18 December 2024, Wednesday
KSFE Galaxy Chits Banner 2

രാഷ്ട്രീയ അധാര്‍മ്മികതയും ജനവഞ്ചനയും

Janayugom Webdesk
January 29, 2024 5:00 am

ഴ്ചകൾ നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെ രാവിലെ ബിഹാറിലെ മഹാഗഡ്ബന്ധൻ മുഖ്യമന്ത്രിപദം രാജിവച്ച നിതീഷ് കുമാർ ബിജെപി പിന്തുണയോടെ വൈകുന്നേരം മുഖ്യമന്ത്രിയായി അധികാരമേറ്റു. 2000ൽ ബിഹാർ മുഖ്യമന്ത്രിയായി അധികാരത്തിൽവന്ന നിതീഷ് കുമാർ ചരിത്രത്തിൽ ഉടനീളം തന്റെ വ്യക്തിപരമായ അധികാരആസക്തി പൂരണത്തിന് ഏതറ്റംവരെയും പോകാനും രാഷ്ട്രീയ ധാർമ്മികതയ്ക്ക് ഒരുവിലയും കൽപ്പിക്കാതെ പ്രവർത്തിക്കാനും തയ്യാറാവുമെന്ന് ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായുള്ള സഖ്യം അട്ടിമറിച്ച് പുറത്തുവരുന്നതും അത് പുനഃസ്ഥാപിച്ച് മുഖ്യമന്ത്രിപദം കയ്യാളുന്നതും ഇത് മൂന്നാം തവണയാണ്. രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാഗഡ്ബന്ധനെ വഞ്ചിച്ച് ഭരണം അട്ടിമറിക്കുന്നത് ഇത് രണ്ടാം തവണയാണ്. രാഷ്ട്രീയ കാലുമാറ്റവും കുതികാൽവെട്ടലും ഒരു കലയാക്കി താൻ വികസിപ്പിച്ചിരിക്കുന്നുവെന്ന് നിതീഷ് കുമാർ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. മഹാഗഡ്ബന്ധൻ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിക്ക് 243 അംഗ നിയമസഭയിൽ 79 അംഗങ്ങളാണ് ഉള്ളത്. മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ജെഡി(യു)വിന് 45 അംഗങ്ങൾ മാത്രവും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയായി ജെഡി(യു) മത്സരിച്ചാൽ ലോക്‌സഭാ സീറ്റുകൾ കുറയുമെന്നും മുന്നണി പ്രതീക്ഷിച്ച വിജയം കൈവരിച്ചാൽ മുഖ്യമന്ത്രി പദവി ഇപ്പോൾ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിന് കൈമാറേണ്ടിവരുമെന്നുമുള്ള ഭയപ്പാടാണ് നിതീഷ് കുമാറിനെ ഇപ്പോഴത്തെ രാഷ്ട്രീയ വഞ്ചനയിലേക്ക് നയിച്ചതെന്നും വേണം വിലയിരുത്താൻ. താൻ തന്നെ നിർണായക നേതൃത്വംനൽകി രൂപംകൊടുത്ത ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി പദം എന്ന സ്വപ്നവും അസ്ഥാനത്താണെന്ന തിരിച്ചറിവും തനിക്ക് ഏറെ പ്രാവീണ്യമുള്ള കാലുമാറ്റ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോക്കിന് പ്രേരകമായിട്ടുണ്ടാവാം. താൻ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതും നിതീഷ് കുമാറിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി.


ഇതുകൂടി വായിക്കൂ: സര്‍വീസസിനെ അട്ടിമറിച്ച് മണിപ്പൂര്‍


ബിഹാർ രാഷ്ട്രീയത്തിൽ അടുത്തകാലത്ത് നടപ്പാക്കിയ ജാതി സെൻസസ്, 2.25 ലക്ഷം അധ്യാപകരുടെ നിയമനം തുടങ്ങിയ പുരോഗമനപരമായ നടപടികൾ തന്റേതാണെന്ന് നിതീഷ് കുമാർ അവകാശപ്പെടുമ്പോഴും അതിന്റെ പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയശക്തി ആർജെഡിയും ഇടതുപക്ഷ പാർട്ടികളും ആണെന്നത് ജനങ്ങൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ജാതി സെൻസസിന്റെ നേട്ടം ലഭിക്കുക ദളിതർ, സാമ്പത്തികമായും സാമൂഹികമായും കടുത്ത പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങിയവർ ആയിരിക്കുമെന്ന് വ്യക്തമാണ്. ആ ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നിതീഷ് കുമാറിനോ അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡി(യു)വിനോ സ്വാഭാവിക മുൻഗണന ലഭിക്കില്ലെന്ന് വ്യക്തമായിരിക്കെ തന്റെ കസേര ഉറപ്പിക്കാനുള്ള മാർഗം ബിജെപിയാണെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ കാലുമാറ്റത്തിലേക്ക് നയിച്ചത്. തങ്ങളെ രണ്ടുതവണ വഞ്ചിച്ച നിതീഷ് കുമാറിനെതിരെ സമീപ നാളുകൾവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും ബിജെപിയുടെ ബിഹാർ സംസ്ഥാന നേതൃത്വവും രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചുപോന്നത്. കാലുമാറ്റക്കാരനായ ‘കുർസി’ കുമാറിനെതിരെ ബിജെപിയുടെ വാതിൽ എക്കാലത്തേക്കും കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നുവെന്നാണ് സമീപകാലത്ത് പട്നയിലെ ഗാന്ധിമൈതാനിയിൽ നടന്ന റാലിയിൽ അമിത് ഷാ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ സഖ്യം ബിജെപിക്കും നരേന്ദ്ര മോഡി ഭരണത്തിനും എതിരെ ഉയർത്തിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ആ നിലപാടിൽ മാറ്റം വരുത്താനും പറഞ്ഞ വാക്കുകൾ അപ്പാടെ വിഴുങ്ങാനും ബിജെപി നേതൃത്വം നിർബന്ധിതമായി. തങ്ങളുടെ രണ്ട് ഉപമുഖ്യമന്ത്രിമാർ കൂടി ഉൾപ്പെട്ട മന്ത്രിസഭയെ പട്നയിൽ കുടിയിരുത്തി വരാൻപോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നും അവർ കണക്കുകൂട്ടുന്നു.


ഇതുകൂടി വായിക്കൂ: ഇച്ഛാശക്തി വീണ്ടെടുക്കാന്‍ ഇന്ത്യ സഖ്യം


നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചന കേവലം ബിഹാർ ജനതയോട് മാത്രമല്ല, മറിച്ച് വർഗീയ ഫാസിസത്തിന്റെയും മോഡി സ്വേച്ഛാധിപത്യത്തിന്റെയും പിടിയിൽനിന്നും രാഷ്ട്രത്തെ വിമോചിപ്പിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പ്രവർത്തന സജ്ജരാവുകയും ചെയ്ത മതനിരപേക്ഷ ജനാധിപത്യ ശക്തികളോടുള്ള വെല്ലുവിളി കൂടിയാണ്. രാജ്യത്തെ ഏറ്റവും പിന്നാക്കാവസ്ഥ നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ എങ്കിലും ഉയർന്ന പൗരബോധവും രാഷ്ട്രീയ പ്രഹരശേഷിയും പ്രകടിപ്പിക്കുന്ന പാരമ്പര്യമാണ് സംസ്ഥാനത്തിന്റേത്. ആ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിതീഷ് കുമാർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ അധാർമ്മികതയ്ക്കും വഞ്ചനയ്ക്കും ബിഹാർ ജനത കനത്ത തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസത്തോടുള്ള ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികളുടെ പ്രതികരണം നൽകുന്നത്. നിതീഷ് കുമാറിന്റെ വഞ്ചനാപരമായ നടപടി കൂടുതൽ നിശ്ചയദാർഢ്യത്തോടെയും ഐക്യത്തോടെയും മുന്നേറാൻ ഇന്ത്യ സഖ്യത്തെ പ്രചോദിപ്പിക്കുമെന്നുവേണം വിലയിരുത്താൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.