി അധികാരത്തില്‍ വന്നത്.
2047ലെ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി, ഇന്നത്തെ ഇന്ത്യയെക്കുറിച്ച് എന്തേ ചിന്തിക്കാത്തത്? ഇന്നത്തെ ഇന്ത്യയിലെ വസ്തുതകള്‍ എന്തുകൊണ്ട് മറച്ചുവയ്ക്കുന്നു? ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ മേനിനടിക്കുന്നതിനായി എന്തിന് കള്ളവും പൊങ്ങച്ചവും പറയണം? 2014ല്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് അസമത്വം വര്‍ധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ അസമത്വമുള്ള രാജ്യമായി ഇന്ത്യ മാറി എന്ന വസ്തുത പ്രധാനമന്ത്രിക്ക് എത്രകാലം മറച്ചുവയ്ക്കാന്‍ കഴിയും.
ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ 2023ല്‍ ഇന്ത്യയിലെ ജനസംഖ്യ 142 കോടിയിലധികമാണ്. പ്രധാനമന്ത്രി സംസാരിക്കുന്ന എല്ലാ സന്ദര്‍ഭത്തിലും 130 കോടി ജനങ്ങളെക്കുറിച്ച് മാത്രമേ ഓര്‍ക്കാറുള്ളു. 12 കോടിയിലധികം ജനങ്ങളെ പ്രധാനമന്ത്രി വിസ്മരിക്കുകയാണ്. നിതി ആയോഗിന്റെ പദ്ധതികളിലും 12 കോടി ജനങ്ങളെ ഒഴിവാക്കുന്നു. 142 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഒരു ശതമാനം ഇന്ത്യക്കാര്‍ കയ്യടക്കിയത് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.5 ശതമാനമാണ്. രാജ്യത്തിന്റെ 77 ശതമാനം സമ്പത്തും 10 ശതമാനത്തിന്റെ കെെകളിലാണ് ഇന്നുള്ളത്. ഇന്ത്യയിലെ 27 ശതമാനം സമ്പത്ത് മാത്രമാണ് 90 ശതമാനം ജനങ്ങള്‍ അനുഭവിക്കുന്നത്. ഇനിയും അസമത്വം വര്‍ധിക്കാന്‍ കാരണമെന്താണ്? അതിനുള്ള പരിഹാരം എന്താണ്? പ്രധാനമന്ത്രി വ്യക്തമാക്കുമോ?
ലോകത്തെ ഏറ്റവും കൂടുതല്‍ അസമത്വമുള്ള രാജ്യമായി ഇന്ത്യയെ മാറ്റി എന്നതാണ് നരേന്ദ്രമോഡി രാജ്യത്തിനുവേണ്ടി ചെയ്തത്. ജനങ്ങളില്‍ നിന്നും വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ എത്രകാലം നരേന്ദ്രമോഡിക്ക് കഴിയും. 2017ല്‍ രാജ്യത്ത് സൃഷ്ടിച്ച സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം കയ്യടക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 2022ലെ ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് ഇന്ത്യ. 2047ല്‍ വരുത്താന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി ഇന്നത്തെ അവസ്ഥയെക്കുറിച്ച് എന്തുകൊണ്ട് മൗനംപാലിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളെ മനുഷ്യരായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ താങ്കള്‍‍ അധികാരത്തില്‍ വന്നതിനുശേഷം എന്ത് നടപടികളാണ് സ്വീകരിച്ചത്? കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ച് ജനങ്ങളുടെ അക്കൗണ്ടില്‍ പണം ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയത് നരേന്ദ്രമോഡിയായിരുന്നു. ഇതെല്ലാം ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്ന് മനസിലാക്കണം. ജി20 രാഷ്ട്രത്തലവന്‍മാരുടെ മുമ്പില്‍ തള്ളല്‍ നടത്തി ലോകത്തെ തെറ്റിദ്ധരിപ്പിക്കരുത്. ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ക്ക് നന്നായറിയാം.


ഇതുകൂടി വായിക്കൂ: ജി20: നാണം മറയ്ക്കാന്‍ മോഡി ചേരികള്‍ മൂടിവയ്ക്കുന്നു


ജനങ്ങളെ ഭിന്നിപ്പിച്ച് മൂന്നിലൊന്ന് ജനങ്ങളുടെ പിന്തുണയോടെ മാത്രം അധികാരത്തില്‍ വന്ന, ചങ്ങാത്ത മുതലാളിത്ത താല്പര്യത്തോടെ മാത്രം മുന്നോട്ടുപോകുന്ന ഭരണത്തിനെതിരായി ജനങ്ങള്‍ കൂട്ടത്തോടെ രംഗത്തുവരുന്നുണ്ട്. ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കുന്ന രാഷ്ട്രീയ സംഭവങ്ങളാണ് വളര്‍ന്നുവരുന്നത്. മതേതര-ജനാധിപത്യ‑ദേശാഭിമാന‑ഇടതുപക്ഷശക്തികള്‍ ഒന്നിച്ചുചേര്‍ന്ന് രാജ്യത്തെ രക്ഷിക്കുന്നതിനായി രംഗത്തുവരുന്നു. ഈ ശക്തികളുടെ വിശാലമായ കൂട്ടായ്മയാണ് ഇന്ത്യാ സഖ്യം. ‘ഇന്ത്യ’യുടെ രൂപീകരണം ആഗോള‑ദേശീയ ധന‑മൂലധന ശക്തികളെയും അവരുടെ കൂട്ടാളികളായ വലതുപക്ഷ‑ഫാസിസ്റ്റ് ശക്തികളെയും വിറളി പിടിപ്പിച്ചിട്ടുണ്ട്.
ജനങ്ങളെ വിഭജിക്കാനും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ആസൂത്രിതമായ നീക്കങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തിപ്പെടുകയാണ്. ഹിന്ദുത്വ ദേശീയത ഉയര്‍ത്തി ഹിന്ദു മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് പ്രധാനമായും നടക്കുന്നത്. ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ ആളിപ്പടര്‍ത്തുക, വംശീയ‑ജാതി-ഗോത്ര കലാപങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക, ഭാഷാ വിദ്വേഷം പടര്‍ത്തുക, സ്വത്വബോധം ഉല്പാദിപ്പിക്കുക തുടങ്ങി ജനങ്ങളെ പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളും ശക്തിപ്പെടുകയാണ്. ഇതിനെയെല്ലാം പരാജയപ്പെടുത്തി മുന്നോട്ടുപോകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതോടെ ഫാസിസ്റ്റ് ശക്തികളെ 2024ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്നുറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി എത്രതന്നെ തള്ളിയാലും ജനങ്ങളെ അധികകാലം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ജനങ്ങള്‍ മാറ്റത്തിനായി രംഗത്ത് വന്നു തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.